Quantcast

ഹിജാബ് മതപരമായി അനിവാര്യമാണോ എന്നതിലേക്കു കർണാടക ഹൈക്കോടതി കടക്കേണ്ടിയിരുന്നില്ല: ജസ്റ്റിസ് സുധാംശു ധൂലിയ

സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിട്ടപ്പോൾ ഹിജാബ് വിലക്കാൻ കാരണം എന്താണെന്ന് അഭിഭാഷകൻ ദുഷ്യന്ത് ദവെ

MediaOne Logo

Web Desk

  • Published:

    20 Sep 2022 2:09 PM GMT

ഹിജാബ് മതപരമായി അനിവാര്യമാണോ എന്നതിലേക്കു കർണാടക ഹൈക്കോടതി കടക്കേണ്ടിയിരുന്നില്ല: ജസ്റ്റിസ് സുധാംശു ധൂലിയ
X

ഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് ചോദ്യംചെയ്തുള്ള ഹരജികളില്‍ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്. ഹിജാബ് കേസില്‍ കർണാടക ഹൈക്കോടതി ഒഴിച്ചുകൂടാനാവാത്ത മതാചാരം സംബന്ധിച്ച ചോദ്യത്തിലേക്ക് കടക്കേണ്ടിയിരുന്നില്ലെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ വാക്കാല്‍ പരാമര്‍ശിച്ചു. ഹിജാബ് കേസിൽ വാദം കേൾക്കുന്നതിന്‍റെ എട്ടാം ദിവസമാണ് ജസ്റ്റിസ് ധൂലിയ വാക്കാല്‍ ഈ പരാമര്‍ശം നടത്തിയത്. കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഒരു കൂട്ടം ഹരജികളാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാംശു ധൂലിയയും അടങ്ങുന്ന ബെഞ്ച് പരിഗണിക്കുന്നത്.

ഹൈക്കോടതിക്ക് അനിവാര്യമായ മതാചാരമെന്ന വിഷയത്തിലേക്ക് പോകുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് കർണാടക സര്‍ക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സമ്മതിച്ചു. എന്നാൽ ഹിജാബ് അനിവാര്യമായ ആചാരമാണെന്ന വാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത് ഹരജിക്കാരാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ഒരു ആചാരം അനിവാര്യമായ മതാചാരമാണോ അല്ലയോ എന്ന് നിർണയിക്കാൻ കോടതികൾ വികസിപ്പിച്ച പരിശോധനകൾ ഉണ്ടെന്നും ആ പരിധിയില്‍ പെടുന്ന ആചാരങ്ങൾക്ക് മാത്രമേ സംരക്ഷണം നൽകാൻ കഴിയൂവെന്നും തുഷാര്‍ മേത്ത വാദിച്ചു. ആചാരം പണ്ടുമുതലേ ആരംഭിച്ചതായിരിക്കണം, മതവുമായി സഹവർത്തിത്വമുള്ളതായിരിക്കണം, വളരെ അനിവാര്യമായത് ആയിരിക്കണം- അതില്ലാതെ മതത്തിന്റെ സ്വഭാവം മാറുമെന്ന തരത്തിലുള്ള നിർബന്ധിത ആചാരമായിരിക്കണം എന്നെല്ലാമാണ് തുഷാര്‍ മേത്ത വാദിച്ചത്.

ഹിജാബ് സംബന്ധിച്ച് ഖുര്‍ആനില്‍ നിന്നുള്ള ചില വാക്യങ്ങൾ ഹരജിക്കാർ ഉദ്ധരിച്ചിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഖുർആനിലെ പരാമർശം കൊണ്ട് മാത്രം ആചാരം അനിവാര്യമാകില്ലെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

"ഹിജാബ് വളരെ നിർബന്ധിതമാണെന്ന് അവർ തെളിയിക്കേണ്ടതുണ്ട്. ഹിജാബ് അനുവദനീയമായ ആചാരമോ മികച്ച ആചാരമോ ആകാം. പക്ഷേ അതൊരു ഒഴിച്ചുകൂടാനാവാത്ത ആചാരമല്ല"- തുഷാര്‍ മേത്ത വാദിച്ചു. ഇറാൻ പോലുള്ള രാജ്യങ്ങളിൽ സ്ത്രീകൾ ഹിജാബിനെതിരെ പോരാടുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.

"ഹിജാബ് ധരിക്കണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്നും ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളതെല്ലാം നിര്‍ബന്ധമാണെന്നും അവര്‍ പറയുന്നു''- ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിട്ടപ്പോൾ ഹിജാബ് വിലക്കാൻ കാരണം എന്താണെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് തമന്ന സുല്‍ത്താനയ്ക്കായി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവെ ചോദിച്ചു. ഹിജാബ് വിലക്കിയത് ശരിവച്ച കർണാടക ഹൈക്കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്നും ദവെ വാദിച്ചു.

സിഖ് മതക്കാർക്ക് തലപ്പാവ് പോലെത്തന്നെയാണ് മുസ്‍ലിം സ്ത്രീകൾക്ക് ഹിജാബുമെന്ന് ദുഷ്യന്ത് ദവെ ഇന്നലെ വാദത്തിനിടെ പറഞ്ഞു- ''ഇതൊരു യൂനിഫോമിന്റെ കാര്യമല്ല. സൈനിക സ്‌കൂളുകളുടെയും പട്ടാളച്ചിട്ടയുള്ള നാസി സ്‌കൂളുകളുടെയും വിഷയമല്ല നമ്മൾ കൈകാര്യം ചെയ്യുന്നത്. പ്രീ യൂനിവേഴ്‌സിറ്റി കോളജുകളുടെ കാര്യമാണിത്''

"പൊട്ട് തൊടാനും കുരിശ് ധരിക്കാനും ആഗ്രഹിക്കുന്നവരുണ്ട്. എല്ലാവർക്കും അതിനുള്ള അവകാശമുണ്ട്. അതാണ് ഇവിടത്തെ സാമൂഹികജീവിതത്തിന്റെ സൗന്ദര്യവും''- ദുഷ്യന്ത് ദവെ കൂട്ടിച്ചേർത്തു. കേസില്‍ നാളെയും വാദം തുടരും.

TAGS :

Next Story