Quantcast

യമുനയിലെ ജലവുമായി ബന്ധപ്പെട്ട വിവാദ പരാമർശം: അരവിന്ദ് കെജ്‌രിവാളിന് സമൻസ്‌

ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിലെ വെള്ളത്തിൽ വിഷം കലർത്തുന്നുവെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം

MediaOne Logo

Web Desk

  • Updated:

    2025-01-30 00:59:12.0

Published:

29 Jan 2025 9:23 PM IST

യമുനയിലെ ജലവുമായി ബന്ധപ്പെട്ട വിവാദ പരാമർശം: അരവിന്ദ് കെജ്‌രിവാളിന് സമൻസ്‌
X

ന്യൂഡല്‍ഹി: എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്‌ സമൻസ്. യമുനയിലെ ജലവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലാണ് സമന്‍സ്.

ഫെബ്രുവരി 17ന് ഹാജരാകണമെന്നാണ് ഹരിയാനയിലെ സോനിപത്തിലെ ഒരു കോടതി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് ഹാജരായില്ലെങ്കിൽ, ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒന്നും പറയാനില്ലെന്ന് കണക്കാക്കുകയും നിയമാനുസൃത തുടർനടപടികൾ സ്വീകരിക്കുമെന്നും സോണിപത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നേഹ ഗോയല്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

സോണിപത്തിലെ റായ് വാട്ടർ സർവീസസ് ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് പരാതി നൽകിയിരിക്കുന്നത്. പരാമര്‍ശത്തിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ഹരിയാന റവന്യൂ, ദുരന്ത നിവാരണ മന്ത്രി വിപുൽ ഗോയൽ അറിയിച്ചിരുന്നു. ഡൽഹിയിലെയും ഹരിയാനയിലെയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനയാണ് കെജ്‌രിവാൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിലെ വെള്ളത്തിൽ വിഷം കലർത്തുന്നുവെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. വെള്ള ശുദ്ധീകരണ പ്ലാന്റുകൾക്ക് പോലും സംസ്കരിക്കാൻ കഴിയാത്ത തരത്തിലുള്ള വിഷമാണ് ബിജെപി സർക്കാർ വെള്ളത്തിൽ കലർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലാണ്. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയിലെ വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.

TAGS :

Next Story