Quantcast

ഗ്രഹാം സ്റ്റൈനെയും കുട്ടികളെയും ചുട്ടുകൊന്ന പ്രതിയെ ജയില്‍ മോചിതനാക്കി ഒഡിഷ സർക്കാർ

നല്ല നടപ്പിന്റെ പേരിൽ ബിജെപി സർക്കാർ ജയിൽ മോചിതനാക്കിയ പ്രതിയെ ജയ് ശ്രീറാം വിളിയോടെയാണ് സംഘപരിവാർ പ്രവർത്തകർ സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    17 April 2025 11:35 AM IST

ഗ്രഹാം സ്റ്റൈനെയും കുട്ടികളെയും ചുട്ടുകൊന്ന പ്രതിയെ ജയില്‍ മോചിതനാക്കി ഒഡിഷ സർക്കാർ
X

ഭുവനേശ്വര്‍: ആസ്‌ട്രേലിയന്‍ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റൈനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും തീവെച്ചുകൊന്ന കേസിലെ പ്രതിയെ നല്ല നടപ്പ് കണക്കിലെടുത്ത് ജയില്‍ മോചിതനാക്കി ഒഡിഷ സർക്കാർ. രാജ്യത്തെ ഞെട്ടിച്ച കേസില്‍ 25 വര്‍ഷമായി ജയിലിലായിരുന്ന മഹേന്ദ്ര ഹെബ്രാമിനെയാണ് ബിജെപി സർക്കാർ ജയിൽ മോചിതനാക്കിയത്. ജയ് ശ്രീറാം വിളിയോടെയാണ് കൊലപാതകിയെ സംഘപരിവാർ പ്രവർത്തകർ സ്വീകരിച്ചത്.കിയോഞ്ചാർ ജയിലിലായിരുന്നു പ്രതി.

1999 ജനുവരി 22നാണ് വാനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാമിനെയും മക്കളായ പത്തുവയസുള്ള ഫിലിപ്പിനെയും ആറ് വയസുള്ള തിമോത്തിയെയും ചുട്ടുകൊല്ലുന്നത്. സംഘപരിവാർ ബന്ധമുള്ള ബജ്റംഗ്ദൾ സംഘമായിരുന്നു ക്രൂരമായ കൊലക്ക് പിന്നിൽ. മതപരിവർത്തനം ആരോപിച്ചാണ് കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ചിരുന്ന സുവിശേഷകനെ കൊലപ്പെടുത്തിയത്.

1999 നും 2000 നും ഇടയിൽ കേസുമായി ബന്ധപ്പെട്ട് 51 പേരെ അറസ്റ്റ് ചെയ്തു. അവയിൽ 37 ​പേര് പ്രാഥമിക വിചാരണയ്ക്കിടെ കുറ്റവിമുക്തരായി. ധാരാ സിങ്, ഹെബ്രാം എന്നിവരുൾപ്പെടെ പതിനാല് പേരെ സിബിഐ കോടതി ശിക്ഷിച്ചു. എന്നാൽ ഒഡിഷ ഹൈക്കോടതി 11 പേരെ കൂടി കുറ്റവിമുക്തനാക്കിയതോടെ കേസിൽ മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്.

കേസിലെ മുഖ്യപ്രതി ധാര സിങ് ഇപ്പോഴും ജയിലിലാണ്. ധാരാ സിങിനെയും ജയിൽ മോചിതനാക്കാൻ ഇപ്പോഴത്തെ ഒഡിഷ മുഖ്യമന്ത്രി മോഹന്‍ മാജിയുടെ പിന്തുണയോടെ ശ്രമം നടന്നിരുന്നു. ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ്, കൊലപാതകികളോട് ക്ഷമിച്ചതായി അറിയിച്ചെങ്കിലും രാജ്യത്തിന്റെ മതേതര മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ച സംഭവമാണിത്.

TAGS :

Next Story