ആംബുലൻസിൽ നിന്ന് ശ്മശാനത്തിലേക്കുള്ള ചെലവ്; ബംഗളൂരുവിൽ മകളുടെ മരണത്തിൽ ആശുപത്രി അധികൃതർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പിതാവ്
പോസ്റ്റ് വൈറലായതോടെ ബംഗളൂരുവിൽ ഉദ്യോഗസ്ഥരുടെ വഴിവിട്ട അഴിമതികളെ കുറിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്

Photo: Special arrangement
ബംഗളൂരു: ബംഗളൂരുവിൽ മകളുടെ മരണത്തിന് ശേഷം ആശുപത്രിയിലെ ഉദ്യോഗസ്ഥരടക്കം നിരവധി പേർ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി പിതാവ്. ഭാരത് പെട്രോളിയം കോർപ്പറേഷൻ കമ്പനിയിലെ മുൻ ഉദ്യോഗസ്ഥനായ ശിവകുമാറാണ് തന്റെ ഏക മകൾ മരണപ്പെട്ടതിന് തൊട്ടുടനെ കൈക്കൂലി നൽകാൻ നിർബന്ധിതനായത്. ലിങ്ക്ഡ് ഇൻ അക്കൗണ്ടിൽ കാര്യങ്ങൾ വിശദമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായതോടെ അഴിമതിക്കും പൊലീസ് സംവിധാനങ്ങൾക്കുമെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്.
'കഴിഞ്ഞ ദിവസമാണ് 34കാരിയായ ഏകമകൾ വിടപറഞ്ഞത്. സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് ജീവനക്കാരനടക്കം നിരവധി പേർ കൈക്കൂലി ആവശ്യപ്പെട്ടു. ശ്മാനത്തിൽ അടക്കം ചെയ്യുന്നതിനും മരണസർഫിക്കറ്റ് തരുന്നതിനുമടക്കം അവർ കൈക്കൂലി ആവശ്യപ്പെട്ടു.' ശിവകുമാർ പോസ്റ്റിൽ കുറിച്ചു.
പരാതി പറയാനായി സ്റ്റേഷനിൽ ചെന്നപ്പോൾ പൊലീസ് കടുത്ത ഭാഷയിലാണ് തന്നോട് സംസാരിച്ചതെന്നും തനിക്ക് പണം അടക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
'കുട്ടിയെ നഷ്ടപ്പെട്ട ഒരു പിതാവിനോട് ഒട്ടും കരുണയില്ലാതെയാണ് അവർ പെരുമാറിയത്. വല്ലാത്ത വിഷമമുണ്ടാക്കി. എന്റെ കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ കൊടുത്തു. കയ്യിൽ പണമില്ലാത്ത ഒരാളാണെങ്കിൽ എന്ത് ചെയ്യുമായിരുന്നു?' ശിവകുമാർ കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറലായതോടെ, സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
'ശിവകുമാറിന്റെ പോസ്റ്റിൽ സൂചിപ്പിച്ച ബെല്ലാന്ദൂരിലെ കോൺസ്റ്റബിളിനെ അടിയന്തരമായി സസ്പെൻഡ് ചെയ്തു. ഒരു സാഹചര്യത്തിലും ഇത്തരത്തിൽ പെരുമാറുന്നവരോട് ഡിപ്പാർട്ട്മെന്റ് സഹിഷ്ണുത കാണിക്കുകയില്ല.' ഡെപ്യൂട്ടി കമ്മീഷ്ണർ എക്സിലൂടെ അറിയിച്ചു.
പോസ്റ്റ് വൈറലായതോടെ ബംഗളൂരുവിൽ ഉദ്യോഗസ്ഥരുടെ വഴിവിട്ട അഴിമതികളെ കുറിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.
Adjust Story Font
16

