ഒരു കുപ്പി മദ്യത്തിന് 10 രൂപ 'പശു സെസ്', തുക പശുക്കളുടെ ക്ഷേമത്തിന്; പ്രഖ്യാപനവുമായി ഹിമാചൽ സർക്കാർ

ഓരോ വർഷവും 100 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-18 12:19:44.0

Published:

18 March 2023 12:09 PM GMT

Himachal imposesHimachal imposes
X

ഷിംല: ഒരു കുപ്പി മദ്യം വാങ്ങുമ്പോൾ 10 രൂപ പശു സെസ് ഏർപ്പെടുത്തി ഹിമാചൽ പ്രദേശ് സർക്കാർ. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം. ഓരോ വർഷവും 100 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അലഞ്ഞുതിരിയുന്ന പശുക്കളെ പരിപാലിക്കുന്നതിനാണ് ഈ തുക ചെലവഴിക്കുക.

സ്ത്രീകൾക്ക് നിശ്ചിത പ്രതിമാസ വേതനം, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്സിഡി എന്നിങ്ങനെയുള്ള വിവിധ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകർക്ക് രണ്ടു ശതമാനം പലിശക്ക് ലോൺ നൽകുക,ഇരുപതിനായിരം വിദ്യാർഥികൾക്ക് സ്‌കൂട്ടർ വാങ്ങുന്നതിന് വേണ്ടി 25,000 രൂപ വീതി സബ്‌സിഡി തുടങ്ങി നിരവധി പ്രഖ്യാപനങ്ങളും സുഖ്വീന്ദർ സിംഗ് സുഖു ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പശു സെസ് ഏർപ്പാടാക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങൾ അലഞ്ഞുതിരിയുന്ന പശുക്കളെ പരിപാലിക്കുന്നതിനുള്ള തുക കണ്ടെത്താന്‍ 'പശു സെസ്', 'പശുക്ഷേമ സെസ്' ഈടാക്കുന്നുണ്ട്. സെസ് നിരക്ക് ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. മദ്യം, കാറുകൾ, ബൈക്കുകൾ തുടങ്ങിയ ആഡംബര ചരക്കുകൾക്കും സേവനങ്ങൾക്കുമാണ് പശു സെസ് കൂടുതലായി ചുമത്തുന്നത്. പശുക്കളെ സംരക്ഷിക്കാനും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പരിപാലിക്കാനും ഗോശാലകൾക്ക് ഫണ്ട് നൽകാനും ഇത് ഉപയോഗിക്കുന്നു.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാറും നേരത്തെ പശു സെസ് ഏർപ്പെടുത്തിയിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ പശു സെസിൽ നിന്ന് 2,176 കോടി രൂപയാണ് രാജസ്ഥാൻ സർക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഉത്തർപ്രദേശ് സർക്കാറും പശുക്കൾക്ക് ഷെൽട്ടർ പണിയാനായി 0.5 ശതമാനം സെസ് ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story