Quantcast

പിരിച്ചുവിട്ടതിനെ തുടർന്ന് സുപ്രീംകോടതിക്ക് മുമ്പിൽനിന്ന് രൂക്ഷപ്രതികരണവുമായി ഡോ. കഫീൽ ഖാൻ

''68 ലക്ഷം ഓക്സിജൻ വിതരണക്കാർക്ക് നൽകാതിരുന്ന യു.പി സർക്കാറാണ് 63 കുട്ടികളുടെ കൂട്ട മരണത്തിന് ഉത്തരവാദി''

MediaOne Logo

Web Desk

  • Updated:

    2021-11-11 10:44:57.0

Published:

11 Nov 2021 10:22 AM GMT

പിരിച്ചുവിട്ടതിനെ തുടർന്ന് സുപ്രീംകോടതിക്ക് മുമ്പിൽനിന്ന് രൂക്ഷപ്രതികരണവുമായി ഡോ. കഫീൽ ഖാൻ
X

ഉത്തർപ്രദേശിലെ ഖൊരക്പൂർ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ചതിന് ഉത്തരവാദികൾ സർക്കാറാണെന്ന് ഡോ. കഫീൽ ഖാൻ. സംഭവത്തെ തുടർന്ന് യു.പി സർക്കാർ കഫീൽ ഖാനെ സർവീസിൽനിന്ന് പിരിച്ചുവിട്ട ശേഷം സുപ്രീംകോടതിയുടെ മുമ്പിൽ നിന്ന് ഷൂട്ട് ചെയ്ത വീഡിയോയിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

വിതരണക്കാർക്ക് സർക്കാർ പണം നൽകാതിരുന്നതാണ് ഓക്സിജൻ ലഭ്യമാകാതിരിക്കാൻ കാരണം. 68 ലക്ഷം രൂപയാണ് അവർക്ക് നൽകാനുണ്ടായിരുന്നത്. എട്ടു ഡോക്ടർമാരെയും ജീവനക്കാരെയും സർക്കാർ സസ്പെൻഡ് ചെയ്തു. അതിൽ ഏഴു പേരെ തിരിച്ചെടുത്തു. മെഡിക്കൽ അശ്രദ്ധയും അഴിമതിയും ആരോപിച്ച് എനിക്കെതിരെ നിരവധി അന്വേഷണങ്ങൾ നടത്തിയ സർക്കാർ കോടതി ക്ലീൻ ചിറ്റ് നൽകിയിട്ടും എന്നെ പുറത്താക്കി - കഫീൽ ഖാൻ പറഞ്ഞു. ഓക്‌സജിനില്ലാതെ മരിച്ച 63 കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ നീതിക്ക് വേണ്ടി അലയുകയാണെന്നും കഫീൽ ഖാൻ പറഞ്ഞു. സർക്കാർ നടപടി നീതിയാണോ അനീതിയാണോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ സുപ്രീംകോടതി കെട്ടിടത്തെ ചൂണ്ടിക്കാട്ടി ഈ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നാലുമാസത്തിനുള്ളിൽ സത്യം തെളിയുമെന്നും കഫീൽ ഖാൻ പറഞ്ഞു.


ഡോ. കഫീൽ ഖാനെ യുപി സർക്കാർ പിരിച്ചുവിട്ടത് ദുരുദ്ദേശ്യപരമാണെന്നും വിദ്വേഷം അജണ്ടയായി സ്വീകരിച്ച സർക്കാർ ഇതെല്ലാം ചെയ്യുന്നത് അവരെ ഉപദ്രവിക്കാൻ വേണ്ടി മാത്രമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചിരുന്നു. ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഓക്സിജനില്ലാത്തതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഡോ. കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടതിനെ തുടർന്നാണ് പ്രിയങ്ക ട്വിറ്ററിൽ പ്രതികരിച്ചത്. തങ്ങൾ ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് സർക്കാർ ഓർക്കണമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കോൺഗ്രസ് പാർട്ടി ഡോ. കഫീലിനൊപ്പമാണെന്നും ഉത്തർപ്രദേശിൽ പാർട്ടി ചുമതല വഹിക്കുന്ന പ്രിയങ്ക പ്രതിഷേധ പോസ്റ്റർ സഹിതമുള്ള ട്വിറ്റീൽ പറഞ്ഞു.

ബി.ആർ.ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഡോ. കഫീൽ ഖാനെ സർവീസിൽ നിന്ന് യുപി സർക്കാർ പിരിച്ചു വിട്ടത്. 2017 മുതൽ സസ്പെൻഷനിലാണ് കഫീൽ ഖാൻ സസ്പെൻഷനെതിരായ നിയമ പോരാട്ടം കോടതിയിൽ തുടരവേയാണ് സർക്കാർ നടപടി. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും തന്നെ പിന്തുണച്ച കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് നന്ദി പറയുന്നുവെന്നും കഫീൽ ഖാൻ അറിയിച്ചു.

