Quantcast

ഹിജാബിനെ അനുകൂലിച്ചവര്‍ക്കെതിരെ 'അൽഖാഇദ' ചാപ്പ; ന്യൂസ് 18ന് 50,000 പിഴ

ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്‌സ് അതോറിറ്റിയുടേതാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-10-28 14:12:35.0

Published:

28 Oct 2022 2:08 PM GMT

ഹിജാബിനെ അനുകൂലിച്ചവര്‍ക്കെതിരെ അൽഖാഇദ ചാപ്പ; ന്യൂസ് 18ന് 50,000 പിഴ
X

ന്യൂഡൽഹി: ഹിജാബ് വിവാദത്തിലെ തെറ്റായ വാർത്താ കവറേജിന് ന്യൂസ് 18 ഇന്ത്യയ്ക്ക് പിഴ. ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്‌സ് അതോറിറ്റി(എൻ.ബി.എസ്.എ) ആണ് ചാനലിന് 50,000 രൂപ പിഴയിട്ടിരിക്കുന്നത്. ഹിജാബ് വിവാദത്തിനു പിന്നിൽ അൽഖാഇദയാണെന്ന തരത്തിലുള്ള വാർത്തകളുടെ പേരിലാണ് നടപടി.

കഴിഞ്ഞ ഡിസംബറിൽ കർണാടകയിലെ ഉഡുപ്പിയിലുള്ള പ്രീ യൂനിവേഴ്‌സിറ്റി കോളജിൽ തുടങ്ങിയ ഹിജാബ് വിവാദം വലിയ കോളിളക്കങ്ങൾക്കിടയാക്കുകയും നിയമയുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹിജാബ് വിവാദത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കലാപം സൃഷ്ടിക്കുന്ന തരത്തിലാണ് ന്യൂസ് 18 വാർത്തകൾ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ഇന്ദ്രജിത് ഗൊർപാഡെ എന്ന പേരിലുള്ള ഒരാൾ എൻ.ബി.എസ്.എയ്ക്ക് പരാതി നൽകുകയായിരുന്നു. ഹിജാബ് അവകാശത്തിനായി നിയമപോരാട്ടം നടത്തിയ പെൺകുട്ടികൾക്ക് അൽഖാഇദ ബന്ധവും ആരോപിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതിലാണ് അതോറിറ്റിയുടെ നടപടി.

അമൻ ചോപ്ര നയിച്ച പരിപാടിയിലായിരുന്നു വിവാദ പരാമർശങ്ങൾ. ഹിജാബി ഗ്യാങ്, ഹിജാബ് ധരിച്ച യുദ്ധസംഘം എന്നു തുടങ്ങുന്ന വിശേഷങ്ങളുമായാണ് പെൺകുട്ടികളെ അവതാരകൻ പരിചയപ്പെടുത്തിയത്. ചർച്ചയിൽ ഹിജാബിനെ അനുകൂലിച്ച് സംസാരിച്ചവരിലും അൽഖാഇദ ബന്ധം ആരോപിച്ചു. അയ്മൻ സവാഹിരി സംഘത്തിലെ അംഗങ്ങളാണ്, സവാഹിരിയുടെ അംബാസഡറാണ് എന്നു തുടങ്ങുന്ന ആരോപണങ്ങളും നടത്തി.

#AlQaedaGangExposed എന്ന ഹാഷ്ടാഗ് അടങ്ങിയ ഗ്രാഫിക്‌സ് കാർഡും ചാനൽ പുറത്തുവിട്ടിരുന്നു. അൽഖാഇദയാണ് ഹിജാബ് വിവാദം സൃഷ്ടിച്ചതെന്ന് അവതാരകൻ ആരോപിക്കുകയും ചെയ്തു.

ചാനലിന്റെയും അവതാരകന്റെയും ആരോപണങ്ങൾക്ക് തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എൻ.ബി.എസ്.എ ന്യൂസ് 18 അധികൃതരോട് വിശദീകരണം തേടി. പരിപാടി വെബ്‌സൈറ്റ് അടക്കം എല്ലാ പ്ലാറ്റ്‌ഫോമുകളിൽനിന്നും ഒരാഴ്ചയ്ക്കകം പിൻവലിക്കാനും നിർദേശിച്ചു. ഇതിനു ചാനൽ നൽകിയ വിശദീകരണം അതോറിറ്റി തള്ളുകയും പിഴ ചുമത്തുകയുമായിരുന്നു. ഇത്തരം നിയമലംഘനങ്ങൾ നടത്തിയാൽ അവതാരകൻ അമൻ ചോപ്ര അതോറിറ്റിക്ക് മുൻപിൽ ഹാജരാകേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

Summary: News18 India fined Rs 50,000 for its coverage of Karnataka hijab ban case

TAGS :

Next Story