Quantcast

അധികാരികളെ ചോദ്യം ചെയ്യാൻ ഓരോ ഇന്ത്യയ്ക്കാരനും അവകാശം: സുപ്രിംകോടതി ജസ്റ്റിസ് രവീന്ദ്രഭട്ട്

"ജനാധിപത്യത്തിൽ ജനങ്ങളുടെ സൂക്ഷ്മപരിശോധന പരമപ്രധാനമാണ്"

MediaOne Logo

Web Desk

  • Updated:

    2021-08-22 13:31:53.0

Published:

22 Aug 2021 7:23 AM GMT

അധികാരികളെ ചോദ്യം ചെയ്യാൻ ഓരോ ഇന്ത്യയ്ക്കാരനും അവകാശം: സുപ്രിംകോടതി  ജസ്റ്റിസ് രവീന്ദ്രഭട്ട്
X

ന്യൂഡൽഹി: അധികാരികളുടെ നടപടികളെ നിരന്തരം ചോദ്യം ചെയ്യാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്ന് സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് രവീന്ദ്രഭട്ട്. വലിയ വില കൊടുത്താണ് നമ്മൾ സ്വാതന്ത്ര്യം നേടിയതെന്നും ജനാധിപത്യം ജനങ്ങളുടെ വിചാരണയ്ക്ക് വിധേയമാണെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ലൈവ് ലോ റിപ്പോർട്ട് ചെയ്തു. കണക്ടിങ് ഗവേൺഡ്, ഗവേണിങ് ആൻഡ് ഗവേണൻസ് എന്ന ഫോറത്തിന്റെ ഒന്നാം വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് രവീന്ദ്രഭട്ട്.

'ജനാധിപത്യം വഴിയുള്ള നിയമസംവിധാനം നിരന്തരപ്രക്രിയയാണ്. അതിൽ ജനങ്ങളുടെ സൂക്ഷ്മപരിശോധന പരമപ്രധാനമാണ്. കോടതികളും ആ വ്യവഹാരത്തിന്റെ ഭാഗമാണ്. നിയമവ്യവസ്ഥയും നിയമം മൂലമുള്ള വ്യവസ്ഥയും തമ്മിൽ വ്യത്യാസമുണ്ട്. ഒന്ന് ജനാധിപത്യമാണ്, ജനങ്ങളാണ് ഭരണാധികാരികൾ. രണ്ടാമത്തേത് രാജാധികാരമാണ്. ഏകാധിപതിയുടെ അധികാരമാണത്. എല്ലാം പരാജയപ്പെടുമ്പോൾ നിയമവ്യവസ്ഥയുടെ തുടർച്ച നിലനിർത്താനുള്ള അവസാനത്തെ കേന്ദ്രമാണ് കോടതികൾ' - അദ്ദേഹം പറഞ്ഞു.

'വലിയ വില കൊടുത്താണ് നാം സ്വാതന്ത്ര്യം നേടിയത്. അതുകൊണ്ടു തന്നെ ഓരോ ഇന്ത്യയ്ക്കാരനും അധികാരത്തിൽ ഇരിക്കുന്നവരെ ചോദ്യം ചെയ്യാനുള്ള അവകാശങ്ങൾ നിരന്തരം ഉപയോഗിക്കണം. കാരണം ജനാധിപത്യം ആർക്കും സൗജന്യഭക്ഷണം തരുന്നില്ല. അതിക്രമങ്ങളില്ലാതെ സ്വാതന്ത്ര്യത്തിന് കാവൽ നിൽക്കേണ്ടത് നമ്മുടെ ബാധ്യതയാണ്'- ജസ്റ്റിസ് ഭട്ട് വ്യക്തമാക്കി.

'ഇന്ന് ലോകം കോവിഡ് മഹാമാരിയുടെ പിടിയിലാണ്. ജീവിതവും ജീവിതോപാധിയും മഹാമാരി തകർത്തു കളഞ്ഞിട്ടുണ്ട്. നിരാശയും ദാരിദ്ര്യവും പ്രകടമാണ്. ഈ വേളയിൽ സ്വാതന്ത്ര്യം പരിപോപ്പിച്ചു നിർത്തേണ്ടത് ജനങ്ങൾക്ക് പ്രധാനമാണ്. നിയമപരമായ മാർഗങ്ങളിലൂടെ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കപ്പെടണം. ജനാധിപത്യ ഭരണസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടുന്ന രാജ്യം അപൂർണമാണ്. റേഷൻകാർഡും ജനനസർട്ടിഫിക്കറ്റും മൗലികാവകാശമായിരിക്കാം. ആഭ്യന്തരതലത്തിൽ അനീതി നേരിട്ടാൽ കോടതിയിൽ പോകണം. അതിൽ മറ്റു മാർഗങ്ങളില്ല. ജനാധിപത്യം ജനങ്ങളുടെ സൂക്ഷ്മവിശകലനത്തിന് വിധേയമാണ്.' - ജസ്റ്റിസ് ഭട്ട് ചൂണ്ടിക്കാട്ടി.

TAGS :

Next Story