Quantcast

മാണ്ഡ്യയിൽ എൻ.ഡി.എ സ്ഥാനാർഥിയായി എച്ച്.ഡി. കുമാരസ്വാമി; സുമലത അംബരീഷിന്റെ തീരുമാനം നിർണായകം

ബി.ജെ.പി പിന്തുണയോടെ വിജയിച്ച സുമലത വീണ്ടും മത്സരിക്കുകയാണെങ്കിൽ ത്രികോണ പോരാട്ടമായിരിക്കും മാണ്ഡ്യയിൽ

MediaOne Logo

Web Desk

  • Updated:

    2024-03-30 12:31:10.0

Published:

30 March 2024 12:30 PM GMT

sumalatha ambareesh and hd kumaraswami
X

ബെംഗളൂരു: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിൽ ജനതാദൾ എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൻ.ഡി.എ മുന്നണിയോടൊപ്പമുള്ള ജെ.ഡി.എസ് മൂന്ന് ലോക്സഭ സീറ്റിലാണ് മത്സരിക്കുന്നത്. മാണ്ഡ്യയിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മത്സരിക്കും. കോലാർ, ഹസൻ എന്നിവയാണ് മറ്റു രണ്ട് സീറ്റുകൾ. കോലാറിൽ മല്ലേശ് ബാബുവും ഹസനിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ചെറുമകൻ പ്രജ്വൽ രാവണ്ണയുമാണ് സ്ഥാനാർഥികൾ.

ആരോഗ്യപരമായ കാരണങ്ങളാൽ എച്ച്.ഡി. കുമാരസ്വാമി ലോക്സഭയിലേക്ക് മത്സരിക്കില്ലെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മകൻ നിഖിൽ കുമാരസ്വാമിയുടെ പേരും മാണ്ഡ്യയിൽ ഉയർന്നുകേട്ടിരുന്നു. ഒടുവിൽ മുൻ മുഖ്യമന്ത്രിയെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു.

നിലവിൽ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സുമലത അംബരീഷാണ് മാണ്ഡ്യയിലെ എം.പി. ഇത്തവണ സുമതല മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞദിവസം ഇവർ ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതോടെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ശനിയാഴ്ച അനുയായികളുടെ യോഗം വിളിച്ചുചേർത്തിരുന്നു.

വീണ്ടും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന സൂചനയാണ് ഇവർ യോഗത്തിൽ നൽകിയത്. അന്തിമ തീരുമാനം ഏപ്രിൽ മൂന്നിനുണ്ടാകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ നിഖിൽ കുമാരസ്വാമിയെ ആണ് ഇവർ പരാജയപ്പെടുത്തിയത്.

വൊഗ്ഗലിഗ സമുദായത്തിന് ഏറെ സ്വാധീനമുള്ള മേഖലയാണ് മാണ്ഡ്യ. ഇവർക്കിടയിൽ ഏറെ പ്രചാരമുള്ള പാർട്ടി കൂടിയാണ് ജെ.ഡി.എസ്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ രീതിയിൽ വോട്ട് നേടാൻ സാധിച്ചിരുന്നില്ല. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറും വൊക്കലിഗ സമുദായാംഗമാണ്. അതിനാൽ തന്നെ വോട്ടുബാങ്കിന്റെ വലിയൊരു ശതമാനം ഇപ്പോൾ കോൺഗ്രസിനൊപ്പമാണ്. ഇത് തിരിച്ചുകൊണ്ടുവരിക കൂടിയാണ് എച്ച്.ഡി. കുമാരസ്വാമിയുടെ സ്ഥാനാർഥിത്തത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.

സ്റ്റാർ ചന്ദ്രു എന്നറിയപ്പെടുന്ന വെങ്കടരമണ ഗൗഡയാണ് മാണ്ഡ്യയിലെ കോൺഗ്രസ് സ്ഥാനാർഥി. സുമലത കൂടി മത്സരിക്കുകയാണെങ്കിൽ ത്രികോണ പോരാട്ടമാകും മാണ്ഡ്യയിൽ അരങ്ങേറുക.

കഴിഞ്ഞതവണ കോൺഗ്രസും ജെ.ഡി.എസും ഒരുമിച്ചായിരുന്നു ബി.ജെ.പിയെ നേരിട്ടത്. എന്നാൽ, 28 സീറ്റിൽ 25ഉം നേടിയത് ബി.ജെ.പിയാണ്. കോൺഗ്രസിനും ജെ.ഡി.എസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.

TAGS :

Next Story