Quantcast

കോൺഗ്രസ് അധ്യക്ഷയായി വീണ്ടും സോണിയാഗാന്ധി എത്തുമോ? ചർച്ചയായി പാർട്ടിയുടെ പുതിയ നീക്കങ്ങൾ

ഒക്ടോബർ 17 നാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 Sep 2022 3:13 PM GMT

കോൺഗ്രസ് അധ്യക്ഷയായി വീണ്ടും സോണിയാഗാന്ധി എത്തുമോ? ചർച്ചയായി പാർട്ടിയുടെ പുതിയ നീക്കങ്ങൾ
X

ന്യൂഡൽഹി: കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയാഗാന്ധിയുടെ പേര് നാമനിർദേശം ചെയ്യാനുള്ള പ്രമേയം പാസാക്കാൻ എല്ലാ സംസ്ഥാനഘടകങ്ങളോടും നിർദേശിച്ചതായി റിപ്പോർട്ട്. അടുത്തമാസമാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 20ാം തീയതിക്ക് മുമ്പ് സോണിയാഗാന്ധിയെ അധ്യക്ഷസ്ഥാനത്തേക്ക് നാമനിർദേശം ചെയ്ത് പ്രമേയം പാസാക്കണമെന്നാണ് ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി അംഗങ്ങളോടക്കം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അഭ്യർഥിച്ചിരിക്കുതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ 17 നാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്തംബർ 22 ന് പ്രസിദ്ധീകരിക്കും. സെപ്തംബർ 24 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഇതിന് മുമ്പായി പ്രമേയം പാസാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ എട്ടാണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 17 ന് രാവിലെ 10 മണിമുതൽ വൈകീട്ട് നാല് മണിവരെയാണ് വോട്ടെടുപ്പ്. ഒക്ടോബർ 19 ന് ഫലപ്രഖ്യാപനവും നടക്കും.

എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ളവർ നേതൃത്വസ്ഥാനം ഏറ്റെടുക്കണമെന്നാണ് സോണിയാഗാന്ധി നേരത്തെ വ്യക്തമാക്കിയത്. പക്ഷേരാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ് അശോക് ഗെഹ്ലോട്ടിനെ പോലെയുള്ള മുതിർന്ന നേതാക്കളുടെ ആവശ്യം.

കഴിഞ്ഞ മൂന്ന് വർഷമായി സോണിയ ഗാന്ധിയാണ് ഇടക്കാല അധ്യക്ഷ. 2017-ൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മകൻ രാഹുൽ ഗാന്ധി തന്റെ പിൻഗാമിയാകുന്നതുവരെ അവർ തുടർച്ചയായ 18 വർഷം അധ്യക്ഷയായി തുടർന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി ഒഴിഞ്ഞത്. തുടർന്ന് സോണിയാഗാന്ധി ഇടക്കാല അധ്യക്ഷയായി. സ്ഥിരം അധ്യക്ഷനെ വേണമെന്നും പാർട്ടി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്നുമെല്ലാം ആവശ്യപ്പെട്ട് കോൺഗ്രസിനകത്തുതന്നെ കലാപവുമുയർന്നു.ഇതിന്റെ ഭാഗമായാണ് ഗുലാംനബി ആസാദിനെ പോലെ പ്രമുഖർ പാർട്ടി വിട്ടത്. പാർട്ടിക്കും രാഹുൽഗാന്ധിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് ഗുലാംനബി ആസാദ് ദീർഘനാളത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്.

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള വോട്ടർ പട്ടിക പുറത്തുവിടണമെന്ന്ശശി തരൂരും മനീഷ് തിവാരിയും ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്രതെരഞ്ഞെടുപ്പ് അതോറിറ്റി തലവനാ മിസ്ത്രിക്ക് കത്തെഴുതിയതും അടുത്തദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു.അതേസമയം, ഭാരത് ജൂഡോ യാത്രയുടെ തിരക്കിലാണ് രാഹുൽഗാന്ധി ഇപ്പോഴുള്ളത്.

TAGS :

Next Story