Quantcast

മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ്: കെജ്രിവാളിന്റെ ഹരജിയിൽ വിധി പറയുന്നത് മാറ്റി ഗുജറാത്ത് ഹൈക്കോടതി

മോദിയുടെ സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭ്യമാണെന്ന ഗുജറാത്ത് സർവകലാശാലയുടെ വാദം തെറ്റാണെന്നും വെബ്‌സൈറ്റിൽ ഒന്നും കാണാനാകുന്നില്ലെന്നും ഹരജിയിൽ കെജ്രിവാൾ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    30 Sept 2023 12:03 PM IST

Gujarat HC concludes hearing in Kejriwals review plea in Modis degree certificate Narendra Modi, Arvind kejriwal, Gujarat HC, Modis degree certificate
X

അഹ്മദാബാദ്: നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റിവ്യൂ ഹരജിയിൽ വാദം പൂർത്തിയാക്കി ഗുജറാത്ത് ഹൈക്കോടതി. കേസിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചിരിക്കുകയാണ്.

ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിൽ കെജ്രിവാളിനും എ.എ.പി ലോക്‌സഭാ അംഗം സഞ്ജയ് സിങ്ങിനുമെതിരെ മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. ഇക്കാര്യം ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് ഇരുവരും പുനഃപരിശോധനാ ഹരജി നൽകിയത്. ഇതിലാണിപ്പോൾ വാദം പൂർത്തിയാക്കി ജസ്റ്റിസ് ബിരേൻ വൈഷ്ണവ് വിധി പറയാൻ മാറ്റിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വെളിപ്പെടുത്തുന്നില്ലെന്നു പറഞ്ഞ് സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നായിരുന്നു കെജ്രിവാളിനും സഞ്ജയ് സിങ്ങിനുമെതിരായ പരാതി. കേസിൽ മജിസ്‌ട്രേറ്റിന്റെ വിധിയെ ഹൈക്കോടതിയും പിന്തുണച്ചു. സർവകലാശാല മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്നു വ്യക്തമാക്കിയ കോടതി കെജ്രിവാളിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

എന്നാൽ, മോദിയുടെ സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭ്യമാണെന്ന സർവകലാശാലയുടെ വാദം തെറ്റാണെന്നും അത്തരമൊരു സർട്ടിഫിക്കറ്റും വെബ്‌സൈറ്റിൽ കാണാനാകുന്നില്ലെന്നും റിവ്യൂ ഹരജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഒരു ആവശ്യവുമില്ലാതെ വിവാദം കത്തിച്ചുനിർത്താനാണ് കെജ്രിവാൾ ശ്രമിക്കുന്നതെന്ന് സർവകലാശാലയ്ക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചു.

Summary: Gujarat HC concludes hearing in Arvind Kejriwal's review plea, reserves order in PM Narendra Modi's degree certificate case

TAGS :

Next Story