Quantcast

ആദ്യ വിമാന യാത്രക്കിടെ ബീഡി വലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍

താൻ സ്ഥിരമായി ട്രെയിനിലാണ് യാത്ര ചെയ്യാറുള്ളതെന്നും വിമാനത്തിലെ നിയമം അറിയില്ലായിരുന്നുവെന്നും യാത്രക്കാരന്‍

MediaOne Logo

Web Desk

  • Published:

    17 May 2023 11:17 AM GMT

First time flyer arrested for smoking beedi on Bengaluru bound Akasa Air flight
X

ബെംഗളൂരു: ആദ്യ വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയർ വിമാനത്തിലാണ് സംഭവം. 56കാരനായ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.

രാജസ്ഥാനിലെ മർവാർ സ്വദേശിയാണ് പ്രവീൺ കുമാര്‍. അഹമ്മദാബാദില്‍ നിന്നാണ് വിമാനത്തില്‍ കയറിയത്. പ്രവീണ്‍ കുമാര്‍ വിമാനത്തിലെ ടോയ്‌ലറ്റിൽ പുകവലിച്ചെന്ന് വിമാന ജീവനക്കാര്‍‌ കണ്ടെത്തി. എയർലൈൻസിന്റെ ഡ്യൂട്ടി മാനേജർ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിമാനം ബെംഗളൂരുവിലെത്തിയപ്പോള്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.

പ്രവീണ്‍ കുമാറിനെ ബംഗളൂരു സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാന യാത്രയാണെന്നും വിമാനത്തില്‍ ബീഡി വലിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു.

"ഞാൻ സ്ഥിരമായി ട്രെയിനിലാണ് യാത്ര ചെയ്യാറുള്ളത്. ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ പുകവലിക്കാറുണ്ട്. വിമാനത്തിലും അത് ചെയ്യാമെന്ന് കരുതി. അതുകൊണ്ടാണ് ബീഡി വലിച്ചത്"- യാത്രക്കാരന്‍ പൊലീസിനോട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

വിമാനത്തിൽ സിഗരറ്റ് കത്തിച്ചതിന് ഈ വർഷം ആദ്യം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സഹയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Summary- A 56 year old man, who was aborad Bengaluru bound Akasa Air flight, was arrested at Kempegowda International Airport for smoking beedi midair



TAGS :

Next Story