‘ക്രൈസ്തവരുടെ ശവക്കുഴിയും ഹിന്ദുത്വ സംഘടനകൾ തോണ്ടുന്നു’ ; പ്രധാനമന്ത്രിക്ക് കത്തെഴുതി യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം
യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറമാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്; കത്തിന്റെ പൂർണരൂപം വായിക്കാം

ന്യുഡൽഹി: ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം പ്രധാനമന്ത്രിക്ക് കത്തെഴുതി. ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമങ്ങൾ ഉടൻ നിർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യണമെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യ മാനദണ്ഡങ്ങളെക്കുറിച്ചും പൊലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും പരിശീലനം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നാഷ്ണൽ കോർഡിനേറ്റർ എ.സി.മിഖേയലാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരിക്കുന്നത്.
കത്തിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട പ്രധാനമന്ത്രി,
ക്രിസ്മസ് ദിനത്തിൽ ന്യൂഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ചതിന് നന്ദി.
ക്രൈസ്തവ സമൂഹത്തിലേക്ക് എത്താൻ അങ്ങ് ശ്രമിക്കുന്നത് വ്യക്തമാണ്. 2023-ലെ ഈസ്റ്ററിന് താങ്കൾ ന്യൂഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിക്കുകയും അതിനുശേഷം അങ്ങയുടെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുകയും ചെയ്തു. 2024-ൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) ക്രിസ്മസ് ആഘോഷങ്ങളിൽ അങ്ങ് പങ്കെടുത്തു. ഈ വർഷം, CBCI-യുടെ ക്രിസ്മസ് ആഘോഷങ്ങളിൽ ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സാന്നിധ്യം അങ്ങ് ഉറപ്പാക്കി. അതേസമയം, ക്രൈസ്തവ സുദായം വലിയ രീതിയിലുള്ള ആക്രമങ്ങളെ അഭിമുഖീകരിക്കുകയാണ്. അതിൽ താങ്കളുടെ ഇടപെടൽ അത്യാവശ്യമാണ്.
1. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്ക് പ്രകാരം ക്രൈസ്തവർക്കെതിരെ 834 ആക്രമണങ്ങളാണ് 2024ൽ റിപ്പോർട്ട് ചെയ്തത്. ആക്രമണ സംഭവങ്ങളുടെ പ്രതിമാസ ശരാശരി 69.5 ആണ്. മതത്തിന്റെ പേരിലുള്ള പീഡനത്തിൻ്റെ ആശങ്കപ്പെടുത്തുന്ന കണക്കാണിത്.
2. 2025ൽ നവംബർ വരെ മാത്രം 706 ആക്രമണ സംഭവങ്ങളാണ് ക്രൈസ്തവർക്കെതിരെ ഉണ്ടായിട്ടുള്ളത്.
3. വ്യാജ മതപരിവർത്തന ആരോപണങ്ങളാണ് ആക്രമണത്തിന് പിന്നിൽ. 2025ലെ നവംബർ വരെയുള്ള കണക്ക് പരിഗണിച്ചാൽ ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടന്നിട്ടുള്ള രണ്ട് സംസ്ഥാനങ്ങൾ ഉത്തർപ്രദേശും ഛത്തീസ്ഗഢുമാണ്. ഉത്തർപ്രദേശിൽ 184 ആക്രമണങ്ങളും ഛത്തീസ്ഗഢിൽ 157 ആക്രമണങ്ങളുമാണ് ഉണ്ടായത്.
4. പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് (പിയുസിഎൽ) പ്രസിദ്ധീകരിച്ച 'Criminalising Practice of Faith' റിപ്പോർട്ട് പ്രകാരം ക്രൈസ്തവർക്കെതിരായ ആക്രമങ്ങളിൽ പൊലീസ് ഹിന്ദുത്വ ഗ്രൂപ്പുകളുമായി ഒത്തുകളിക്കുകയാണ്. പ്രാർഥനാ യോഗങ്ങൾ പലപ്പോഴും തടസപ്പെടുത്തുന്ന സാഹചര്യമുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 295എ, 298 എന്നിവ പ്രകാരം പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
5. ആദിവാസി മേഖലകളിൽ ക്രൈസ്തവർക്ക് ശവസംസ്കാരത്തിനുള്ള സ്ഥലം പോലും നിഷേധിക്കപ്പെടുകയാണ്. സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുക്കാൻ നിർബന്ധിക്കുകയാണ്. ഛത്തീസ്ഗഢ്, ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ കേസുകൾ ഏകോപിപ്പിച്ച് സ്ത്രീകളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയാണ്.
a. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്ക് പ്രകാരം 2025ൽ മാത്രം ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് 23 സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഛത്തീസ്ഗഢിൽ 19ഉം ജാർഖണ്ഡിൽ രണ്ടും ഒഡിഷയിലും പശ്ചിമ ബംഗാളിലും ഓരോ സംഭവങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. 2024ൽ ഇത് ഏകദേശം 40 ആയിരുന്നു (ഛത്തീസ്ഗഢിൽ 30, ഝാർഖണ്ഡിൽ ആറ്, മറ്റ് സംഭവങ്ങൾ ബിഹാർ, കർണാടക എന്നിവിടങ്ങളിൽ).
b. സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് 'ഘർ വാപ്സി' മുദ്രാവാക്യങ്ങൾ മുഴക്കുക, അക്രമം അഴിച്ചുവിടുക എന്നിങ്ങനെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
c. ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ 2025 ഡിസംബർ 15ന് അവിടുത്തെ ഗ്രാമത്തലവനായ രാജ്മാൻ സലാമിന്റെ പിതാവിനെ കുടുംബത്തിന്റെ കൃഷിഭൂമിയിൽ ക്രിസ്ത്യൻ ആചാരപ്രകാരം സംസ്‌കരിച്ചു. ഈ പ്രദേശത്തെ പരമ്പരാഗത രീതിയിലാണ് സംസ്‌കാരം നടന്നത്. സംസ്‌കാരത്തിന് പിന്നാലെ പിഇഎസ്എ നിയമപ്രകാരം മൃതദേഹം പുറത്തെടുക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ് വലിയൊരു ആൾക്കൂട്ടം സ്ഥലത്തെത്തി. ഈ സ്ഥലം പ്രാദേശിക ദൈവത്തിന്റേതാണെന്നും ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ശവസംസ്‌കാരം അനുവദിക്കില്ലെന്നും പറഞ്ഞാണ് ആൾക്കൂട്ടം എത്തിയത്.
d. 2025 നവംബറിൽ, ഛത്തീസ്ഗഢിലെ ബാലോദ് ജില്ലയിലെ ജേവാർത്തലയിലെ ഗ്രാമവാസികൾ, ക്രിസ്ത്യാനിയായി മതം മാറിയ രാമൻ സാഹുവിന്റെ ശവസംസ്‌കാരം നടത്താൻ അനുവദിച്ചില്ല. പരമ്പരാഗത ഗ്രാമീണ ആചാരങ്ങൾ മാത്രമേ അനുവദിക്കൂ എന്നായിരുന്നു ഇവരുടെ നിലപാട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിലെ കോഡെർകുർസെയിൽ മറ്റൊരു ക്രിസ്ത്യാനിയുടെ മൃതദേഹം സംസാരിക്കാനായി മൂന്ന് ദിവസമാണ് വിവിധ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോയത്. ഗ്രാമത്തിലെ ശ്മശാനങ്ങളിൽ നിന്നെല്ലാം മൃതദേഹം തിരിച്ചയക്കുകയായിരുന്നു. സംസ്‌കരിക്കാൻ ശമശാനം ഒരുക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ല.
e. ഒഡീഷയിലെ നബരംഗ്പൂരിൽ, 21കാരനായ ശരവണ ഗോണ്ടിന്റെ സംസ്‌കാരം 2025 ഏപ്രിലിൽ ആൾക്കൂട്ടം തടഞ്ഞു. മൃതദേഹം ഗ്രാമത്തിൽ സംസ്‌കരിക്കാൻ അനുവാദം നൽകണമെങ്കിൽ ശരവണ ഗോണ്ടിന്റെ കുടുംബത്തോട് ഹിന്ദുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കുടുംബം അത് നിരാകരിക്കുകയും ശരവണ ഗോണ്ടിന്റെ മൃതദേഹം അവരുടെ കൃഷി ഭൂമിയിൽ സംസ്‌കരിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ ശരവണിന്റെ അമ്മയെയും സഹോദരിയേയും ആക്രമിച്ചു. തുടർന്ന് ആൾക്കൂട്ടം മൃതദേഹം ബലമായി പുറത്തെടുക്കുകയും അടുത്തുള്ള വനത്തിൽ കൊണ്ടുപോയി കത്തിക്കുകയും ചെയ്തു. ജീവഭയം മൂലം കൃഷിയും ഉപജീവനമാർഗവും ഉപേക്ഷിച്ച് കുടുംബം നാട് വിട്ടു.
6. ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്ന തീവ്രസംഘങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ വർധിച്ചുവരുന്ന അക്രമങ്ങളും മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പിലാക്കിയതും തമ്മിലുള്ള ബന്ധം എടുത്തുകാണിക്കുന്നുണ്ട്.
7. 'മതസ്വാതന്ത്ര്യ നിയമങ്ങൾ' എന്നറിയപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ 12 ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലുണ്ട്. ഈ നിയമങ്ങൾ ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ ഉള്ള മതപരിവർത്തനം തടയാൻ ലക്ഷ്യമിടുന്നു എന്നാണ് അവകാശപ്പെടുന്നതെങ്കിലും പ്രായോഗികമായി ഇത് മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണ്. മതസ്വാതന്ത്ര്യം, സമത്വം, സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ദുർബലപ്പെടുത്തുകയാണ്. നിർബന്ധിത മതപരിവർത്തനം മൂലം നേരിട്ട് ബാധിക്കപ്പെടുന്ന വ്യക്തിക്ക് മാത്രമേ പരാതി നൽകാൻ കഴിയൂ എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ചില മുൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതി നൽകിയ ഹിന്ദുത്വ ഗ്രൂപ്പുകളുടെ നിർദേശപ്രകാരം പൊലീസ് പതിവായി ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യുകയാണ്.
8.സ്വത്ത് കണ്ടുകെട്ടൽ, രജിസ്‌ട്രേഷൻ റദ്ദാക്കൽ, കനത്ത പിഴ, ഫണ്ടിങ് പിൻവലിക്കൽ എന്നിവയ്ക്ക് ഈ നിയമങ്ങൾ അനുമതി നൽകുന്നുണ്ട്. നിയമപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ പോലും ഈ നിയമങ്ങൾ ബാധിക്കുന്നു.
9. ആർട്ടിക്കിൾ 14 എന്ന നിയമ ഗവേഷണ ഗ്രൂപ്പ് ഉത്തർപ്രദേശിൽ മതപരിവർത്തന നിയമപ്രകാരം ഫയൽ ചെയ്ത 100ലേറെ എഫ്‌ഐആറുകളാണ് വിശകലനം ചെയ്തത്. അതിൽ 63 കേസുകൾ മൂന്നാം കക്ഷികളുടെ പരാതികളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ 26 എണ്ണം തീവ്ര നിലപാടുള്ള സംഘങ്ങളുടേതായിരുന്നു.
അടുത്തിടെ നടന്ന ചില കേസുകൾ താഴെ പറയുന്നു:
(A) 2025 സെപ്തംബറിൽ മധ്യപ്രദേശിലെ സെഹോർ മേഖലയിൽ ജബ്ബാർ ഖാൻ എന്ന വ്യക്തിയുടെ വീട് അധികാരികൾ തകർത്തു. ജബ്ബാർ ഖാനും ഭാര്യയും ചേർന്ന് മതപരിവർത്തനം നടത്തി എന്നാരോപിച്ച് ഒരു തീവ്ര വലതുപക്ഷ സംഘം പ്രാർഥനാ കൂട്ടായ്മ തടസപ്പെടുത്തിയതിന് പിന്നാലെയാണ് വീട് പൊളിച്ചത്. സുപ്രിംകോടതി മാർഗനിർദേശങ്ങൾ പാലിക്കാൻ മധ്യപ്രദേശ് ഹൈക്കോടതി നിർദേശിച്ചിട്ടും ഖാൻ ജയിലിലായിരിക്കുമ്പോൾ അധികൃതർ കെട്ടിടത്തിന്റെ രണ്ടാം നില ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. ഖാന്റെ കുടുംബം 'വീട്ടിൽ മതപരിവർത്തനം നടത്തി' എന്നാമ് മുനിസിപ്പൽ മേധാവിയുടെ വാദമെന്ന് സ്‌ക്രോൾ റിപ്പോർട്ട് ചെയ്യുന്നു.
