Quantcast

ഗാന്ധി സമാധാന പുരസ്‌കാര തുക നിരസിച്ച് ഗീതാ പ്രസ്

സംഘപരിവാര്‍ സ്ഥാപനമായ ഗീതാ പ്രസിന് പുരസ്‌കാരം നല്‍കുന്ന തീരുമാനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-19 10:41:16.0

Published:

19 Jun 2023 9:38 AM GMT

Gita press Gandhi peace prize PM Narendra Modi Congress party
X

ഡല്‍ഹി: ഗാന്ധി സമാധാന പുരസ്‌കാരത്തുക നിരസിച്ച് ഗീതാ പ്രസ്. തങ്ങള്‍ക്ക് സമ്മാനപത്രം മാത്രം മതിയെന്നും പുരസ്‌കാര തുക മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ചെലവഴിക്കണമെന്നും ഗീത പ്രസ് പബ്ലിഷര്‍ പറഞ്ഞുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ജൂറിയാണ് ഉത്തര്‍പ്രദേശിലെ ഗീതാ പ്രസിന് 2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

സംഘപരിവാര്‍ സ്ഥാപനമായ ഗീതാ പ്രസിന് പുരസ്‌കാരം നല്‍കുന്ന തീരുമാനത്തിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗോഡ്‌സെക്കും സവര്‍ക്കര്‍ക്കും പുരസ്‌കാരം സമ്മാനിക്കുന്നതിന് തുല്യമായ നടപടിയാണിതെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം.

2015 ല്‍ പുറത്തിറങ്ങിയ അക്ഷയ് മുകളിന്റെ 'ഗീത പ്രസ് ആന്‍ഡ് ദ മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ' എന്ന പുസ്തകം ഉയര്‍ത്തിക്കാണിച്ചായിരുന്നു ജയറാം രമേശ് പുരസ്‌കാരത്തിനെതിരെ എതിര്‍പ്പുയര്‍ത്തിയത്.

ഗാന്ധിയുടെ ആശയങ്ങള്‍ക്കെതിരെ നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന സ്ഥപനമാണ് ഗീതാ പ്രസ് എന്ന് അക്ഷയ് മുകളിന്റെ പുസ്തകം ആധാരമാക്കിക്കൊണ്ട് ജയറാം രമേശ് പറഞ്ഞു.

സ്ഥാപിതമായതിന്റെ നൂറാം വര്‍ഷമാണ് ഗീതാ പ്രസിന് പുരസാകാരം നല്‍കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആര്‍.എസ്.എസ് മേധാവി ഗോള്‍വാക്കര്‍ അടക്കമുള്ളവര്‍ ഗീതാ പ്രസിന്റെ പ്രസിദ്ധീകരണമായ കല്യാണിലെ സ്ഥിരം എഴുത്തുകാരായിരുന്നു.

ആര്‍.എസ്.എസിന് വേരുറപ്പിക്കാന്‍ കഴിയുന്നതിന് മുന്‍പേ തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ വടക്കേ ഇന്ത്യയില്‍ പ്രചരിപ്പിച്ചതിന്റെ മുഖ്യപങ്ക് ഗീതാ പ്രസിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കാണ്. ഇതിന്റെ നന്ദി സൂചകമായാണ് ഒരു കോടി രൂപ പുരസ്‌കാര തുകയുള്ള ഈ അംഗീകാരമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

നെല്‍സന്‍ മണ്ടേല അടക്കം ലോക സമാധാനത്തിന് സംഭാവന ചെയ്ത വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് നേരത്തെ ഗാന്ധി സമാധാന പുരസ്‌കാരം സമ്മാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഒപ്പം വിവിധ മേഖലകളില്‍ പ്രമുഖരായ രണ്ട് വ്യക്തികളും ചേര്‍ന്നതാണ് പുരസ്‌കാര സമിതി.

TAGS :

Next Story