Quantcast

യു.പിയിൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെട്ട പൊലീസുകാരനെ 600 കിലോമീറ്റർ അകലേക്ക് സ്ഥലം മാറ്റി

പൊലീസുകാർക്ക് നൽകുന്നത് പട്ടിപോലും കഴിക്കാത്തത്ര മോശമായ ഭക്ഷണമാണെന്ന് കരഞ്ഞുപറയുന്ന ഇയാളുടെ വീഡിയോ വൈറലായിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Sep 2022 12:49 PM GMT

യു.പിയിൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെട്ട പൊലീസുകാരനെ 600 കിലോമീറ്റർ അകലേക്ക് സ്ഥലം മാറ്റി
X

ലഖ്‌നോ: കഴിക്കാൻ നൽകിയ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട യു.പി പൊലീസ് കോൺസ്റ്റബിളിനെ 600 കിലോമീറ്റർ അകലേക്ക് സ്ഥലം മാറ്റി. സംസ്ഥാന ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺസ്റ്റബിൾ മനോജ് കുമാറിനെ സ്ഥലംമാറ്റിയത്. പൊലീസുകാർക്ക് നൽകുന്നത് പട്ടിപോലും കഴിക്കാത്തത്ര മോശമായ ഭക്ഷണമാണെന്ന് കരഞ്ഞുപറയുന്ന ഇയാളുടെ വീഡിയോ വൈറലായിരുന്നു. ഫിറോസാബാദിൽനിന്ന് 600 കിലോമീറ്റർ അകലെയുള്ള ഗാസിപൂർ ജില്ലയിലേക്കാണ് സ്ഥലം മാറ്റിയത്.

''ഇത് നായകൾ പോലും കഴിക്കില്ല. 12 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ് കഴിക്കാൻ കിട്ടുന്നത് ഇതാണ്. രാവിലെ മുതൽ വിശന്നാണ് ജോലി ചെയ്യുന്നത്. ഞങ്ങളെ കേൾക്കാൻ ആരുമില്ല''- വൈറൽ വീഡിയോയിൽ മനോജ് കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. വിഷയത്തിൽ ഡിജിപിയോട് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കുമാർ ആരോപിച്ചു.

വയോധികരായ മാതാപിതാക്കളും സഹോദരിമാരുമടക്കം ആറ് അംഗങ്ങളുള്ള കുടുംബത്തിന്റെ ഏക അത്താണിയാണ് അലിഗഡ് സ്വദേശിയായ മനോജ് കുമാർ. പുതിയ സ്ഥലം മാറ്റം കുടുംബത്തെ പരിപാലിക്കുന്നത് ഏറെ ബുദ്ധിമുട്ടിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മനോജ് കുമാർ പലകാരണങ്ങളാൽ അച്ചടക്ക നടപടികൾ നേരിട്ട ആളാണെന്നാണ് ഫിറോസാബാദ് പൊലീസ് പറയുന്നത്. ഡിജിപി പുറത്തിറക്കിയ ട്രാൻസ്ഫർ ഉത്തരവിൽ എന്താണ് കാരണമെന്ന് വെളിപ്പെടുത്തുന്നില്ല. നേരത്തെ മനോജ് കുമാറിനോട് ദീർഘകാല അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story