Quantcast

'ഇവിഎം സുരക്ഷിതം, തെരഞ്ഞെടുപ്പ് സുതാര്യം'; സ്‌പെഷ്യൽ എഡിഷന് കീഴിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം

'ഇ.വി.എം സംശയമുനയിൽ' എന്ന സ്‌പെഷ്യൽ എഡിഷൻ വീഡിയോക്ക് കീഴിലാണ് വിശദീകരണം, ഇവിഎമ്മുമായി ബന്ധപ്പെട്ട് യൂട്യൂബിൽ അപ്ലോഡ് ചെയത് ഇതര വീഡിയോകളിലും സമാന വിശദീകരണമുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-02-04 09:25:01.0

Published:

4 Feb 2024 9:17 AM GMT

Election Commission clarification on YouTube videos related to EVMs
X

കോഴിക്കോട്: 'ഇ.വി.എം സംശയമുനയിൽ' എന്ന സ്‌പെഷ്യൽ എഡിഷൻ വീഡിയോക്ക് കീഴിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ശക്തമായ സാങ്കേതിക സുരക്ഷാ സംവിധാനങ്ങളുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലൂടെയും വിപുലമായ ഭരണനടപടികളിലൂടെയും സുരക്ഷാ സംവിധാനങ്ങളിലൂടെയും തെരഞ്ഞെടുപ്പ് സുതാര്യവും സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഇ.സി.ഐ ഉറപ്പാക്കുന്നുവെന്നാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്. ബിജെപിയുടെ രാജ്‌കോട്ട് ജില്ലാ പ്രസിഡൻറ് വോട്ടിംഗ് യന്ത്രം നിർമിക്കുന്ന ഭാരത് ഇലക്‌ട്രോണിക്‌സിന്റെ ഡയറക്ടറായ സാഹചര്യം ചർച്ച ചെയ്യുകയായിരുന്നു എസ്എ അജിംസ് അവതാരകനായ സ്‌പെഷ്യൽ എഡിഷൻ. ഈ ചർച്ചാ വീഡിയോക്ക് കീഴിലാണ് മറുപടി. ഇവിഎം നിർമാണകമ്പനിയുടെ ഡയറക്ടർമാരിൽ നാലു പേരെങ്കിലും ബിജെപി നേതാക്കളാണെന്ന് കേന്ദ്രസർക്കാറിന്റെ ഊർജ സെക്രട്ടറിയായിരുന്ന ഇഎഎസ് ശർമ ആരോപിച്ചിരുന്നു. വിവിധ ആരോപണങ്ങളുമായി ഇഎഎസ് ശർമ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

ഇവിഎമ്മുമായി ബന്ധപ്പെട്ട് യൂട്യൂബിൽ അപ്‌ലോഡ് ചെയത് ഇതര വീഡിയോകളിലും സമാന വിശദീകരണം കാണുന്നുണ്ട്. വിശദീകരണത്തിൽ ക്ലിക്ക് ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇസിഐ.ഗവ.ഇൻ എന്ന വെബ്‌സൈറ്റിലേക്കാണെത്തുക. അവിടെ എന്താണ് ഇവിഎം, പ്രവർത്തന രീതി, ഇവിഎം ഉപയോഗിച്ചു തുടങ്ങിയ കാലം, വിവിപാറ്റ് ഉപയോഗം, കോടതികളിൽ ഇവിഎമ്മിനെതിരെ കേസുണ്ടോ, ഇവിഎമ്മിൽ കൃത്രിമം കാണിക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് ആ വെബ്‌പേജിൽ പറയുന്നത്. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ രണ്ട് പൊതുമേഖല കമ്പനികളാണ് ഇവിഎം നിർമിക്കുന്നതെന്നും പറയുന്നു. ടെക്‌നിക്കൽ എക്‌സ്‌പേർട്ട് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നിർമാണമെന്നും വ്യക്തമാക്കുന്നു. ഇവിഎമ്മിനെതിരെ നിരവധി കേസുകൾ വന്നിട്ടുണ്ടെങ്കിലും സുപ്രിംകോടതി ഇവിഎമ്മിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതര മെഷീനുകളെ പോലെ ഇവിഎമ്മിനും തകരാറുണ്ടാകാമെന്നും അവ ഫാക്ടറികളിൽ അയച്ച് പരിഹരിക്കുമെന്നും എന്നാൽ കൃത്രിമം ഉണ്ടാകാറില്ലെന്നും അറിയിച്ചു.

വിവിധ പാർട്ടികളുടെ നേതാക്കൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്വത ചോദ്യചിഹ്നമായ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റ് സ്ളിപ്പുകൾ പൂർണമായും എണ്ണണമെന്ന് ഇൻഡ്യ മുന്നണി പ്രമേയം ഡിസംബറിൽ പാസ്സാക്കിയിരുന്നു. ന്യൂഡൽഹിയിൽ ചേർന്ന മുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. വോട്ട് ചെയ്ത ശേഷം കാണുന്ന വിവിപാറ്റ് സ്ളിപ്പ് നിലവിൽ അതേ പെട്ടിയിലേക്ക് വീഴുന്ന രീതിയാണുള്ളത്. ഇത് മാറ്റി വിവിപാറ്റ് സ്ളിപ്പ് വോട്ടറുടെ കൈവശം ലഭിക്കുകയും തുടർന്ന് അത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കാനും സാധിക്കണം. തുടർന്ന് എല്ലാ സ്ളിപ്പുകളും എണ്ണണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂർത്തിയായി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ സഞ്ജയ് കൗൾ. 5.75 ലക്ഷത്തോളം പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 25,177 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ അന്തിമ വോട്ടർപട്ടികയിൽ ഉള്ളത് 2,70,99,326 വോട്ടർമാർ. പുതുതായി ചേർത്തത് 5,74,175 പേരെ. ഇത്രയും അധികം പുതിയ വോട്ടർമാരെ ചേർത്തപ്പോൾ 3,75,867 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. മരണപ്പെട്ടവരുടെ വിവരങ്ങളടക്കം ശേഖരിച്ചാണ് ഇവരെ ഒഴിവാക്കിയതെന്ന് സഞ്ജയ് കൗൾ പറഞ്ഞു.

അന്തിമവോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് തെരഞ്ഞെടുപ്പിന് മുമ്പുവരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടെന്ന് കമ്മീഷൻ പറഞ്ഞു. ഏറ്റവും അധികം വോട്ടർമാരുള്ളത് മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. 88,223 പ്രവാസി വോട്ടർമാരുമുണ്ട്. കള്ളവോട്ട് രേഖപ്പെടുത്താതിരിക്കാൻ വേണ്ട എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായും സഞ്ജയ് കൗൾ പറഞ്ഞു.

Election Commission clarification on YouTube videos related to EVMs

TAGS :

Next Story