ജോലിയോടുള്ള കൂറിന് ലക്ഷങ്ങളുടെ സമ്മാനം!; സ്റ്റാർട്ടപ്പ് ഉടമകളുടെ സർപ്രൈസിൽ ഞെട്ടി ജീവനക്കാരൻ
കമ്പനി പ്രവർത്തനം ആരംഭിച്ചപ്പോൾ ആദ്യമായി ജോയിൻ ചെയ്ത ജീവനക്കാരനാണ് ലക്ഷങ്ങളുടെ സമ്മാനം സർപ്രൈസായി നൽകിയത്

- Published:
17 Jan 2026 12:19 PM IST

ന്യൂഡൽഹി: ഒരു സ്ഥാപനത്തിന്റെ വളർച്ചയിൽ ജീവനക്കാർ നൽകുന്ന പിന്തുണയ്ക്ക് ഇതിലും വലിയൊരു അംഗീകാരം സ്വപ്നങ്ങളിൽ മാത്രമായിരിക്കും. ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ 'ബ്ലൂറോങ്ങ്' തങ്ങളുടെ ആദ്യ ജീവനക്കാരനായ രാഹുലിന് നൽകിയത് ആരും കൊതിക്കുന്ന ഒരു സമ്മാനമാണ്.
2020-ൽ കമ്പനി പ്രവർത്തനം ആരംഭിച്ചപ്പോൾ ആദ്യമായി ജോയിൻ ചെയ്ത ജീവനക്കാരനാണ് രാഹുൽ. കമ്പനിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നട്ടെല്ലായി നിന്ന രാഹുലിന്റെ കഠിനാധ്വാനത്തിന് അർഹിച്ച പ്രതിഫലം തന്നെ നൽകണമെന്ന് സഹസ്ഥാപകരായ സിദ്ധാന്ത് സബർവാളും മോകം സിങും തീരുമാനിക്കുകയായിരുന്നു. ടീം അംഗങ്ങളുടെ ആഘോഷത്തിനിടെ തികച്ചും അപ്രതീക്ഷിതമായാണ് സമ്മാനം രാഹുലിന് സമ്മാനിച്ചത്. സമ്മാനം എന്താണെന്നല്ലേ മഹേന്ദ്ര ബിഇ 6 കാർ. കാറിന്റെ താക്കോൽ കൈയ്യിൽ കിട്ടിയിട്ടും വിശ്വസിക്കാൻ രാഹുൽ കുറച്ച് സമയമെടുത്തു എന്നും ദൃശ്യങ്ങളിൽ കാണാം.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ തരംഗമായിക്കഴിഞ്ഞു. 'ഇതുപോലെയുള്ള ഉടമസ്ഥരെയാണ് എല്ലാ ജീവനക്കാരും ആഗ്രഹിക്കുന്നത്' എന്ന കമന്റുമായിട്ട് ചിലരും രംഗത്തുവന്നു. കമ്പനിയിൽ ഒഴിവുണ്ടോ എന്ന് തമാശ രൂപേണ ചോദിക്കുന്നവരും കുറവല്ല.
Adjust Story Font
16