2017 ആഗസ്തിലാണ് ഓക്സിജൻ ലഭിക്കാതെ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 60 കുട്ടികൾ മരിച്ചത്. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു. ചീഫ് സെക്രട്ടറി രാജീവ് കുമാറിന്റെ അധ്യക്ഷതയിലുള്ള 5 അംഗസമിതി റിപ്പോർട്ട് സമർപ്പിച്ചക്കുകയും ചെയ്തു. ഗുരുതര വീഴ്ച്ച വരുത്തിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രീജീവ് മിശ്ര, അനസ്തീഷ്യ വിഭാഗം തലവൻ ഡോക്ടർ സതീഷ്. ശിശുരോഗ വിഭാഗം തലവൻ ഡോക്ടർ കഫീൽ ഖാൻ, ഓക്സിജൻ വിതരണക്കാരായ പുഷ്പ സെയിൽസ് എന്നിവരടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് സമിതി ശിപാർശ ചെയ്തു. മെഡിക്കൽ കൗൺസിൽ ചട്ടങ്ങൾ ലംഘിച്ച ഡോക്ടർ കഫീൽ ഖാനെതിരെ വേറെയും കേസെടുക്കണമെന്നും നിർദേശിച്ചു. ഹോമിയോപ്പതി മെഡിക്കൽ ഓഫീസറും രാജീവ് മിശ്രയുടെ ഭാര്യയുമായ പൂർണിമ ശുക്ലയ്ക്കെതിരേയും ക്രിമിനൽ കേസെടുക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയും ചെയ്തു. റിപ്പോർട്ട് രഹസ്യമാക്കിവെച്ച സർക്കാർ മരണകാരണം സംബന്ധിച്ച കണ്ടെത്തൽ പുറത്തുവിട്ടിട്ടില്ല. ഈ കേസിന്റെ തുടർച്ചയായാണ് കഫീൽ ഖാനെ പിരിച്ചുവിട്ടിരിക്കുന്നത്.

സംഭവത്തെ തുടർന്ന് അറസ്റ്റിലായ ശേഷവും ഡോ കഫീൽ ഖാൻ കേസിൽപ്പെട്ടിരുന്നു. 70 കുഞ്ഞുങ്ങൾ 'ദുരൂഹ പനി' ബാധിച്ച് മരണപ്പെട്ട ബഹ്‌റായിച്ച് ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിന് ഉത്തർപ്രദേശ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 45 ദിവസത്തിനുള്ളിൽ 70 കുഞ്ഞുങ്ങൾ മരണപ്പെട്ടത് മൂലം ബഹ്‌റായിച്ച് ആശുപത്രി വാർത്തകളിൽ ഇടം നേടിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളുടെ മാതാ പിതാക്കളോട് സംസാരിച്ച ശേഷം 'ദുരൂഹ പനി' മൂലമാണ് കുട്ടികൾ മരണപ്പെട്ടതെന്ന ഡോക്ടർമാരുടെ വാദം കഫീൽ ഖാനും അദ്ദേഹത്തിന്റെ കൂടെ വന്നവരും തള്ളിക്കളഞ്ഞിരുന്നു. മസ്തിഷ്‌കവീക്കത്തിന്റേതിന് തുല്യമായ രോഗ ലക്ഷണങ്ങളാണ് കുഞ്ഞുങ്ങളിൽ കണ്ടതെന്നും ഡോക്ടർ കഫീൽ ഖാൻ പറഞ്ഞു. എന്നാൽ, സംഭവത്തെ കുറിച്ച് അറിഞ്ഞ പൊലീസ് ഉടനെ സ്ഥലത്തെത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സിംബൗളി ഷുഗർ മിൽ ഗസ്റ്റ് ഹൌസിലേക്ക് മാറ്റുകയും ചെയ്തു.

ഉത്തർപ്രദേശ് സർക്കാറിന് തന്നെ ഭയപ്പെടുത്തി ഇല്ലാതാക്കാനാവില്ലെന്ന് ഡോ. കഫീൽഖാൻ മുമ്പ് മീഡിയവണിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും കഫീൽഖാന് പറഞ്ഞു. രാഷ്ട്രീയ പ്രവേശന സാധ്യത തള്ളുന്നില്ലെന്നും കഫീൽ ഖാൻ വ്യക്തമാക്കി. ദേശ സുരക്ഷാ നിയമം ചുമത്തി യു.പി സർക്കാർ കഫീൽഖാനെ അറസ്റ്റ് ചെയ്തിരുന്നു. എൻ.എസ്.എ ചുമത്തിയതിനെ തുടർന്ന് മാസങ്ങളോളം തടവിൽ കഴിഞ്ഞ കഫീൽ ഖാൻ ജയിൽ മോചിതനാവുകയായിരുന്നു.

TAGS :

Next Story