Quantcast

'ലഡാകുകാർക്ക് എല്ലാമറിയാം'; വിവാദ ചൈനീസ് ഭൂപടത്തിൽ പ്രതികരിച്ച് രാഹുൽ

കഴിഞ്ഞ ദിവസമാണ് അക്‌സായി ചിന്നിനെയും അരുണാചലിനെയും ഉൾപ്പെടുത്തി ചൈന പുതിയ ഭൂപടം പുറത്തിറക്കിയത്.

MediaOne Logo

Web Desk

  • Published:

    30 Aug 2023 7:30 AM GMT

rahul gandhi
X

രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: അരുണാചൽ പ്രദേശിനെയും അക്‌സായി ചിന്നിനെയും ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ ഭൂപടത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ലഡാകുകാർക്ക് എല്ലാമറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. രാജ്യത്തിന്റെ ഭൂമിയിലേക്ക് ചൈന കടന്നുകയറിയതായും പ്രധാനമന്ത്രി ഇക്കാര്യത്തിൽ വാ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍.

'ലഡാകിൽ ഒരിഞ്ചു ഭൂമി നഷ്ടപ്പെട്ടിട്ടില്ല എന്നാണ് മോദി വർഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് നുണയാണ്. ചൈന അതിക്രമിച്ചു കടന്നിട്ടുണ്ടെന്ന് ലഡാകിന് മുഴുവൻ അറിയാം. ഈ ഭൂപടം ഗൗരവമായ വിഷയമാണ്. അവർ നമ്മുടെ ഭൂമി പിടിച്ചെടുത്തിരിക്കുന്നു. പ്രധാനമന്ത്രി ഇക്കാര്യത്തിൽ എന്തെങ്കിലും പറയണം' - രാഹുൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അക്‌സായി ചിന്നിനെയും അരുണാചലിനെയും ഉൾപ്പെടുത്തി ചൈന പുതിയ ഭൂപടം പുറത്തിറക്കിയത്. ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് അരുണാചൽ എന്നാണ് ചൈനയുടെ വാദം. 1962 യുദ്ധത്തിൽ ചൈന അധിനിവേശം നടത്തിയ പ്രദേശമാണ് അക്‌സായി ചിൻ. ദക്ഷിണ ചൈനാ കടൽ മുഴുവനായി പുതിയ ഭൂപടത്തിൽ ചൈനയുടേതായി കാണിച്ചിട്ടുണ്ട്.

ചൈനയുടെ അവകാശവാദങ്ങളെ ഇന്ത്യ തള്ളിയിരുന്നു. അസംബന്ധം എന്നാണ് ചൈനയുടെ നീക്കത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്. 'ഇത്തരം ഭൂപടങ്ങൾ പുറത്തിറക്കുന്നത് ചൈനയുടെ പതിവാണ്. അതുകൊണ്ടു മാത്രം ഒന്നും മാറില്ല. നമ്മുടെ ഭൂപ്രദേശങ്ങളെ കുറിച്ച് സർക്കാറിന് വ്യക്തമായ ധാരണയുണ്ട്' - അദ്ദേഹം പറഞ്ഞു. സെപ്തംബർ രണ്ടാം വാരത്തിൽ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുമ്പാണ് ചൈനയുടെ പ്രകോപനം.

നേരത്തെ, അരുണാചലിലെ 11 പ്രദേശങ്ങളുടെ പേരു മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങളോട് ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. പ്രദേശങ്ങൾ രാജ്യത്തിന്റെ അവിഭാജ്യഭാഗമാണ് എന്നാണ് ഇന്ത്യ ചൈനയെ അറിയിച്ചിരുന്നത്. 2020ൽ ലഡാകിലെ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായത്. 1975ന് ശേഷം ഇരുസേനകളും മുഖാമുഖം വന്ന ആദ്യത്തെ സംഭവമായിരുന്നു ഗാൽവാനിലേത്.




TAGS :

Next Story