മുംബൈയില്‍ 1.2 കോടിയുടെ ഫ്ലാറ്റ്, താനെയില്‍ രണ്ട് ഷോപ്പുകള്‍; ഭിക്ഷക്കാരന്‍റെ ആസ്തി കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്‌എംടി) ഉൾപ്പെടുന്ന നഗരത്തിലെ പ്രധാന ഇടങ്ങളിലാണ് ഭരത് ഭിക്ഷാടനം നടത്തുന്നത്

ഭരത് ജെയിന്‍
മുംബൈ: ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരത് ജെയിന്‍റെ സമ്പാദ്യങ്ങളുടെ ലിസ്റ്റ് കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഭിക്ഷക്കാരന്‍ എന്നു വിളിക്കുന്നുണ്ടെങ്കിലും ആ വിളി ഭരതിന് തീരെ യോജിക്കില്ല. കാരണം കോടിക്കണക്കിനു സ്വത്തിന്‍റെ ഉടമയാണ് ഇദ്ദേഹം. 7.5 കോടിയുടെ ആസ്തിയാണ് ഭരത് ജെയിനുള്ളത്.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്‌എംടി) ഉൾപ്പെടുന്ന നഗരത്തിലെ പ്രധാന ഇടങ്ങളിലാണ് ഭരത് ഭിക്ഷാടനം നടത്തുന്നത്. 10-12 മണിക്കൂര്‍ വരെ ഭിക്ഷ യാചിച്ചാല്‍ 2000 രൂപ വരെ ലഭിക്കുമെന്നാണ് ഭരത് പറയുന്നത്. ഇക്കണോമിക് ടൈംസിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഭരത് ജെയിൻ ആഗോളതലത്തിൽ ഏറ്റവും സമ്പന്നനായ ഭിക്ഷാടകനാണ്. ഭാര്യയും രണ്ട് ആൺമക്കളും സഹോദരനും പിതാവും അടങ്ങുന്ന കുടുംബമുള്ള ജെയിന് സാമ്പത്തിക അസ്ഥിരത മൂലം ജെയിന് ഔപചാരിക വിദ്യാഭ്യാസം നേടാനായില്ല.ഭിക്ഷാടനത്തിൽ നിന്നുള്ള പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ വരെയാണ്. മുംബൈയില്‍ 1.2 കോടിയുടെ രണ്ട് ബെഡ് റൂമുള്ള ഫ്ലാറ്റും താനെയില്‍ രണ്ട് ഷോപ്പുകളും ഭരതിനുണ്ട്. വാടകയിനത്തില്‍ 30,000 രൂപയാണ് മാസം ലഭിക്കുന്നത്.
പരേലിലെ ഡ്യൂപ്ലക്സ് അപ്പാര്‍ട്ട്മെന്‍റിലാണ് ജെയിനും കുടുംബവും താമസിക്കുന്നത്. കോണ്‍വെന്‍റ് സ്കൂളില്‍ നിന്നാണ് ജെയിന്‍റെ മക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മറ്റു കുടുംബാംഗങ്ങള്‍ സ്റ്റേഷനറി കട നടത്തുന്നു. ഭിക്ഷാടനം നിര്‍ത്താന്‍ കുടുംബാംഗങ്ങള്‍ നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും ജെയിന്‍ അതു നിരസിക്കുകയാണ് പതിവ്.
Adjust Story Font
16

