Quantcast

ചീറ്റ ഹെലികോപ്റ്റർ അപകടം മുതൽ കസ്റ്റഡി ടീസർ വരെ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

പാർലമെൻറ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്

MediaOne Logo

Web Desk

  • Published:

    16 March 2023 2:50 PM GMT

From Cheetah Helicopter Crash to Custody Teaser; Todays Twitter Trends…
X

Cheetah Helicopter Crash to Custody Teaser; Today's Twitter Trends…

ന്യൂഡൽഹി: അരുണാചൽ പ്രദേശിലുണ്ടായ ചീറ്റ ഹെലികോപ്റ്റർ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവം മുതൽ നാഗ ചൈതന്യ അക്കിനേനിയുടെ പുതിയ ചിത്രം 'കസ്റ്റഡി'യുടെ ടീസർ പുറത്തുവരെയുള്ള കാര്യങ്ങളാണ് ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ. അവ ഏതൊക്കെയെന്ന് നോക്കാം...

മണ്ഡാല ഹില്ലിൽ തകർന്നു വീണ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചതായി കരസേന സ്ഥിരീകരിച്ചിട്ടുണ്ട്. ലഫ്റ്റനൻറ് കേണൽ വി.വി.ബി. റെഡ്ഡിയും മേജർ ജയന്തുമാണ് വീരമൃത്യു വരിച്ചത്. നിരീക്ഷണ പറക്കലിനിടെ ഇന്ന് രാവിലെ കാണാതായ കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്ന് വീണത്. രാവിലെ ഒമ്പതേകാലിനാണ് എ.ടി.സിയിലേക്ക് ഹെലികോപ്റ്ററിൽ നിന്ന് അവസാനമായി വിവരം ലഭിച്ചത്. എട്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഹെലികോപ്റ്ററിൽ അപകട സമയത്ത് പൈലറ്റും സഹ പൈലറ്റും മാത്രമാണ് ഉണ്ടായത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് നിഗമനം.

രാഹുലിന്റെ ലണ്ടൻ പ്രസംഗം: പാർലമെൻറിൽ തർക്കം

ലണ്ടനിലെ സെമിനാറിൽ ഇന്ത്യാ വിരുദ്ധമായി രാഹുൽ ഗാന്ധി പ്രസംഗിച്ചുവെന്ന് കാണിച്ച് ഭരണകക്ഷിയായ ബിജെപി പാർലമെൻറിൽ വിമർശനം ഉന്നയിക്കുകയാണ്. ഇതോടെ, പാർലമെൻറ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്. ലണ്ടൻ മണ്ണിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് ദൗർഭാഗ്യകരമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യാവിരുദ്ധരുടെ അതേ ഭാഷയിലാണ് രാഹുൽ സംസാരിച്ചതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. ഇന്ത്യയെ വിദേശത്ത് അപകീർത്തിപ്പെടുത്തിയ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് പാർലമെൻറിനകത്തും പുറത്തും ബി.ജെ.പി ആവശ്യപ്പെട്ടു.

എന്നാൽ ഇന്ത്യാ വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് രാഹുൽ ഗാന്ധി എം.പി. വ്യക്തമാക്കിയത്. പാർലമെൻറിനുള്ളിൽ സംസാരിക്കാൻ അനുവദിച്ചാൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും രാഹുൽ പറഞ്ഞു. ബ്രിട്ടൻ പര്യടനത്തിനു ശേഷം ബുധനാഴ്ചയാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തിയത്. കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. താനുൾപ്പെടെയുള്ളവരെ കേന്ദ്ര സർക്കാർ നിരീക്ഷിക്കുകയാണെന്നും രാഹുൽ പറയുകയുണ്ടായി.

അതിനിടെ തുടർച്ചയായ നാലാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. സഭാ നടപടി ആരംഭിച്ച ഉടൻ അദാനി വിഷയത്തിൽ ചർച്ചയും സംയുക്ത പാർലമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. ലണ്ടൻ പ്രസംഗത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണപക്ഷം ഉന്നയിച്ചതോടെ സഭ പ്രക്ഷുബ്ധമായി. എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകാമെന്ന് സഭാധ്യക്ഷന്മാർ നിലപാട് അറിയിച്ചെങ്കിലും പ്രതിഷേധം തുടർന്നതോടെ ഇരുസഭകളും രണ്ട് മണി വരെ നിർത്തിവെച്ചു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം, അദാനി വിഷയത്തിൽ ചർച്ച ഒഴിവാക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

പാർലമെന്റിലെ പ്രതിഷേധം ചർച്ച ചെയ്യാൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ 15 പ്രതിപക്ഷ പാർട്ടി എംപിമാർ യോഗം ചേർന്നു. അതിനിടെ സഭകളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്നാഥ് സിംഗ്, പിയൂഷ് ഗോയൽ അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായി കൂടിയാലോചന നടത്തി.

പാർലമെൻറ് സ്പീക്കർ ഓം ബിർളയുമായി ബന്ധപ്പെട്ട ട്വീറ്റുകളും വൈറലാണ്. കഴിഞ്ഞ മൂന്നു ദിവസവും അദ്ദേഹം ബിജെപി മന്ത്രിമാരെ മാത്രമാണ് സംസാരിക്കാൻ അനുവദിക്കുന്നതെന്നും ഏതെങ്കിലും പ്രതിപക്ഷ അംഗത്തിന് സംസാരിക്കാൻ അനുമതി ലഭിച്ചാൽ ഉടൻ സഭ പിരിച്ചുവിടുകയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മൊയ്ത്ര ട്വിറ്ററിൽ പറഞ്ഞു.

