Quantcast

ക്ലാസ്‌റൂമിൽ ഹിജാബ് ധരിച്ച് നമസ്‌കരിച്ചെന്ന് പരാതി; വിദ്യാർത്ഥിനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർവകലാശാല

മധ്യപ്രദേശിലെ ഡോ. ഹരിസിങ് ഗൗർ സാഗർ സർവകലാശാലയിലാണ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് നമസ്‌കരിച്ചതായുള്ള പരാതിയെത്തുടർന്ന് വൈസ് ചാൻസലർ അന്വേഷണം പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    27 March 2022 10:20 AM GMT

ക്ലാസ്‌റൂമിൽ ഹിജാബ് ധരിച്ച് നമസ്‌കരിച്ചെന്ന് പരാതി; വിദ്യാർത്ഥിനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർവകലാശാല
X

മധ്യപ്രദേശിൽ ഹിജാബ് ധരിച്ച് ക്ലാസ്മുറിയിൽ നമസ്‌കരിച്ച വിദ്യാർത്ഥിനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർവകലാശാലാ വൈസ് ചാൻസലർ. കേന്ദ്ര സർവകലാശാലയായ ഡോ. ഹരിസിങ് ഗൗർ സാഗറിലാണ് സംഭവം. വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് നമസ്‌കരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് സർവകലാശാലയുടെ നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉച്ചയ്ക്കുശേഷം ക്ലാസ്മുറിയിൽ വിദ്യാർത്ഥിനി നമസ്‌കരിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഹിന്ദു ജാഗ്രൻ മഞ്ച് അടക്കമുള്ള സംഘടനകൾ പരാതിയുമായി രംഗത്തെത്തിയത്. സർവകലാശാലയിൽ ഹിജാബ് ധരിക്കുകയും നമസ്‌കരിക്കുകയും ചെയ്‌തെന്ന് കാണിച്ച് സംഘം അധികൃതർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചതായി വി.സി നീലിമ ഗുപ്ത അറിയിച്ചത്.

സംഭവം അന്വേഷിക്കാൻ അഞ്ചംഗ സംഘത്തെ നിയമിച്ചതായി നീലിമ ഗുപ്ത പറഞ്ഞു. ഇതോടൊപ്പം ആരാധനകൾ വീട്ടിൽ വച്ച് നിർവഹിക്കണമെന്ന് വിദ്യാർത്ഥികളോട് നിർദേശിച്ചിട്ടുള്ളതാണെന്നും സർവകലാശാല പഠനത്തിനുള്ളതാണെന്നും ഗുപ്ത കൂട്ടിച്ചേർത്തു. അഞ്ചംഗ സമിതി മൂന്നു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് രജിസ്ട്രാർ സന്തോഷ് പ്രതികരിച്ചു. റിപ്പോർട്ടിന് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.

കുറേനാളായി വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സർവകലാശാലയിലെത്താറുണ്ടെന്നും ക്ലാസുകളിൽ പങ്കെടുക്കാറുണ്ടെന്നും ഹിന്ദു ജാഗ്രൻ മഞ്ച് യൂനിറ്റ് പ്രസിഡന്റ് ഉമേഷ് സറഫ് പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ മതക്കാർക്കുമുള്ളതാണ്. ഇവിടെ ഇത്തരം മതാചാരങ്ങൾ പറ്റില്ലെന്നും ഉമേഷ് വ്യക്തമാക്കി.

Summary: Hijab-clad student offers namaz inside Madya Pradesh university classroom, VC orders probe

TAGS :

Next Story