Quantcast

നികുതിഭാരം കുറയ്ക്കും, ഗ്രാമവികസനം മുൻപന്തിയിൽ; പ്രതീക്ഷക്കൊത്ത് ഉയരുമോ കേന്ദ്രബജറ്റ്?

2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റ് എന്നതും ശ്രദ്ധേയമാണ്

MediaOne Logo

Web Desk

  • Published:

    19 Jan 2023 2:07 PM GMT

നികുതിഭാരം കുറയ്ക്കും, ഗ്രാമവികസനം മുൻപന്തിയിൽ; പ്രതീക്ഷക്കൊത്ത് ഉയരുമോ കേന്ദ്രബജറ്റ്?
X

ന്യൂഡൽഹി: ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റ് അവതരിപ്പിക്കുക. പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കാൻ ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ രാജ്യം ഏറെ പ്രതീക്ഷകളോടെയാണ് ഇത്തവണയും രാജ്യം ഉറ്റുനോക്കുന്നത്. 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റ് എന്നതും ശ്രദ്ധേയമാണ്.

കുറഞ്ഞ നികുതി നിരക്കും വിലക്കയറ്റം തടയലും അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾ പ്രതീക്ഷിക്കപ്പെടുമ്പോൾ ധനപരമായ ഏകീകരണത്തിനും ദീർഘകാല വളർച്ചയ്ക്കുമുള്ള ചെലവുകൾക്കും മാത്രമായി ബജറ്റ് സർക്കാർ പരിമിതപ്പെടുത്തുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ നൽകുന്ന സൂചന. ആഗോളമാന്ദ്യം ഉൾപ്പടെയുള്ള ഘടകങ്ങൾ ബജറ്റിലെ പുതിയ വിപുലീകരണങ്ങളിൽ വിള്ളൽ വീഴ്ത്തുമെന്നും വിദഗ്‌ധർ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ വളർച്ച സാധ്യമാക്കുന്ന നടപടികൾക്ക് സർക്കാർ എത്രത്തോളം ഊന്നൽ നൽകുമെന്ന കാര്യത്തിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് വരാനിരിക്കെ നിലവിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാറിന് മുന്നിലുള്ള രാഷ്ട്രീയ വെല്ലുവിളികളും ഏറെയാണ്.

ആദായനികുതി

എല്ലാ വർഷത്തെയും പോലെ ഇത്തവണയും ആദായനികുതി ഇളവ് നൽകണമെന്നാണ് സർക്കാറിനോടുള്ള പ്രധാന അഭ്യർത്ഥന. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ മധ്യവർഗത്തിന്മേൽ ഒരു നികുതിഭാരവും ചുമത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. ഒരു നികുതിയും പുതുതായി സർക്കാർ ചുമത്തിയിട്ടില്ലെന്നും അഞ്ച് ലക്ഷം രൂപ വരെ ഇളവ് നൽകിയെന്നുമായിരുന്നു മന്ത്രിയുടെ വാദം.

2020ലാണ് ആദായനികുതി നിരക്കുകള്‍ അവസാനമായി പരിഷ്‌കരിച്ചത്. അതിനാൽ തന്നെ ഇത്തവണ ബജറ്റിൽ നികുതി സംബന്ധിച്ച് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൗരന്മാർ. പഴയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിലെ സെക്ഷൻ 80 സി, 80 ഡി എന്നിവയുൾപ്പെടെ - ആദായനികുതി നിയമത്തിലെ പൊതുവായ വകുപ്പുകൾക്ക് കീഴിലുള്ള കിഴിവുകൾ വർദ്ധിപ്പിക്കാൻ നികുതി വിദഗ്‌ധരും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശിക ഉൽപാദനത്തിൽ ഉണർവ്

പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് വരാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. വിജയകരമായ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുടെ പരിധിയിൽ കൂടുതൽ മേഖലകളെ സർക്കാർ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിന്റെ ഭാഗമായി ഇലക്ട്രോണിക്സ്‌, പ്ലാസ്റ്റിക്, സ്വര്‍ണാഭരണം തുടങ്ങി 35ഓളം ഇനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കും. ഇറക്കുമതി കുറയ്ക്കാനും പ്രാദേശിക ഉൽപാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടി.

അതേസമയം, 2022ലെ ബജറ്റിൽ, പി‌എൽ‌ഐ പദ്ധതിക്കായി സർക്കാർ മൊത്തം 1.97 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഈ ബജറ്റിൽ ഇത് 20-30 ശതമാനമെങ്കിലും വർധിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ഗ്രാമവികസനം

തിരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റുകൾ പോലെ തന്നെ ഇത്തവണയും ഗ്രാമീണ വികസനത്തിലേക്കും ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ചെലവുകളിലേക്കുമാണ് കേന്ദ്രബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റിലും സമാനമായ മാതൃകയാണ് ഇന്ത്യ കണ്ടത്.

2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമത്തിനും ഗ്രാമീണ ചെലവുകൾക്കുമായി കൂടുതൽ പണം അനുവദിക്കുമെന്ന് ഗോൾഡ്മാൻ സാക്‌സിന്റെ സമീപകാല റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാനസൗകര്യങ്ങൾ

അടിസ്ഥാന സൗകര്യ വികസനവും കേന്ദ്രബജറ്റിൽ പ്രധാനമായും ഉയർത്തികാട്ടുന്നുണ്ട്. തൊഴിലവസരങ്ങൾ ഒരുക്കുകയാണ് ഇതിൽ സർക്കാർ മുന്നോട്ട് വെക്കുന്ന പ്രധാന കാര്യം. നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയിലും ബജറ്റ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ആക്സിസ് സെക്യൂരിറ്റീസ് എംഡിയും സിഇഒയുമായ ബി ഗോപ്കുമാർ പറഞ്ഞിരുന്നു. ഗ്രാമീണ ചെലവുകൾ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികളും അടിസ്ഥാന സൗകര്യ വികസനവും ബജറ്റിലെ ആകർഷണം ആയിരിക്കും.

ഗ്രീൻ എനർജി

മിക്ക വ്യവസായങ്ങളിലും കാലാവസ്ഥാ വ്യതിയാനം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുസ്ഥിര ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ചെലവ് വർദ്ധിപ്പിക്കാൻ സർക്കാർ മടിക്കില്ലെന്നാണ് സൂചന. പുനരുപയോഗ ഊർജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതികളും ഗവണ്മെന്റ് പ്രഖ്യാപിച്ചേക്കും.

ഹരിത ഹൈഡ്രജൻ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് കേന്ദ്രം കഴിഞ്ഞ ആഴ്‌ചയാണ് അനുമതി നൽകിയത്. 19,744 കോടി രൂപയുടെ പദ്ധതിയാണിത്.

TAGS :

Next Story