'നീ ഒരു മുസല്‍മാനാണോ?' ബംഗാളില്‍ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവര്‍ത്തകനെ ആക്രമിച്ച് ഹിന്ദുത്വവാദികള്‍
മര്‍ദനത്തില്‍ യുവാവിന്റെ കര്‍ണപടം തകര്‍ന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുസ്‌ലിമെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. ശുഭങ്കര്‍ ദാസ്ശര്‍മയാണ് ആക്രമിക്കപ്പെട്ടത്. പര്‍ഗാനാസ് ജില്ലയിലെ ശ്യാംനഗര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.
കറുത്ത ജുബ്ബയും പൈജാമയും ധരിച്ചെത്തിയ ശുഭങ്കറിനെ അക്രമികള്‍ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദിക്കുകയായിരുന്നു. ജൂലൈ 28ന് രാത്രിയാണ് ശുഭങ്കര്‍ മര്‍ദനത്തിന് ഇരയായത്.
കൊല്‍ക്കത്തയില്‍ ഒരു നാടകം അവതരിപ്പിച്ചതിന് ശേഷം ലെനിന്‍ നഗറിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അക്രമം. 'ജനഗണമന' എന്ന നാടക ഗ്രൂപ്പിലാണ് ശുഭങ്കര്‍ പ്രവര്‍ത്തിക്കുന്നത്. മര്‍ദനത്തില്‍ യുവാവിന്റെ കര്‍ണപടം തകര്‍ന്നു.
ഹിന്ദുത്വരുടെ ആക്രമണത്തിന് ഇരയായ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. 'നീ ഒരു മുസ്‌ലിമാണോ' എന്ന വാചകത്തോടെയാണ് ശുഭങ്കറിന്റെ പോസ്റ്റ്. പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോകളില്‍ ശുഭങ്കറിന്റെ മുഖവും കണ്ണും നീരുകെട്ടി വീര്‍ത്തിരിക്കുന്നതായി കാണാം.
സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ശുഭങ്കര്‍ അക്രമികള്‍ക്കെതിരെ രംഗത്തെത്തിയത്. അതുവരെ എന്ത് ചെയ്യുമെന്ന് ആലോചിച്ച് വീടിനുള്ളില്‍ തന്നെ ഇരിക്കുകയായിരുന്നു എന്നും ശുഭങ്കര്‍ പറഞ്ഞു.
'ആ നിമിഷത്തില്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം ഹിന്ദുവാണെന്ന് പറയുന്നത് ഒരു പാപമാണെന്ന് തോന്നിപ്പോയി. ഞാന്‍ ഹിന്ദുവാണെന്ന് പറഞ്ഞാല്‍ അത് അവര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നതിന് സമാനമാണ്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാനായി മാത്രം ഞാന്‍ മുസ്‌ലിമല്ലെന്ന് പറയില്ല. ഇനി ഞാന്‍ ഒരു മുസ്‌ലിമാണെങ്കില്‍ എന്താണ് കുഴപ്പം. ഈ രാജ്യം അവരുടേത് കൂടിയല്ലേ?,' എന്നും ശുഭങ്കര്‍ ചോദിക്കുന്നു.
ജയ് ശ്രീറാം വിളികളോടെയാണ് ആക്രമികള്‍ തന്റെ അരികിലേക്ക് എത്തിയതെന്നും കറുത്ത ജുബ്ബ വലിച്ചുകീറിയെന്നും ശുഭങ്കര്‍ ദാസ്ശര്‍മ പറഞ്ഞു.
Adjust Story Font
16

