Quantcast

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഇൻഡ്യ മുന്നണി

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Sep 2023 1:38 AM GMT

INDIA Bloc meeting
X

ഇന്‍ഡ്യ മുന്നണിയുടെ യോഗത്തില്‍ നിന്ന്

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി ഇൻഡ്യ മുന്നണി. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രത്യേക പാർലമെൻ്റ് സമ്മേളനം സംബന്ധിച്ച ചർച്ചകളും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പുരോഗമിക്കുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടന്നാൽ ഭരണകക്ഷിക്ക് അത് ഏറെ ഗുണം ചെയ്യും എന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക വിഷയത്തിൽ ഊന്നിയ പ്രചരണങ്ങൾക്ക് പകരം ദേശീയതയും ദേശീയ വിഷയങ്ങളും ആകും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചർച്ചാവിഷയം. പാർട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ഇതുവഴി അധികാരത്തിൽ കടന്നു കയറാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത് എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഐഡിഎഫ്സി 2015ൽ നടത്തിയ ഒരു പഠന പ്രകാരം ഒന്നിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിൽ ലോക്സഭയില് നേട്ടം കൊയ്യുന്ന പാർട്ടി നിയമസഭയിലും വിജയിക്കാം സാധ്യത കൂടുതലാണ്.

1999 ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ബി.ജെ.പിക്ക് കർണാടകയിൽ ലഭിച്ചത് 74% മണ്ഡലങ്ങളാണ്. 2004,2009 വർഷങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വ്യത്യസ്ത സമയങ്ങളിൽ നടന്നപ്പോൾ വിജയിച്ച മണ്ഡലങ്ങൾ 57 ശതമാനമായും പിന്നീട് 39 ശതമാനമായും കുറഞ്ഞു. ഈ റിപ്പോർട്ട് ഉയർത്തിയാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാർ നീക്കത്തിന് ബദലായി ഒരു രാജ്യം ഒരു വിദ്യാഭ്യാസം എന്ന നിയമമാണ് വേണ്ടത് എന്ന് അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുകയാണ് വേണ്ടത് എന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

TAGS :

Next Story