Quantcast

മാധ്യമപ്രവര്‍ത്തനം ഒരു കുറ്റമല്ല; ട്രെയിനിലെ വെടിവെപ്പിന്‍റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തതായി മക്തൂബ് മീഡിയ

ട്രെയിനില്‍ മൂന്ന് മുസ്‍ലിംങ്ങള്‍ക്ക് നേരെ അടുത്തിടെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മക്തൂബ് മീഡിയ ഷെയര്‍ ചെയ്ത വീഡിയോ ഐടി ആക്ട് പ്രകാരം നീക്കം ചെയ്തു

MediaOne Logo

Web Desk

  • Published:

    2 Aug 2023 7:40 AM GMT

jaipur train firing
X

പ്രതി ചേതന്‍ സിങ്

മുംബൈ: ജയ്പൂര്‍- മുംബൈ ട്രെയിനിലെ വെടിവെപ്പിന്‍റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തതായി മക്തൂബ് മീഡിയ. വെടിവെപ്പിനു ശേഷം “ഹിന്ദുസ്ഥാനിൽ ജീവിക്കണമെങ്കിൽ യോഗിക്കും മോദിക്കും വോട്ട് ചെയ്യണം” എന്ന് പ്രതി ചേതന്‍ സിങ് പറയുന്ന വീഡിയോയാണ് നീക്കം ചെയ്തത്.

'' ട്രെയിനില്‍ മൂന്ന് മുസ്‍ലിംങ്ങള്‍ക്ക് നേരെ അടുത്തിടെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മക്തൂബ് മീഡിയ ഷെയര്‍ ചെയ്ത വീഡിയോ ഐടി ആക്ട് പ്രകാരം നീക്കം ചെയ്തു. വിദ്വേഷത്തെ അടിസ്ഥാനമാക്കിയുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുകയും കൃത്യമായി രേഖപ്പെടുത്തുകയും വേണം.ഈ സംഭവത്തെ ആസൂത്രിതമായ ആക്രമണമെന്ന് വിളിച്ച ആദ്യത്തെ മാധ്യമങ്ങളിലൊന്ന് മക്തൂബ് മീഡിയയാണ്. മാധ്യമപ്രവര്‍ത്തനം ഒരു കുറ്റമല്ല'' മക്തൂബ് മീഡിയ സ്ഥാപക എഡിറ്റര്‍ അസ്‍ലഹ് കയ്യാലകത്ത് ട്വീറ്റ് ചെയ്തു.

ജൂലൈ 31ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെടിവെപ്പുണ്ടായത്. മഹാരാഷ്ട്രയിലെ പാൽഗഢ് റെയിൽവേ സ്റ്റേഷനു സമീപത്താണ് സംഭവം.അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടറായ ടിക്കാറാം മീണ(57)യെയാണ് ആദ്യം ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് ചേതൻ സിങ് വെടിവച്ചത്. പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗർ അബ്ബാസ് അലി, അബ്ദുൽ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നീ യാത്രക്കാർക്കു നേരെയും നിറയൊഴിച്ചു.ഹിന്ദുസ്ഥാനിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്യണമെന്ന് മൃതദേഹങ്ങൾക്ക് അരികിൽനിന്ന് ചേതൻ സിങ് വിളിച്ചുപറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

എഎസ്ഐക്ക് നേരെ വെടിയുതിർത്തത് അവധി നൽകാൻ വിസമ്മതിച്ചതിനെ തുടർണെന്നാണ് ദൃക്സാക്ഷിയായ മറ്റൊരു ആർപിഎഫ് ഉദ്യോഗസ്ഥന്‍റെ മൊഴി. ചേതൻ കുമാർ ചൗധരിയെ വിശദമായി ചോദ്യംചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ റെയിൽവേ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.

TAGS :

Next Story