'കുടുംബ തർക്കങ്ങൾ അവസാനിച്ചു'; എൻസിപിയിൽ ലയന സൂചന നൽകി അജിത് പവാർ
2023 ലാണ് അജിത് പവാർ എൻസിപി പിളർത്തി എൻഡിഎയുടെ ഭാഗമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായത്

- Updated:
2026-01-09 12:34:16.0

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. പിളർപ്പ് കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷം ശരദ് പവാറിന്റെയും അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള എൻസിപി വിഭാഗങ്ങൾ ഒന്നിക്കുന്നു. വരാനിരിക്കുന്ന പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇരു എൻസിപി വിഭാഗങ്ങളും സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചു.
പവാർ കുടുംബത്തിലെ എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെട്ടതായും അണികളുടെ ആഗ്രഹപ്രകാരമാണ് ഇരുപക്ഷവും ഒന്നിച്ചുനിൽക്കാൻ തീരുമാനിച്ചതെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രവർത്തകരുടെ ശക്തമായ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് സുപ്രിയ സുലെയും സ്ഥിരീകരിച്ചു.
'രണ്ട് എൻസിപികളും ഇപ്പോൾ ഒന്നാണ്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു,' എന്നാണ് അജിത് പവാർ പറഞ്ഞത്. 2023 ലാണ് അജിത് പവാർ എൻസിപി പിളർത്തി എൻഡിഎയുടെ ഭാഗമാവുകയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാവുകയും ചെയ്തത്. പാർട്ടി സ്ഥാപകൻ ശരദ് പവാറിനെ ഞെട്ടിച്ച നീക്കത്തിൽ പാർട്ടിയുടെ പേരും ചിഹ്നവും പോവും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ഐക്യ നീക്കം തുടരുമോ എന്ന കാര്യത്തിൽ നേതാക്കളിൽ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
'തദ്ദേശ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിൽക്കുമെങ്കിലും ഈ സഖ്യം ഭാവിയിൽ തുടരുമോ എന്ന കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് സുപ്രിയ സുലെ പറഞ്ഞു. താൻ ബിജെപി സർക്കാരിൽ മന്ത്രിയാകുമെന്ന പ്രചാരണങ്ങളും സുപ്രിയ തള്ളിക്കളഞ്ഞു. അജിത് പവാറിന്റെ അഭിമുഖത്തിൽ മഹാരാഷ്ട്ര നവ നിർമ്മാൺ സേന തലവൻ രാജ് താക്കറെക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിട്ടുണ്ട്. രാജ് താക്കറെയുടെ പ്രസംഗങ്ങൾ 'മിമിക്രി ഷോ' പോലെയാണെന്നും അൽപ്പനേരത്തെ വിനോദത്തിനപ്പുറം രാഷ്ട്രീയമായി യാതൊരു നേട്ടവും ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നും അജിത് പവാർ അഭിമുഖത്തിൽ പറഞ്ഞു.
Adjust Story Font
16
