Quantcast

പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; മഹുവ മൊയ്ത്രയെ അയോഗ്യയാക്കാൻ ശിപാർശ ചെയ്യുമെന്ന് സൂചന

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ അധാർമികമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മഹുവക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    9 Nov 2023 6:02 AM GMT

ethics committee likely to recommend Mahua Moitra’s expulsion
X

ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കാൻ എത്തിക്‌സ് കമ്മിറ്റി ശിപാർശ ചെയ്യുമെന്ന് സൂചന. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ അധാർമികമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശിപാർശ. ഇന്ന് വൈകീട്ടാണ് എത്തിക്‌സ് കമ്മിറ്റി യോഗം ചേരുന്നത്.

പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെ റിപ്പോർട്ട് ലോക്‌സഭാ സ്പീക്കർക്ക് കൈമാറും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ റിപ്പോർട്ടിൻമേൽ നടപടിയുണ്ടാകുമെന്നാണ് സൂചന. നവംബർ ഒന്നിനായിരുന്നു മഹുവ ലോക്‌സഭാ എത്തികിസ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്. വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന് ആരോപിച്ച് മഹുവ സിറ്റിങ്ങിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.

ബി.എസ്.പി അംഗം ഡാനിഷ് അലിക്കെതിരെയും കമ്മിറ്റി നടപടിക്ക് ശിപാർശ ചെയ്യുമെന്നാണ് അറിയുന്നത്. നവംബർ രണ്ടിന് നടത്തിയ സിറ്റിങ്ങിൽ കമ്മിറ്റി അധ്യക്ഷൻ വിനോദ് കുമാർ സോങ്കറിന്റെ ചോദ്യങ്ങളെ വളച്ചൊടുക്കാൻ ശ്രമിച്ചുവെന്നാണ് ഡാനിഷ് അലിക്കെതിരായ ആരോപണം.

തന്റെ പാർലമെന്ററി ഡിജിറ്റൽ അക്കൗണ്ട് സൗകര്യം പ്രയോജനപ്പെടുത്താനായി വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നും അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്‌തെന്നുമാണ് ആരോപണം. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് പരാതി നൽകിയത്.

TAGS :

Next Story