Quantcast

സമീർ വാങ്കഡെക്കെതിരെ പുതിയ ആരോപണം; മകനെ കള്ളക്കേസിൽ കുടുക്കിയെന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ

മുംബൈ പൊലീസിലെ റിട്ട. അസിസ്റ്റൻറ് കമ്മീഷണർ ആനന്ദ് കെഞ്ചാലെയാണ് സമീർ വാങ്കഡെക്കെതിരെ സത്യവാങ്മൂലം നൽകിയത്

MediaOne Logo

Web Desk

  • Published:

    23 Nov 2021 11:56 AM GMT

സമീർ വാങ്കഡെക്കെതിരെ പുതിയ ആരോപണം;  മകനെ കള്ളക്കേസിൽ കുടുക്കിയെന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ
X

നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ വീണ്ടും ഗുരുതര ആരോപണം. മുംബൈ പൊലീസിലെ റിട്ട. അസിസ്റ്റന്‍റ് കമ്മീഷണര്‍ ആനന്ദ് കെഞ്ചാലെയാണ് സമീർ വാങ്കഡെക്കെതിരെ സത്യവാങ്മൂലം നൽകിയത്. തന്‍റെ മകന്‍ ശ്രേയസ് കെഞ്ചാലെയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ കോടതി എൻ.സി.ബിയോട് വിശദീകരണം തേടി.

2021 ജൂൺ 22ന് രാത്രിയാണ് ശ്രേയസ് കെഞ്ചാലെയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കഞ്ചാവ് കേസിൽ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് നടക്കുമ്പോള്‍ സമീർ വാങ്കഡെ സ്ഥലത്തുണ്ടായിരുന്നെന്നും ഇക്കാര്യം സാക്ഷി പ്രസ്താവനയിലും മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് ആനന്ദ് കെഞ്ചാലെ പറയുന്നത്. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ സമീർ വാങ്കഡെയുടെ സാന്നിധ്യം വ്യക്തമാകുമെന്നും ഇവർ പറയുന്നു.

300 ഗ്രാം കഞ്ചാവും 436 എൽ.എസ്.ഡി ബ്ലോട്ടും ശ്രേയസിൽ നിന്ന് പിടികൂടിയെന്നാണ് എൻ.സി.ബി കേസ്. പിടിച്ചെടുത്ത കഞ്ചാവ് സീൽ ചെയ്ത് പാക്ക് ചെയ്തെന്നാണ് സാക്ഷി പ്രസ്താവനയിലുള്ളത്. എന്നാൽ, അറസ്റ്റിനു ശേഷം 11.25ഓടെ എൻ.സി.ബി സംഘം തിരിച്ചുപോകുമ്പോഴുള്ള ദൃശ്യങ്ങളിൽ സീൽ ചെയ്യാത്ത ബാഗാണുള്ളതെന്ന സംശയവും ആനന്ദ് കെഞ്ചാലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

സാക്ഷിപ്രസ്താവനയുടെ കോപ്പി നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ട് തന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എൻ.സി.ബി ഓഫിസിൽ ആവശ്യപ്പെട്ടപ്പോഴും കിട്ടിയില്ല. പിന്നീട്, എൻ.സി.ബിക്ക് ഇ- മെയിൽ അയച്ചു. ഇതിനു പിന്നാലെ പരിചയമില്ലാത്ത നമ്പറില്‍ നിന്ന് മകന്‍ ഫോണ്‍ ചെയ്ത്, സാക്ഷിപ്രസ്താവന ആവശ്യപ്പെട്ട് മെയിൽ അയക്കരുതായിരുന്നെന്നും എൻ.സി.ബി വലിയൊരു കേസിൽ തന്നെ ഉൾപ്പെടുത്തുമെന്നും പറഞ്ഞതായി റിട്ട. എ.സി.പി വ്യക്തമാക്കുന്നു.

വ്യക്തിവിരോധം തീര്‍ക്കാന്‍ സമീര്‍ വാങ്കഡെ മനപ്പൂര്‍വ്വം കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണവുമായി സയിദ് റാണയെന്ന 20കാരന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയിലായിരുന്നു സയിദ് റാണയുടെ ആരോപണം.

അന്ധേരിയില്‍ സമീര്‍ വാങ്കഡെയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിനോട് ചേര്‍ന്നുള്ള ഫ്‌ളാറ്റിലാണ് റാണ താമസിച്ചിരുന്നത്. വാങ്കഡെ വാടകയ്ക്ക് നല്‍കിയിരുന്ന ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നവരും റാണയുടെ കുടുംബവും തമ്മില്‍ ചില വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വാങ്കഡെ റാണയ്‌ക്കെതിരെ കള്ളക്കേസ് ചമച്ചുണ്ടാക്കിയതെന്നാണ് റാണയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

റെയ്ഡ് നടക്കുമ്പോള്‍ സമീര്‍ വാങ്കഡെയും ഫ്‌ളാറ്റിലെത്തിയിരുന്നു. എന്നാല്‍ എന്‍.സി.ബി കുറ്റപത്രത്തില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇതില്‍ വ്യക്തത വരുത്തണമെന്നും റാണയുടെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

A retired Assistant Commissioner of Police (ACP) in Mumbai has claimed that his son was arrested by the NCB in a false drugs case earlier this year

TAGS :

Next Story