ബി). 2023 ആഗസ്റ്റ് 20ന് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ സന്തോഷ് നിഷാദ് തന്റെ വീട്ടിൽ ഒരു പ്രാർഥാനാ കൂട്ടായ്മ നടത്തുകയായിരുന്നു. അപ്പോൾ ഏകദേശം 10 പേരടങ്ങുന്ന ഒരു സംഘം അതിക്രമിച്ച് കയറി വ്യാജ മതപരിവർത്തനം ആരോപിച്ച് അദ്ദേഹത്തെ ആക്രമിച്ചു. ആഗസ്റ്റ് 21ന് വൈകുന്നേരം പാസ്റ്റർ സന്തോഷിനെ നിച്‌ലൗൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐപിസി സെക്ഷൻ 323, 506, ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം 2021 എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അദ്ദേഹം തടവിലാവുകയും ചെയ്തു. ഈ കേസിൽ സന്തോഷിനെതിരെ പരാതി നൽകാൻ തന്നെ നിർബന്ധിച്ചതായി പരാതിക്കാരൻ മഹാരാജ്ഗഞ്ച് സെഷൻസ് കോടതിയിൽ മൊഴി നൽകി. എഫ്‌ഐആറിന്റെയും പരാതിക്കാരന്റെ മൊഴിയുടേയും പകർപ്പുകൾ ഇതിന് അനുബന്ധമായി നൽകിയിട്ടുണ്ട്. സമ്മർദത്തിന് വഴങ്ങിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഇത് വ്യക്തമാക്കുന്നു.
സി). Rajendra bihari lal & Anr V. State of U.P & Ors കേസിൽ നിരവധി ക്രിസ്ത്യാനികൾ കൂട്ടമതപരിവർത്തനം നടത്തിയെന്ന കുറ്റത്തിൽ സുപ്രിംകോടതി ചില സുപ്രധാന ഇടപെടലുകൾ നടത്തി. ഉത്തർപ്രദേശ് നിയമത്തിലെ സെക്ഷൻ-4 അനുസരിച്ച് ഇരയോ ബന്ധുവോ അല്ല എഫ്‌ഐആർ ഫയൽ ചെയ്തിട്ടുള്ളതെന്നും അതുകൊണ്ട് അത് നിയമപരമായി അസാധുവാണെന്ന് കോടതി പറഞ്ഞു.
ബാക്കിയുള്ള എഫ്‌ഐആറുകളിൽ ഒരേ ആരോപണങ്ങൾ ആവർത്തിക്കുകയും ഒരേപോലെയുള്ള സാക്ഷിമൊഴികളെ ആശ്രയിക്കുകയും ചെയ്തതായി വ്യക്തമായി. ചില മൊഴികളിൽ പേര് എഴുതിയതിലെ തെറ്റുകൾ പോലും മറ്റ് ചില മൊഴികളിൽ ആവർത്തിച്ചു. ആ മൊഴികൾ മിക്കവാറും മതപരമായ ഒത്തുചേരലുകൾ, ബൈബിൾ പ്രസംഗം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് മാത്രമാണ് പറയുന്നത്. ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവയിലൂടെ നിയമവിരുദ്ധമായ മതപരിവർത്തനം നടന്നതിന് വ്യക്തമായ ആരോപണങ്ങൾ ഒന്നും അതിൽ അടങ്ങിയിരുന്നില്ല. സമാധാനപരമായ മതയോഗങ്ങളോ ജീവകാരുണ്യ പ്രവർത്തനങ്ങളോ ഉത്തർപ്രദേശ് പരിവർത്തന നിയമമോ ശിക്ഷാ നിയമമോ ക്രിമിനൽ കുറ്റമാക്കുന്നില്ലെന്ന് സുപ്രിംകോടതി വിധിച്ചു. ക്രിമിനൽ നിയമം 'നിരപരാധികളെ ഉപദ്രവിക്കാനുള്ള ഒരു ഉപകരണമായി' ഉപയോഗിക്കാനാവില്ല എന്ന് ഊന്നിപ്പറഞ്ഞ കോടതി, നടപടി തുടരുന്നത് ക്രിമിനൽ നടപടിക്രമത്തിന്റെ ദുരുപയോഗമാണെന്നും നിരീക്ഷിച്ചു. അതിനാൽ ഹരജിക്കാർക്കെതിരായ എല്ലാ എഫ്‌ഐആറുകളും നടപടികളും കോടതി റദ്ദാക്കി.
