Quantcast

വീടിന് നേരെയുള്ള കയ്യേറ്റശ്രമം എതിർത്തതിന് വയോധികർക്ക് ക്രൂരമർദനം; കോടാലികൊണ്ട് കൈക്കും കാലിനും മുറിവേൽപ്പിച്ച് അക്രമികൾ

സാധാരണക്കാരുടെ വാസസ്ഥലങ്ങൾക്ക് നേരെയുള്ള കയ്യേറ്റശ്രമങ്ങൾ പ്രദേശത്ത് വ്യാപകമായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ പരാതിപ്പെട്ടു

MediaOne Logo
വീടിന് നേരെയുള്ള കയ്യേറ്റശ്രമം എതിർത്തതിന് വയോധികർക്ക് ക്രൂരമർദനം; കോടാലികൊണ്ട് കൈക്കും കാലിനും മുറിവേൽപ്പിച്ച് അക്രമികൾ
X

ഭോപാല്‍: സ്വന്തം താമസസ്ഥലത്തിന് നേരെയയുണ്ടായ അനധികൃത കയ്യേറ്റത്തിനെതിരെ പ്രതികരിച്ചതിന് വയോധികര്‍ക്ക് ക്രൂരമര്‍ദനം. മധ്യപ്രദേശിലെ ഛത്രാര്‍പൂരിലാണ് സംഭവം. വീട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും എതിര്‍ത്തപ്പോള്‍ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. വീട് തീയിട്ട് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രദേശവാസികളെ ഭീകരാന്തരീക്ഷത്തിലേക്ക് തള്ളിവിട്ട് ഒന്നിലധികം തവണ വെടിയുതിര്‍ത്തതായും സാക്ഷികള്‍ പറഞ്ഞു.

ഛത്രാര്‍പൂര്‍ സ്വദേശികളായ രചായ് ഭായ്, ചിനുയ അഹിര്‍വാര്‍ എന്നിവരുടെ വീടിന് നേരെയാണ് കയ്യേറ്റശ്രമം നടന്നത്. നീക്കം ചോദ്യം ചെയ്യുന്നതിനിടെ ഇരുവരുടെയും കൈക്കും കാലിനും നിരവധി തവണ അക്രമികള്‍ കോടാലികൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു.

'വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നഗരത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് സംഭവം. ഭാര്യയുമായി നടന്നുപോകുന്നതിനിടെ യോഗി രാജ, ബാബു രാജ, റാണ സാഹെബ്, രാജു, ദേവേന്ദ്ര എന്നിവരടങ്ങിയ സംഘം ഞങ്ങളെ വളയുകയായിരുന്നു. ആദ്യം വടിയും കുന്തവും ഉപയോഗിച്ച് അവര്‍ ഞങ്ങളെ മര്‍ദിക്കാന്‍ തുടങ്ങി. പിന്നീട് അവര്‍ കോടാലി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു'. പരിക്കേറ്റ ഗൃഹനാഥൻ രചായ് ഭായ് പ്രതികരിച്ചു.

അക്രമികള്‍ ഇവരുടെ വീട്ടിനകത്ത് വെടിയുതിര്‍ത്തതായും സമീപത്തുള്ളവരെ പരിഭ്രാന്തരാക്കിയതായും ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. വീടിന് തീയിട്ടെന്നും ഇവര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ തൊട്ടടുത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമേറ്റ ഗുരുതര പരിക്ക് മൂലം ഇവരെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പരിക്കേറ്റവരുടെ കുടുംബം പൊലീസിന് മൊഴി നല്‍കി. അനധികൃതമായി സാധാരണക്കാരുടെ വാസസ്ഥലം കയ്യേറാനുള്ള ശ്രമം ഇവിടെ വ്യാപകമാകുന്നുണ്ടെന്നും അതിന്‍റെ ഭാഗമായുള്ള ശ്രമമാണ് നടന്നതെന്നും എതിര്‍ത്തതിനാലാണ് അക്രമിച്ചതെന്നും ഇവര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

TAGS :

Next Story