Quantcast

സ്വാതന്ത്ര്യദിനത്തിൽ ​ഗോഡ്സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭ തിരം​ഗ യാത്ര

മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുടെ ചിത്രം ത്രിവർണപതാക യാത്രയിൽ വഹിക്കുകയെന്നതാണ് സംഘടനയുടെ ആദർശമെന്ന് മഹാസഭ ഹിന്ദു ജില്ലാ ചെയർമാൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-08-16 16:28:40.0

Published:

16 Aug 2022 2:02 PM GMT

സ്വാതന്ത്ര്യദിനത്തിൽ ​ഗോഡ്സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭ തിരം​ഗ യാത്ര
X

സ്വാതന്ത്ര്യദിനത്തിൽ മഹാത്മാ​ഗാന്ധി ​ഘാതകൻ നാഥുറാം വിനായക് ​ഗോഡ്സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭയുടെ തിരം​ഗ യാത്ര. യുപിയിലെ മുസഫർന​ഗറിലാണ് ആ​ഗസ്റ്റ് 15ന് അഖിൽ ഭാരതീയ ഹിന്ദു മഹാസഭ വിവാദ ഘോഷയാത്ര നടത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വൻ വിമർശനം ഉയർന്നു.

മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുടെ ചിത്രം ത്രിവർണപതാക യാത്രയിൽ വഹിക്കുകയെന്നതാണ് സംഘടനയുടെ ആദർശമെന്ന് മഹാസഭ ഹിന്ദു ജില്ലാ ചെയർമാൻ ലോകേഷ് സൈനി പറഞ്ഞു. ഘോഷയാത്രയിൽ ഉൾപ്പെടുത്തിയ നിരവധി വിപ്ലവകാരികളുടെ ചിത്രങ്ങളിൽ ഒന്ന് മാത്രമാണ് ​ഗോഡ്സെയുടേത് എന്ന് ഹിന്ദു മഹാസഭ നേതാവ് യോ​ഗേന്ദ്ര വർമ പ്രതികരിച്ചു.

''സ്വാതന്ത്ര്യദിനത്തിൽ ഞങ്ങൾ സംഘടിപ്പിച്ച തിരം​ഗ യാത്ര ജില്ലയിലുടനീളം പ്രയാണം നടത്തി. പ്രമുഖ ഹിന്ദു നേതാക്കൾ അതിൽ പങ്കാളികളായി. നിരവധി വിപ്ലവകാരികളുടെ ചിത്രങ്ങൾ അതിൽ ഞങ്ങൾ ഉപയോ​ഗിച്ചു. അതിലൊന്നായിരുന്നു ​ഗോഡ്സെയുടേതും''- യോ​ഗേന്ദ്ര വർമ ന്യൂസ് ഏജൻസിയോട് പറഞ്ഞു.

മഹാത്മാഗാന്ധിയെ വധിക്കാൻ ഗോഡ്‌സെ നിർബന്ധിതനായത് അദ്ദേഹം പിന്തുടരുന്ന നയനിലപാടുകൾ മൂലമാണെന്നും അതിന് ​ഗോഡ്സെ വധശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്തെന്നും യോ​ഗേന്ദ്ര പറഞ്ഞു.

''ഗോഡ്‌സെ സ്വയം കേസ് നടത്തി. കോടതിയിൽ അദ്ദേഹം പറഞ്ഞതെല്ലാം സർക്കാർ പരസ്യമാക്കണം. എന്തിനാണ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് ജനങ്ങൾ അറിയാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഗാന്ധിയുടെ ചില നയങ്ങൾ ഹിന്ദു വിരുദ്ധമായിരുന്നു. വിഭജന സമയത്ത് 30 ലക്ഷം ഹിന്ദുക്കളും മുസ്‌ലിങ്ങളും കൊല്ലപ്പെട്ടു. ഇതിന് ഉത്തരവാദി ഗാന്ധിയാണ്" -ഹിന്ദു മഹാസഭ നേതാവ് ആരോപിച്ചു.

''ഗാന്ധി തങ്ങൾക്ക് പ്രചോദനമാണെന്ന് ചിലർ വിശ്വസിക്കുന്നു. അതേ വിശ്വാസമാണ് ​ഗോഡ്സെയുടെ കാര്യത്തിൽ ഞങ്ങൾക്കുള്ളതും''- യോ​ഗേന്ദ്ര കൂട്ടിച്ചേർത്തു.

TAGS :

Next Story