Quantcast

ജാവേദ് മുഹമ്മദ് അടക്കമുള്ളവരുടെ വീട് തകർത്ത സംഭവം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ശബ്ദമുയർത്താൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    17 Jun 2022 7:01 AM GMT

ജാവേദ് മുഹമ്മദ് അടക്കമുള്ളവരുടെ വീട് തകർത്ത സംഭവം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
X

ഡൽഹി: വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദ് അടക്കമുള്ളവരുടെ വീട് തകർത്ത സംഭവത്തില്‍ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ശബ്ദമുയർത്താൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആവശ്യപ്പെട്ടു.

ബി.ജെ.പി ഭരണകൂടത്തിനു കീഴിൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ക്രമസമാധാന തകർച്ചയും മുസ്‌ലിം സമുദായം നേരിടുന്ന അഭൂതപൂർവ്വമായ ആക്രമണവും തിരിച്ചറിയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ന്യൂനപക്ഷത്തിന്‍റെയും ഭരണകക്ഷിക്ക് അനഭിലഷണീയം എന്ന് തോന്നുന്ന വ്യക്തികളുടെയും സമുദായങ്ങളുടെയും അവകാശ സംരക്ഷണത്തിൽ രാജ്യത്തെ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ 200 മില്യനോളം വരുന്ന മുസ്‌ലിം പൗരന്മാരെ വംശഹത്യക്കും കൂട്ടക്കൊലക്കും ഉന്മൂലനത്തിനും വിധേയമാക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്ന ഒരു ഡസനിലധികം ധർമ സൻസദുകൾ ആണ് തീവ്ര ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഈ വർഷം മാത്രമായി നടന്നത്. ഇത്തരം വംശഹത്യാഹ്വാനങ്ങളിൽ സംസാരിച്ചവർ ഭരണകൂടത്തിൽ നിന്നും അസാമാന്യമായ നിയമ സുരക്ഷ അനുഭവിക്കുമ്പോൾ പണ്ഡിതരും സാമൂഹിക പ്രവർത്തകരും മനുഷ്യാവകാശ സംരക്ഷകരുമായ നൂറുകണക്കിന് ആളുകളാണ് ഭരണകൂട നയ നിലപാടുകളെ ചോദ്യംചെയ്തതിന്‍റെ പേരിൽ മാത്രം ജയിലറകളിൽ കഴിയുന്നതെന്ന് ഫ്രറ്റേണിറ്റി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ദൃശ്യ വാർത്താ മാധ്യമങ്ങളിലെ ചർച്ചാ മുറികളാണ് മുസ്‌ലിം സമുദായത്തിനു നേരെയുള്ള വിദ്വേഷ പ്രചരണങ്ങൾക്ക് മിക്കപ്പോഴും വേദിയാവുന്നത്. അത്തരമൊരു ടിവി ചർച്ചയിലാണ് ബി.ജെ.പിയുടെ ദേശീയ വക്താവായിരുന്ന നുപൂർ ശർമ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയത്. ശേഷം നുപൂർ ശർമക്കെതിരെയും ശർമയുടെ പരാമർശങ്ങൾ തന്റെ സാമൂഹ്യ മാധ്യമങ്ങൾ വഴി ആവർത്തിച്ച ബിജെപിയുടെ തന്നെ മറ്റൊരു വക്താവ് നവീന്‍ ജിന്‍ഡാലിനെതിരെയും ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം ആക്ടിവിസ്റ്റുകളും സമുദായ നേതാക്കളും വിവിധ സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു. ഇത്തരം പരാമർശങ്ങൾ ഇന്ത്യയിൽ ഒരു സ്വാഭാവികതയായി മാറുകയും അവ ഇന്ത്യയുടെ തന്നെ വിദേശ നയങ്ങളെ സാരമായി ബാധിക്കുകയും ചെയ്തെന്നും ഫ്രറ്റേണിറ്റി ചൂണ്ടിക്കാട്ടി.

രണ്ട് ബിജെപി നേതാക്കളുടെയും അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടികൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകൾ നേതൃത്വം നൽകി. പക്ഷേ സമാധാന പൂർണമായ ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടിയാണ് പൊലീസ് കൈക്കൊണ്ടത്. കുറ്റവാളികളായ നുപൂർ ശർമയും നവീന്‍ ജിന്‍ഡാലും ഭരണകൂടത്തിന്റെ സുരക്ഷാവലയത്തിൽ കഴിയുമ്പോൾ ആയിരക്കണക്കിന് മുസ്‌ലിം യുവാക്കളാണ് ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട് അറസ്റ്റിലായിരിക്കുന്നതെന്നും ഫ്രറ്റേണിറ്റി ചൂണ്ടിക്കാട്ടി.

യു.പിയിലെ പ്രയാഗ് രാജിൽ നടന്ന അത്തരമൊരു പോലീസ് വേട്ടയിലാണ് വെൽഫെയർ പാർട്ടിയുടെ ഫെഡറൽ വർക്കിങ് കമ്മിറ്റി അംഗം ജാവേദ് മുഹമ്മദ് മറ്റനേകം പേരോടൊപ്പം അറസ്റ്റിലായത്. ജാവേദിന്റെ മകളും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ അഫ്രീൻ ഫാത്തിമ, ദേശീയ വനിതാ കമ്മീഷന് നൽകിയ കത്തിൽ പിതാവിനെ അന്യായമായാണ് പ1ലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജാവേദിന്റെ അറസ്റ്റിന് മണിക്കൂറുകൾക്ക് ശേഷം അർദ്ധരാത്രിയിൽ അഫ്രീൻ ഫാത്തിമയുടെ മാതാവും ഇളയ സഹോദരിയും പൊലീസ് തടങ്കലിലായി. ബാക്കിയുണ്ടായിരുന്ന ബന്ധുക്കളോട് പൊലീസ് വീടൊഴിയാൻ നിർബന്ധിക്കുകയും വീട് പൊളിച്ചു നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ വീട് നിയമവിരുദ്ധമായി പൊളിച്ചു മാറ്റപ്പെട്ടു. പിതാവ് ജാവേദിനെ സംഘർഷങ്ങളുടെ മുഖ്യസൂത്രധാരകനായി മുദ്രകുത്തുകയും ജയിലിലടക്കുകയും ചെയ്തു. പ്രയാസകരമായ ഈ ഘട്ടത്തിൽ അഫ്രീൻ ഫാത്തിമയോടും കുടുംബത്തോടുമൊപ്പം നിരുപാധികം ഐക്യപ്പെടുന്നു. മുസ്‌ലിം സമുദായ നേതാക്കളെ നിശബ്ദരാക്കികൊണ്ട് സമുദായത്തെ ഭയപ്പെടുത്താനുള്ള പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് ജാവേദ് മുഹമ്മദിന്റെ അറസ്റ്റിനെ കാണുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് വ്യക്തമാക്കി.

ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്‍റ് ഷംസീർ ഇബ്രാഹിം, ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമ, നേതാക്കളായ മുഹമ്മദ് ആസിം ഖാൻ, അബുൽ അഅലാ സുബ്ഹാനി, എസ്ഐഒ ദേശീയ സെക്രട്ടറി ഫവാസ് ഷഹീൻ, സ്റ്റുഡൻ്റ് ആക്ടിവിസ്റ്റുകളായ ലദീദ ഫർസാന, കൗൽ പ്രീത് കൗർ, റാനിയ സുലൈഖ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story