Quantcast

'റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ല'; രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

അന്ധവിശ്വാസത്തിന്റെ പേരിൽ റോഡരികിലെ കല്ല് നീക്കാത്തതിനെയും കോടതി വിമര്‍ശിച്ചു

MediaOne Logo

Web Desk

  • Published:

    6 Feb 2024 6:35 AM GMT

idol,Madras High Court,superstitious beliefs,latest national news,മദ്രാസ് ഹൈക്കോടതി,അന്ധവിശ്വാസം,
X

ചെന്നൈ: റോഡരികില്‍ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം അന്ധവിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നത് പരിതാപകരമാണെന്നും കോടതി വിമർശിച്ചു. റോഡരികിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് വിഗ്രഹാരാധന നടത്തി വന്നിരുന്ന കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് കോടതിയുടെ വിമർശനം.

സ്വകാര്യ വസ്തുവിന് മുന്നിൽ അയൽക്കാരൻ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി ശക്തി മുരുഗനാണ് ഹരജി നൽകിയത്. ഇയാളുടെ പുരയിടത്തിന് പുറത്ത് അയൽവാസി ഒരു കല്ല് വെച്ച് ആരാധന നടത്തി തുടങ്ങി എന്നാണ് മുരുഗന്റെ പരാതി. കല്ലിനെ അയല്‍വാസി തുണി പുതപ്പിച്ച് പൂജിക്കാൻ തുടങ്ങിയെന്നും ഇതിൽ പിന്നെ സ്ഥലത്ത് പ്രവേശിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും ശക്തി മുരുഗന്റെ ഹരജിയിൽ പറയുന്നു. കല്ല് നീക്കാൻ പൊലീസ് സംരക്ഷണം വേണമെന്നും ഇദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹരജിയിൽ വാദം കേട്ട കോടതി ഒരാഴ്ചക്കകം കല്ല് നീക്കം ചെയ്യണമെന്നും പൊലീസിനും റവന്യൂവകുപ്പിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ റോഡ് അരികിലെ കല്ല് നീക്കാത്തതിനെതിരെയും കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. റോഡരികിലുള്ള കല്ല് വെറും കല്ലാണോ, അതോ വിഗ്രഹമാണോ എന്ന് നിശ്ചയിക്കാൻ സ്ഥലമുടമയ്ക്ക് കോടതി കയറേണ്ടി വന്നെന്ന് ഹരജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ് പറഞ്ഞു. ഇത്തരം കാര്യങ്ങളിലൊക്കെ തീർപ്പ് കൽപ്പിക്കാനുള്ളതാണോ കോടതിയെന്നും അദ്ദേഹം ചോദിച്ചു. റോഡരികിലുള്ള കല്ല് വിഗ്രഹമാണോ അല്ലയോ എന്ന് സ്ഥാപിക്കാൻ ഒരു സിവിൽ കോർട്ടിന് എങ്ങനെ സാധിക്കും? ഇത്തരം അന്ധവിശ്വാസങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ടല്ലോ എന്നത് ദൗർഭാഗ്യകരമാണ്. കാലത്തിനനുസരിച്ച് ആളുകൾ ചിന്തിക്കുന്നില്ല... ജഡ്ജി പറഞ്ഞു.

ശക്തിമുരുഗന്റെ ആവശ്യപ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ കല്ല് നീക്കണമെന്നും ഇതിന് വേണ്ട സംരക്ഷണം ഏർപ്പെടുത്തണമെന്നും കോടതി അസി.പൊലീസ് കമ്മിഷണറോട് ഉത്തരവിട്ടിട്ടുണ്ട്. കേസ് സമയം കളയുന്നതാണെന്നും കോടതി വിമർശിച്ചു. കല്ല് വിഗ്രഹമാണോ അല്ലയോ എന്ന് തെളിയിക്കാൻ പരാതിക്കാരനെ കോടതി കയറ്റിയത് കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയുമായി ശക്തി മുരുഗൻ നേരത്തേ പല്ലാവരം പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പ്രശ്നം സിവിൽ കേസിന്റെ സ്വഭാവമുള്ളതായതിനാൽ കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

TAGS :

Next Story