Quantcast

അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകും; കേന്ദ്രത്തിന്‍റെ പുനരാലോചന ഒമിക്രോണ്‍ ആശങ്കയെ തുടര്‍ന്ന്

ഈ മാസം 15ന് സര്‍വീസുകള്‍ സാധാരണ നിലയിലെത്തിക്കാനായിരുന്നു തീരുമാനം.

MediaOne Logo

Web Desk

  • Published:

    1 Dec 2021 10:04 AM GMT

അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകും;   കേന്ദ്രത്തിന്‍റെ പുനരാലോചന ഒമിക്രോണ്‍ ആശങ്കയെ തുടര്‍ന്ന്
X

ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകും. ഈ മാസം 15ന് സര്‍വീസുകള്‍ സാധാരണ നിലയിലെത്തിക്കാനായിരുന്നു തീരുമാനം. ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുനരാലോചന.

എയര്‍ ബബിള്‍ കരാര്‍ പ്രകാരം നിലവിലെ സര്‍വീസുകള്‍ തുടരും. എന്നാല്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിക്കാനുള്ള തീരുമാനം നീട്ടിവെയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. അതിനിടെ ലണ്ടനിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് കൊറോണ വൈറസിന്‍റെ ഏതു വകഭേദമാണെന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

അതിവേ​ഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരം​ഗത്തിന് കാരണമാകുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം കർശനമായി പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള നാല് വിമാനങ്ങളിലായി 1013 പേർ ഡൽഹി വിമാന താവളത്തിലെത്തി. ഇവരുടെ പരിശോധനകൾ പൂർത്തിയാക്കി നിരീക്ഷണം ആരംഭിച്ചു.

ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസം നിരീക്ഷണം ഏർപ്പെടുത്തുകയും ഏഴാം ദിവസം പരിശോധന നടത്തുകയും ചെയ്യും. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വ്യാജ റിപ്പോര്‍ട്ട് സമർപ്പിച്ചാൽ കർശന നടപടി സ്വീകരിക്കും.

കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധം. പോസിറ്റീവായാല്‍ ജിനോം സ്വീകന്‍സിങ്ങും ഐസൊലേഷനും വേണം. അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്നവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചു.

TAGS :

Next Story