Quantcast

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഇന്ത്യയിൽ; അന്‍മോൽ ബിഷ്ണോയിയെ ഡല്‍ഹിയിലെത്തിച്ചു

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത രണ്ട് കേസും മറ്റ് 18 ക്രിമിനല്‍ കേസുകളുമാണ് അന്‍മോലിനെതിരെയുള്ളത്

MediaOne Logo

Web Desk

  • Published:

    19 Nov 2025 4:53 PM IST

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഇന്ത്യയിൽ; അന്‍മോൽ ബിഷ്ണോയിയെ ഡല്‍ഹിയിലെത്തിച്ചു
X

ന്യൂഡൽഹി: എന്‍സിപി നേതാവായ ബാബാ സിദ്ധീഖിയുടെ കൊലപാതകത്തില്‍ മുഖ്യ സൂത്രധാരനായിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് അന്‍മോല്‍ ബിഷ്‌ണോയിയെ ഡല്‍ഹിയിലെത്തിച്ചു. ഗുണ്ടാനേതാവായ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് അന്‍മോല്‍ ബിഷ്‌ണോയി. യുഎസില്‍ നിന്ന് ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന പ്രകാരമാണ് അന്‍മോല്‍ ബിഷ്‌ണോയിയെ നാടുകടത്തിയത്. ഡല്‍ഹിയിലെത്തിച്ച ബിഷ്‌ണോയിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു.

'2022 മുതല്‍ ഇയാള്‍ ഒളിവിലാണ്. ജയിലില്‍ കഴിയുന്ന സഹോദരന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ സിന്‍ഡിക്കേറ്റില്‍ 19ാം പ്രതിയാണ് അന്‍മോല്‍. കേസന്വേഷണത്തില്‍ അന്‍മോല്‍ 2020-23 കാലയളവില്‍ രാജ്യത്ത് നടന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ ലോറന്‍സ് ബിഷ്‌ണോയിയെ സഹായിച്ചിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 2023 മാര്‍ച്ചില്‍ എന്‍ഐഎ ഇയാള്‍ക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.' എന്‍ഐഎ വക്താവ് വ്യക്തമാക്കി.

യുഎസിലേക്ക് കടന്നതിന് ശേഷവും അന്‍മോല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും താഴെത്തട്ടിലുള്ള ഭീകരരെ ഉപയോഗപ്പെടുത്തി ലോറന്‍സിനെ സഹായിച്ചുവെന്നും എന്‍ഐഎ വക്താവ് കൂട്ടിച്ചേര്‍ത്തു.

'പ്രാദേശിക ഗുണ്ടാനേതാക്കള്‍ക്ക് അന്‍മോല്‍ അഭയമൊരുക്കിയതായും അവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തതായും തുടരന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മറ്റ് ഗുണ്ടാത്തലവന്മാരെ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് നടത്തിയ കള്ളക്കടത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. തീവ്രവാദ സിന്‍ഡിക്കേറ്റുകളെ തകര്‍ക്കുന്നതിനായി കൂടുതല്‍ വിവരം ലഭിക്കുന്നതിനായി ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ട്.' എന്‍ഐഎ വക്താവ് കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത രണ്ട് കേസും മറ്റ് 18 ക്രിമിനല്‍ കേസുകളുമാണ് അന്‍മോലിനെതിരെയുള്ളത്. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പ് എന്നിവയും ഇതില്‍പ്പെടും. എന്‍സിപി നേതാവ് ബാബ സിദ്ധീഖിയുടെ കൊലപാതകത്തിന് പിന്നിലും അന്‍മോലിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

ലോറന്‍സ് ബിഷ്‌ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അന്‍മോല്‍ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് രാജ്യം വിട്ടത്. അന്‍മോലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്നും എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡയിലേക്കാണ് അന്‍മോല്‍ കടന്നത്. അവിടെനിന്ന് യുഎസിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്. അന്‍മോലിനെ യുഎസില്‍നിന്ന് തിരികെയെത്തിക്കാനായി മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് യൂണിറ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്‍മോല്‍ പിടിയിലായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയ ഷൂട്ടര്‍മാരുമായി അന്‍മോല്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ വസതിക്കുനേരെ വെടിയുതിര്‍ത്തവര്‍ക്കും നിര്‍ദേശം നല്‍കിയത് അന്‍മോലാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇയാള്‍ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

TAGS :

Next Story