10. ക്രിസ്മസ് കാലത്തെ ആക്രമണങ്ങൾ:
ഈ വർഷം (2025) ഡിസംബറിലെ ക്രിസ്മസ് ആഘോഷ വേളയിൽ, മധ്യപ്രദേശിലെ ഝാബുവ മേഖലയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു. ക്രൈസ്തവർക്കെതിരെ സംസ്ഥാനത്തെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുക്കുകയും ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു.
11. ഛത്തീസ്ഗഢിലെ ചില തീവ്ര ഗ്രൂപ്പുകൾ ക്രിസ്ത്യൻ സമൂഹത്തിനെതിരെ പ്രതിഷേധിക്കാൻ 2025 ഡിസംബർ 24ന് സംസ്ഥാന വ്യാപകമായി 'ബന്ദിന് ആഹ്വാനം ചെയ്തു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നത് സാമൂഹിക സൗഹൃദത്തെ സാരമായി ബാധിക്കും. സമൂഹത്തിൽ അസമത്വം വർധിപ്പിക്കുകയും ചെയ്യും. ഒരു സമൂഹം മുഴുവൻ ലക്ഷ്യമിടുമ്പോൾ വ്യക്തികൾക്ക് അരക്ഷിതത്വവും ഭയവും ഒറ്റപ്പെടലും അനുഭവപ്പെടാം. ഇത് സഹകരണത്തിനു പകരം ഭയത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കുക.
മുകളിൽ ചൂണ്ടിക്കാട്ടിയ സംഭവങ്ങൾ ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന പീഡനങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നു. തുടർച്ചയായ അക്രമങ്ങളും ശത്രുതയും ക്രിസ്ത്യാനികൾക്കിടയിൽ ഭയവും അരക്ഷിതാവസ്ഥയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശ്വാസം സ്വതന്ത്രമായി ആചരിക്കുന്നത് തടസപ്പെടുത്തുന്നുണ്ട്. ഈ വിഷയങ്ങൾ പരിഹരിക്കുന്നതിനും നീതി പുനഃസ്ഥാപിക്കുന്നതിനും എല്ലാ പൗരന്മാർക്കും അവരുടെ മതവിശ്വാസം പരിഗണിക്കാതെ സൗഹൃദത്തിലും സമാധാനത്തിലും ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും സർക്കാർ വേഗത്തിൽ നടപടിയെടുക്കണം.
12. 2025 ഡിസംബർ 25ന് മുൻപുള്ള ആഴ്ചയിലെ പ്രധാന സംഭവങ്ങൾ:
(A) ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിലെ ദേവ്ദ ഗ്രാമത്തിലെ സർപഞ്ച് രാജ്മാൻ സലാമിന്റെ പിതാവിനെ കുടുംബത്തിന്റെ കൃഷിഭൂമിയിൽ അടക്കം ചെയ്തു. പരമ്പരാഗതമായി പ്രദേശത്ത് അങ്ങനെയാണ് മൃതദേഹം അടക്കം ചെയ്യുന്നത്. അധികം താമസിയാതെ, പെസ നിയമപ്രകാരം മൃതദേഹം പുറത്തെടുക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് അവകാശപ്പെട്ട് ഒരു വലിയ ജനക്കൂട്ടം രംഗത്തെത്തി. സ്ഥലം ഒരു പ്രാദേശിക ദൈവത്തിന്റേതാണെന്നും ക്രിസ്തുമതം പിന്തുടരുന്ന ഒരാളെ അടക്കം ചെയ്യുന്നത് അനുവദനീയമല്ലെന്നും അവർ വാദിച്ചു. മൃതദേഹം പുറത്തെടുത്തതിന് പിന്നാലെ പൊലീസ് സാന്നിധ്യത്തിൽ അക്രമാസക്തരായ ആൾക്കൂട്ടം വീടുകൾ, പള്ളികൾ, പ്രാർഥനാ ഹാളുകൾ എന്നിവ ആക്രമിക്കുകയും തീയിടുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ സായുധരായ ആൾക്കൂട്ടം പ്രാർഥനാ സ്ഥലങ്ങൾ നശിപ്പിക്കുന്നത് കാണാം. കലാപത്തിനിടെ കല്ലേറിൽ 20ലധികം പൊലീസുകാർക്ക് പരിക്കേറ്റു. നിയമ വാഴ്ചയുടെ തകർച്ചയാണ് ഇത് കാണിക്കുന്നത്.
