Quantcast

'നടപടി വൈകിയാൽ കോടതിയലക്ഷ്യം നേരിടേണ്ടിവരും'; വിദ്വേഷ പ്രസംഗങ്ങളിൽ കടുത്ത വിമർശനവുമായി സുപ്രിംകോടതി

വിദ്വേഷ പ്രസംഗക്കേസുകളിൽ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഭരണകൂടങ്ങളോട് സുപ്രിംകോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ പരാതി ലഭിക്കാൻ കാത്തിരിക്കരുതെന്നും അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    21 Oct 2022 12:34 PM GMT

നടപടി വൈകിയാൽ കോടതിയലക്ഷ്യം നേരിടേണ്ടിവരും; വിദ്വേഷ പ്രസംഗങ്ങളിൽ കടുത്ത വിമർശനവുമായി സുപ്രിംകോടതി
X

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രിംകോടതി. ഇത് 21-ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരിൽ നമ്മൾ എവിടെയെത്തിയെന്ന് കോടതി ചോദിച്ചു. വിദ്വേഷ പ്രസംഗത്തിൽ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ അധികൃതർ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.

മുസ്‌ലിംകൾ നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന ബി.ജെ.പി എം.പി പർവേഷ് വർമയുടെ പ്രസംഗത്തിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ കടുത്ത നിരീക്ഷണങ്ങൾ. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഹൃതികേഷ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജിയിൽ വാദംകേട്ടത്. ജനാധിപത്യവും മതനിരപേക്ഷവുമാണെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് സുപ്രിംകോടതി പറഞ്ഞു.

ഇത് 21-ാം നൂറ്റാണ്ടാണ്. ദൈവത്തെ എന്തിലേക്കാണ് നമ്മൾ ചുരുട്ടിക്കെട്ടിയത്? ശാസ്ത്രബോധമുണ്ടാകണമെന്നാണ് ആർട്ടിക്കിൾ 51 പറയുന്നത്. എന്നാൽ, മതത്തിന്റെ പേരിൽ ഈ നടക്കുന്നതെല്ലാം ദുരന്തമാണെണ്. ഇവിടെ ഉയർന്നിരിക്കുന്ന പരാതികൾ അതിഗുരുതരമാണ്. വിദ്വേഷ പ്രസംഗങ്ങളിലേക്ക് നയിച്ച, വിദ്വേഷത്തിന്റെ അന്തരീക്ഷം രാജ്യത്ത് പിടിമുറുക്കുകയാണ്. ഐക്യവും അഖണ്ഡതയും വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യവുമെല്ലാം ഭരണഘടനാ ആമുഖത്തിൽ പറയുന്ന മാർഗനിർദേശക തത്വങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്വേഷ പ്രസംഗ കേസുകളിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഭരണകൂടങ്ങളോട് സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. പരാതി ലഭിക്കാൻ കാത്തിരിക്കരുത്. ഇക്കാര്യത്തിൽ നടപടി വൈകിയാൽ കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Summary: "Act or face contempt": Supreme Court made some of its strongest comments on hate speech

TAGS :

Next Story