Quantcast

സ്വർണത്തളികയിൽ തിളങ്ങും വെള്ളിപ്പാത്രങ്ങൾ; ജി20 അതിഥികളുടെ തീന്മേശയിലെത്തുക 'രാജകീയ വിഭവങ്ങള്‍'

ഇന്ത്യൻ പൈതൃകവും സംസ്‌കാരവുമെല്ലാം വിളിച്ചോതുന്നതാകും തീന്മേശയെന്നാണ് പാത്രങ്ങള്‍ തയാറാക്കിയ കമ്പനി അവകാശപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    7 Sep 2023 11:43 AM GMT

G20Summit2023, silverware, goldutensils, G20, VVIPguests
X

ന്യൂഡൽഹി: ശനിയാഴ്ച ജി20 ഉച്ചകോടിക്ക് തുടക്കമാകുകയാണ്. ലോക രാഷ്ട്രത്തലവന്മാരും വിശിഷ്ടാതിഥികളുമായി വി.വി.ഐ.പികളുടെ വമ്പൻ പടയാകും രണ്ടു ദിവസം ഡൽഹിയിൽ. അതിഥികൾക്കായി ഹോട്ടലുകളിൽ അത്യാഡംബര സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.

സ്വർണത്തളികകളും വെള്ളിപ്പാത്രങ്ങളുമാണ് ഗ്ലാസുകളുമാണ് അതിഥികൾക്കു ഭക്ഷണം കഴിക്കാനായി തയാറായിട്ടുള്ളതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു. ഐ.ടി.സി താജ് ഉൾപ്പെടെ 11 അത്യാഡംബര ഹോട്ടലുകളിലാണ് ജി20ക്ക് എത്തുന്നവരുടെ താമസവും ഭക്ഷണവുമെല്ലാം ഒരുക്കുന്നത്. രാജസ്ഥാൻ ആസ്ഥാനമായുള്ള ഐറിസ് ജെയ്പൂർ ആണ് ഹോട്ടലുകൾക്ക് ആഡംബര പാത്രങ്ങൾ എത്തിക്കുന്നത്.

ഇന്ത്യൻ പൈതൃകവും സംസ്‌കാരവുമെല്ലാം വിളിച്ചോതുന്നതാകും തീന്മേശയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജി20ക്കു വേണ്ടി പ്രത്യേകമായി നിർമിക്കുന്ന പാത്രങ്ങളാകും എത്തുക. നിർമാണത്തിനുശേഷം റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയിൽ(ആർ ആൻഡ് ഡി ലാബ്) പരിശോധിച്ച ശേഷമാണ് പാത്രങ്ങള്‍ ഹോട്ടലുകളിൽ എത്തുന്നത്. ഓരോ ഹോട്ടലും ആവശ്യപ്പെടുന്നതിനനുസരിച്ചാണ് ഇവ തയാറാക്കിയതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

വെള്ളിയും സ്വർണവും പൂശിയ പാത്രങ്ങളും ഗ്ലാസുകളും തളികയുമെല്ലാമായിരിക്കും അതിഥികൾക്കുമുൻപിലെത്തുക. പുരാതന കാലത്തെ രാജാക്കന്മാരുടെ തീന്മേശകളുടെ പ്രൗഢിയും പ്രതാപവും ഓർമിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഐറിസ് ഉടമ രാജീവ് പാബുവാളും മകൻ ലക്ഷ് പാബുവാളും പറഞ്ഞു. വിദേശ അതിഥികൾക്കുമുന്നിൽ ഇന്ത്യൻ രുചിഭേദങ്ങൾ അവതരിപ്പിക്കുമെന്നും ഇവർ അറിയിച്ചു.

200ത്തോളം കരകൗശല വിദഗ്ധരാണ് ആഡംബര പാത്രങ്ങളുടെ നിർമാണത്തിന്റെ ഭാഗമാകുന്നത്. ജെയ്പൂർ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽനിന്നെല്ലാം തിരഞ്ഞെടുക്കപ്പെട്ടവരാണ് കൂട്ടത്തിലുള്ളത്. 15,000 പാത്രങ്ങൾ ഇതിനകം തയാറായിക്കഴിഞ്ഞതായും രാജീവ് പാബുവാൾ അറിയിച്ചു.

Summary: VVIP guests, delegates to be served in gold utensils, silverware in G20 Summit

TAGS :

Next Story