അതിക്രമവും ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തലും
a. റായ്പൂർ, ഛത്തീസ്ഗഢ് (മാഗ്‌നെറ്റോ മാൾ):
കാങ്കർ ശവസംസ്‌കാര തർക്കത്തെത്തുടർന്ന് സംസ്ഥാനവ്യാപകമായി 'ഛത്തീസ്ഗഢ് ബന്ദ്' പ്രഖ്യാപിച്ച 2025 ഡിസംബർ 24ന് റായ്പൂരിലെ മാഗ്‌നെറ്റോ മാളിൽ അജ്ഞാതർ ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു. മാൾ അടച്ചിട്ടിരുന്നിട്ടും വടികളും ഹോക്കി സ്റ്റിക്കുകളുമായി ഏകദേശം 40-50 പേരടങ്ങുന്ന ആൾക്കൂട്ടം മുദ്രാവാക്യങ്ങൾ വിളികളുമായി മാളിലേക്ക് വരികയും മാളിനകത്തും പുറത്തുമുള്ള ക്രിസ്മസ് അലങ്കാരങ്ങൾ, ക്രിസ്മസ് ട്രീ ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയായിരുന്നുവെന്ന് മാൾ മാനേജ്‌മെന്റ് പറയുന്നു. നശീകരണത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
(B) നൽബാരി ജില്ല, അസം:
2025 ഡിസംബർ 24ന് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ പ്രവർത്തകർ പണിഗാവ് ഗ്രാമത്തിലെ സെന്റ് മേരീസ് സ്‌കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. നൽബാരി ടൗണിലെ കടകളിലെ ഉത്സവ വസ്തുക്കളും നശിപ്പിച്ചു. സംഭവത്തിൽ വിഎച്ച്പി, ബജ്റംഗ്ദൾ എന്നിവയുടെ പ്രാദേശിക ഭാരവാഹികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
(C) പാലക്കാട് ജില്ല, കേരളം:
വിശ്വാസികളുടെ വീടുകൾ സന്ദർശിക്കുകയായിരുന്ന കുട്ടികൾ ഉൾപ്പെട്ട ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ആക്രമണമുണ്ടായി. കുട്ടികളുടെ സംഗീതോപരണവും കരോൾ സംഘത്തിന്റെ മറ്റ് വസ്തുക്കളും പ്രതികൾ നശിപ്പിച്ചു. ആർഎസ്എസ് സ്വാധീനമുള്ള പ്രദേശത്താണ് ആക്രമണം.
(D) ക്രിസ്മസ് ആഘോഷത്തിനിടെ പള്ളിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലൽ:
ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഉത്തർപ്രദേശിലെ ബറേലി സെന്റ് അൽഫോൺസസ് കത്തീഡ്രൽ ചർച്ചിന് പുറത്ത് മതതീവ്രവാദികൾ പ്രതിഷേധിച്ചു. പള്ളിയുടെ കവാടത്തിൽ ഇരുന്ന് ഹനുമാൻ ചാലിസ ചൊല്ലി. ക്രിസ്മസ് പരിപാടികൾ ഹിന്ദു മതവിശ്വാസങ്ങളെ അപകീർത്തിപ്പെടുത്തുന്നു എന്നു പറഞ്ഞായിരുന്നു മുദ്രാവാക്യം വിളി.
പ്രകോപനപരമായ പ്രസംഗങ്ങളും അതിനെ തുടർന്നുള്ള അക്രമങ്ങളും
അലിരാജ്പൂർ, മധ്യപ്രദേശ്:
A)പ്രാദേശിക ബിജെപി നേതാവായ കാമ്രു അജ്‌നാർ നടത്തിയ ഒരു പ്രസംഗം വ്യാപകമായി മേഖലയിൽ പ്രചരിക്കുന്നുണ്ട്. ക്രിസ്ത്യൻ വിശ്വാസത്തെ പരിഹസിക്കുന്ന നിന്ദ്യമായ പരാമർശങ്ങളും ക്രൈസ്തവ വിശ്വാസികളായ ആദിവാസികളെ ശത്രുക്കളായി ചിത്രീകരിക്കുന്നതുമാണ് പ്രസംഗം. ക്രൈസ്തവ പ്രാർത്ഥനയോഗങ്ങൾ അലങ്കോലപ്പെടുത്താനും കായികമായി നേരിടാനും പ്രസംഗത്തിൽ ആഹ്വാനമുണ്ട്. ക്രിസ്തമതം സ്വീകരിക്കുന്ന ആദിവാസികളെ സാമൂഹികമായി ബഹിഷ്‌ക്കരിക്കണമെന്നും അയാൾ പ്രസംഗത്തിൽ പറയുന്നുണ്ട്.