അസ്ലേ തോജെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നു എന്നായിരുന്നു വ്യാഴാഴ്ച രാവിലെ വന്ന ഒരു പ്രധാനവാർത്ത. ഈ വാർത്ത വന്നതോടെയാണ് നൊബേൽ പുരസ്‌കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്ലേ തോജെ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തെ ഉദ്ധരിച്ചായിരുന്നു മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സമ്പന്നവും സ്വാധീനശക്തിയുമുള്ള രാജ്യമായി മാറിയെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തോജെ പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്.

തോജെ ഇന്നലെ പറഞ്ഞത്: ഇന്ത്യയുടെ ഇടപെടൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ റഷ്യയെ ബോധ്യപ്പെടുത്താൻ സഹായിച്ചു. ഇന്ത്യ ഒരിക്കലും ഉറക്കെ സംസാരിക്കുകയോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ല. വളരെ സൗഹൃദത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുന്നു. ഈ രീതിയാണ് ലോകരാഷ്ട്രീയത്തിൽ എല്ലാവരും പിന്തുടരേണ്ടത്. ഇന്ത്യ മനുഷ്യകുലത്തിന് പ്രതീക്ഷയാണ്. ഇന്ത്യക്ക് വളരെ ആഴത്തിലുള്ള തത്വശാസ്ത്ര ഉൾക്കാഴ്ചയും ചരിത്രവുമുണ്ട്. ഇന്ത്യയുടെ ശക്തി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും ചൈനയും ലോകത്തെ വൻശക്തികളായി മാറാൻ പോവുകയാണ്.

ലോകത്തെ ഏത് നേതാവിനും നൊബേൽ പുരസ്‌കാരത്തിനായി ആഗ്രഹിക്കാം. ഏതൊരു നേതാവും ലോകത്തിന്റെ സമാധാനത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. പ്രവൃത്തിയാണ് ആദ്യം നടക്കേണ്ടത്, ലോകം പിന്നാലെ വരും.ഇന്ന് എ.എൻ.ഐയോട് പറഞ്ഞത്:ഞാൻ നൊബേൽ കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡറാണ്. എന്റെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. വ്യാജ വാർത്തകളെ അങ്ങനെത്തന്നെ കാണണം. അതിനെക്കുറിച്ച് അനാവശ്യമായി ചർച്ച ചെയ്യരുത്. അതിന് ഊർജം പകരുന്ന ഒന്നും ചെയ്യരുത്. ആ ട്വീറ്റിൽ പറയുന്നത് ഞാൻ നിഷേധിക്കുന്നു. അങ്ങനെയൊരു കാര്യം ഞാൻ പറഞ്ഞിട്ടില്ല.

ദേശീയ മാധ്യമങ്ങളടക്കം മോദിക്ക് നൊബേൽ ലഭിക്കുമെന്ന് തോജെ പറഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിഷേധിച്ച് രംഗത്തെത്തിയത്. അതേസമയം അദ്ദേഹം നിഷേധിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ ട്വീറ്റ് ചെയ്യാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്.ഈ വർഷം ഒക്ടോബർ രണ്ടു മുതൽ ഒമ്പത് വരെയാണ് വിവിധ നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. എല്ലാ പ്രഖ്യാപനവും nobelprize.org എന്ന വെബ്സൈറ്റിലൂടെ തത്സമയം കാണാം. ഒക്ടോബർ ആറിനാണ് സമാധാന നൊബേൽ പ്രഖ്യാപനം. ബെലാറസിൽ നിന്നുള്ള അഭിഭാഷകൻ അലെസ് ബിയാലെറ്റ്സ്‌കി, യുക്രൈൻ മനുഷ്യാവകാശ സംഘടന മെമ്മോറിയൽ, യുക്രൈൻ മനുഷ്യാവകാശ സംഘടന സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ.

'കസ്റ്റഡി' ടീസർ പുറത്തുവിട്ടു

'കസ്റ്റഡി' ടീസർ പുറത്തുവിട്ടു. നാഗ ചൈതന്യ അക്കിനേനി, കീർത്തി ഷെട്ടി, അരവിന്ദ് സ്വാമി തുടങ്ങിയവർ അഭിനയിക്കുന്ന 'കസ്റ്റഡി'യുടെ തമിഴ് ടീസറാണ് ഇന്ന് വൈകീട്ട് പുറത്തുവിട്ടത്. വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹത്തിനൊപ്പം അബ്ബുരി രവിയും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ശംഖഗോഗർഭ

ശംഖഗോഗർഭ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്. ഒഡീഷ ഭരിക്കുന്ന നവീൻ പട്‌നായികിനെയും പാർട്ടിയായ ബിജു ജനതാദളിനെയും പുകഴ്ത്തിയാണ് ഈ ഹാഷ്ടാഗിലുള്ള ട്വീറ്റുകൾ. ശംഖാണ് പാർട്ടിയുടെ ചിഹ്നം. 2024 ജൂണിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ശംഖ് ഒഡീഷയുടെ അഭിമാന ചിഹ്നമാണെന്നാണ് പലരും ട്വിറ്ററിൽ കുറിക്കുന്നത്. 2000 മുതൽ ഒഡീഷ ഭരിക്കുന്നത് നവീൻ പട്‌നായിക്കാണ്.

TAGS :

Next Story