Quantcast

'ജിഹാദി സാഹിത്യം കയ്യിൽ വെച്ചത് കൊണ്ട് കുറ്റവാളിയാകില്ല'; യു.എ.പി.എ കേസിൽ എൻ.ഐ.എയോട് ഡൽഹി കോടതി

കേരള, കർണാടക, കശ്മീർ എന്നിവിടങ്ങളിലുള്ളവർ പ്രതികളായ കേസിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഐഎസ്‌ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ആരോപിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    3 Nov 2022 1:42 PM GMT

ജിഹാദി സാഹിത്യം കയ്യിൽ വെച്ചത് കൊണ്ട് കുറ്റവാളിയാകില്ല; യു.എ.പി.എ കേസിൽ എൻ.ഐ.എയോട് ഡൽഹി കോടതി
X

ന്യൂഡൽഹി: ജിഹാദി സാഹിത്യമോ തത്വചിന്തയോ കയ്യിൽ വെച്ചത് കൊണ്ട് മാത്രം ഒരാളെയും കുറ്റവാളിയായി കാണാനാകില്ലെന്നും അവ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹേതുവായെങ്കിൽ മാത്രമേ നടപടി സ്വീകരിക്കാനാകൂവെന്നും ഡൽഹി കോടതി. അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ടിൽ (യു.എ.പി.എ) കേസ് പരിഗണിക്കവേ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ)യോടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പട്യാല ഹൗസ് കോടതിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി ധർമേഷ് ശർമയാണ് നിരീക്ഷണം നടത്തിയത്. ലൈവ് ലോ.ഇന്നും ഇന്ത്യൻ എക്‌സ്പ്രസും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിഹാദി സാഹിത്യ കൃതികൾ കൈവശം വെക്കുന്നത് കൊണ്ട് മാത്രം കുറ്റവാളിയാക്കുന്നത് ഭരണഘടനയുടെ 19ാം ആർടിക്ൾ അനുവദിക്കുന്ന സ്വാതന്ത്ര്യത്തിനും അവകാശത്തിനും എതിരാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കേരള, കർണാടക, കശ്മീർ എന്നിവിടങ്ങളിലുള്ളവർ പ്രതികളായ കേസിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഐഎസ്‌ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ആരോപിക്കപ്പെടുന്നത്.

കേസിൽ 11 പേർക്ക് നിരോധിത ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുമായി ബന്ധമുണ്ടെന്നും സമൂഹ മാധ്യമങ്ങളിലടക്കമുള്ള ഐഎസ്‌ അജണ്ടകളുടെ പ്രചാരകരായി ഇവർ പ്രവർത്തിച്ചിരുന്നുവെന്നും എൻഐഎ ആരോപിച്ചിരുന്നു. പ്രതികൾക്കിടയിൽ നടന്ന 60000 രൂപയുടെ ഇടപാട് ചൂണ്ടിക്കാട്ടി കേസിൽ തീവ്രവാദ ഫണ്ടിംഗ് നടന്നിരുന്നുവെന്നും എൻഐഎ കുറ്റപ്പെടുത്തിയിരുന്നു.

മുസ്ഹബ് അൻവർ, റീസ് റഷീദ്, മുൻഡാഡിഗുട്ട് സദാനന്ദ മർല ദീപ്തി, മുഹമ്മദ് വഖാർ ലോൺ, മിസ്ഹ സിദ്ദീഖ്, ഷിഫ ഹാരിസ്, ഉബൈദ് ഹാമിദ് മട്ട, അമ്മാർ അബ്ദുറഹ്മാൻ എന്നിവർക്കെതിരെയുള്ള ഐപിസി 120 ബി സെക്ഷൻ പ്രകരവും യുഎപിഎ 2(0), 13, 38, 39 പ്രകാരവുമുള്ള കുറ്റങ്ങൾ കോടതി നിലനിർത്തി. എന്നാൽ മുസമ്മിൽ ഹസൻ ഭട്ടിനെ കോടതി എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കി.

പ്രതികൾ അത്യധികം പ്രകോപനകരമായ ജിഹാദി വിവരങ്ങൾ ശേഖരിക്കുകയും ബോധപൂർവം ഇവ വിതരണം ചെയ്യുകയും സമാന ചിന്താഗതിക്കാരിൽ നിന്ന് പിന്തുണ തേടുകയും മുസ്‌ലിം യുവാക്കളെ പ്രലോഭിപ്പിക്കുകയും ചെയ്തതായും കോടതി നീരിക്ഷിച്ചു.

TAGS :

Next Story