B)ഗാസിയാബാദ്, ഉത്തർപ്രദേശ്:
ഗസിയാബാദിലെ ഷാലിമാർ ഗാർഡനിൽ സമാധാനപരമായി നടന്ന ക്രിസ്ത്യൻ പ്രാർത്ഥനായോഗം ഹിന്ദു രക്ഷാദള്ളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം തടഞ്ഞു. സ്വാകാര്യ ഇടത്ത് നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ ആക്രമകാരികൾ സിസിടിവി ക്യാമറ തിരിച്ചുവെച്ചതിന് ശേഷം മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. 'ഹിന്ദു ഭൂമി' യിൽ ക്രിസ്തുമതം ആചരിക്കുന്നതിന്റെ നിയമസാധുത ചോദ്യം ചെയ്ത ആക്രമകാരികൾ പ്രാർത്ഥനാ ശുശ്രൂഷ നിർത്താൻ ആവശ്യപ്പെട്ട് വിശ്വാസികളെ ഭീഷണിപ്പെടുത്തി.
സത്യനിഷ്ഠ ആര്യ എന്ന് സ്വയം വിശേഷിപ്പിച്ച വ്യക്തി ബൈബിളിനെ അപമാനിച്ചു. ഹിന്ദു ഗ്രന്ഥങ്ങൾ മാത്രമേ പിന്തുടരാവൂ എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മാതാവ് മറിയത്തെ കുറിച്ചു യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും അശ്ലീലവും മോശവുമായ പരാമർശങ്ങൾ നടത്തി. അവിടെ കൂടിയിരുന്ന സ്ത്രീകൾക്ക് നേരെ അശ്ലീലപരാമർശങ്ങൾ നടത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത് അവരെ അപമാനിക്കാനും വർഗീയ വിദ്വേഷം വളർത്താനും ശ്രമിച്ചു.
ശുപാർശകൾ:
A). ക്രിസ്ത്യൻ സമൂഹത്തിനെതിരായ അക്രമങ്ങൾ ഉടൻ നിർത്താൻ ആഹ്വാനം ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.
B). സംസ്ഥാന-കേന്ദ്ര പൊലീസ്, നീതിന്യായ വ്യവസ്ഥ എന്നിവയ്ക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യ മാനദണ്ഡങ്ങളെക്കുറിച്ചും പരിശീലനം നൽകുന്നതിനുള്ള നടപടികൾ പരിഗണിക്കുക.
C). ക്രമസമാധാനം പാലിക്കുന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെങ്കിലും മതപരിവർത്തന നിരോധന നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് ഉപദേശം നൽകണം.
D). എല്ലാ സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ കമ്മീഷനിലെയും അംഗങ്ങളെ സുതാര്യവും പക്ഷപാതരഹിതവുമായ നടപടിക്രമങ്ങളിലൂടെ നിയമിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ ഉറപ്പാക്കണം.
E). ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കും ദലിതർക്കുമെതിരായ എല്ലാ അക്രമണ സംഭവങ്ങൾക്കും എതിരെ നിയമനടപടി സ്വീകരിക്കണം.
F). മതപരിവർത്തന നിരോധന നിയമങ്ങളുള്ള സംസ്ഥാനങ്ങളിൽ അവിഹിതമായ മതപരിവർത്തനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ പരിഹരിക്കുന്നതിനായി മത നേതാക്കൾ, നിയമ വിദഗ്ദ്ധർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവർ തമ്മിലുള്ള ചർച്ചകൾക്കുള്ള അവസരം സൃഷ്ടിക്കുക.
G).വിശ്വാസത്തിന്റെ പേരിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്കും മതപരിവർത്തന നിരോധന നിയമപ്രകാരം തെറ്റായി കുറ്റമാരോപിക്കപ്പെട്ടവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുക. പട്ടികജാതി അംഗത്വം നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമായി മതം ഇനി ഉപയോഗിക്കരുത് എന്നുള്ള ദേശീയ മത-ഭാഷാ ന്യൂനപക്ഷ കമ്മീഷന്റെ ശുപാർശ അടിയന്തിരമായി നടപ്പിലാക്കുക.
Adjust Story Font
16

