Quantcast

'വീടുകൾ പൊളിക്കുന്നത് ഫാഷനായി മാറി'; അനധികൃതമായി പൊളിച്ചതിന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും മധ്യപ്രദേശ് ഹൈക്കോടതി

വീട് പൊളിക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-02-10 14:38:18.0

Published:

10 Feb 2024 7:56 PM IST

വീടുകൾ പൊളിക്കുന്നത് ഫാഷനായി മാറി; അനധികൃതമായി പൊളിച്ചതിന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും മധ്യപ്രദേശ് ഹൈക്കോടതി
X

ഭോപാൽ: മതിയായ നടപടിക്രമങ്ങളില്ലാതെ വീട് പൊളിച്ചുമാറ്റുന്നത് ഫാഷനായി മാറിയിരിക്കുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അനധികൃതമായി വീട് പൊളിച്ചത് ചൂണ്ടിക്കാട്ടി ഉജ്ജെയിൻ സ്വദേശിനിയായ രാധാ ലാംഗ്രി സമർപ്പിച്ച ഹർജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പരാതിക്കാരന് ഉജ്ജയിൻ മുൻസിപ്പൽ കോർപറേഷന്‍, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. വീട് പൊളിക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. സിവിൽ കോടതി മുഖേന കൂടുതൽ നഷ്ടപരിഹാരം ഹർജിക്കാരന് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.

''സ്വാഭാവിക നീതി പോലും നിഷേധിച്ച് നടപടിക്രമങ്ങളൊന്നും പാലിക്കാതെ വീടുകൾ പൊളിക്കുന്നതും അക്കാര്യം പത്രത്തിൽ പ്രസിദ്ധീകരിക്കുന്നതും തദ്ദേശ സ്ഥാപനങ്ങൾ ഫാഷനായി മാറ്റിയിരിക്കുകയാണ് . ഈ കേസിൽ ഹർജിക്കാരുടെ കുടുംബത്തിലെ ഒരാൾക്കെതിരെയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, തുടർന്നാണ് വീട് പൊളിച്ചുമാറ്റിയിരിക്കുന്നത്- ജസ്റ്റിസ് വിവേക് റുസിയ നിരീക്ഷിച്ചു.

അവസാന ആശ്രയം എന്ന നിലയിലെ പൊളിക്കൽ നടപടി സ്വീകരിക്കാവൂവെന്നും അതും ഉടമയ്ക്ക് മാറിപ്പോകാനും മറ്റും സമയം നൽകിയാകണമെന്നും കോടതി വ്യക്തമാക്കി. അതേസമയം തന്നെ മതിയായ രേഖകളോടെയല്ലാതെ ആർക്കും വീടുകൾ നിർമിക്കാനാവില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു. മുന്‍സിപ്പല്‍ കോര്‍പറേഷനുകളുടെ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ചാകണം നിര്‍മാണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ചട്ടം ലംഘിച്ചാണ് കെട്ടിടം നിർമിച്ചതെന്നായിരുന്നു കോർപറേഷൻ അധികൃതരുടെ വാദം. നിർമാണാനുമതി മുൻകൂർ വാങ്ങിയിട്ടില്ലാത്തതിനാലാണ് വീടുകൾ പൊളിച്ചത്. കൂടാതെ, നോട്ടീസ് പതിച്ചെങ്കിലും രണ്ട് മാസമായിട്ടും മറുപടി ലഭിച്ചില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ കോടതി സ്വീകരിച്ചില്ല.

അടുത്തിടെ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ വിവിധ അവസരങ്ങളിൽ ഒന്നിലധികം വീടുകൾ അനധികൃതമായി നിർമ്മിച്ചതാണെന്ന് ആരോപിച്ച് പൊളിച്ചിരുന്നു. ഇത്തരം പൊളിക്കലുകളുമായി ബന്ധപ്പെട്ട് കേസുകൾ രാജ്യത്തുടനീളമുള്ള വിവിധ കോടതികളിൽ കെട്ടിക്കിടക്കുകയാണ്. ഈ പശ്ചാതലത്തിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിരീക്ഷണം.

Summary-Fashionable Now To Demolish Houses Without Due Process & Publish In Newspapers; Demolition Should Be Last Recourse : MP High Court

TAGS :

Next Story