കൈക്കുഞ്ഞുമായി ആംബുലൻസിന് വഴിയൊരുക്കി വനിത പൊലീസ്; അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി
ഡ്യൂട്ടിയിൽ ഇല്ലാത്തപ്പോഴാണ് കൈക്കുഞ്ഞുമായി ട്രാഫിക് നിയന്ത്രണത്തിന് ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്

- Published:
24 Jan 2026 6:00 PM IST

അമരാവതി: പൊലീസിനോട് പലരീതിയിലുള്ള വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോഴും അമുദല ജയശാന്തിയുടെ ഈ പ്രവർത്തിക്ക് കൈയ്യടിക്കാതിരിക്കാൻ ആർക്കുമാവില്ല. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രംഗമ്പേട്ട പൊലീസ് സ്റ്റേഷനിലാണ് അമുദല ജയശാന്തി ജോലി ചെയ്യുന്നത്. തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് അമുദല ജയശാന്തി ട്രാഫിക് നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഡ്യൂട്ടിയിലുള്ളപ്പോഴല്ല ഇത് എന്നതും ശ്രദ്ധേയമാണ്.
കാക്കിനാഡ - സാമർലക്കോട്ട റോഡിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട സമയത്താണ് ജയ ശാന്തി അവിടെയെത്തുന്നത്. ആ സമയം അവർ ഡ്യൂട്ടിയിലായിരുന്നില്ല. കൈയ്യിൽ ചെറിയ കുഞ്ഞുമുണ്ടായിരുന്നു. അപ്പോഴാണ് രോഗിയുമായി വന്ന ഒരു ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഉടൻ തന്നെ റോഡിന് നടുവിലിറങ്ങി അവർ വാഹനങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. കുഞ്ഞിനെ ഒരു കൈയ്യിൽ പിടിച്ചുകൊണ്ട് തന്നെ വാഹനങ്ങൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകി അവർ ആംബുലൻസിന് സുഗമമായ പാതയൊരുക്കി.
ജയ ശാന്തിയുടെ ഈ പ്രവർത്തനം വൈറലായതോടെ ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി അനിത വംഗലപുടി ഇവരെ നേരിട്ട് അഭിനന്ദിച്ചു. ജയ ശാന്തിയെയും കുടുംബത്തെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ച മന്ത്രി, അവരെ നേരിട്ട് ആദരിക്കുമെന്നും അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും ജയ ശാന്തിയെ അഭിനന്ദിക്കുകയും ചെയ്തത്. ഒരേസമയം മാതൃത്വവും ഔദ്യോഗിക കടമയും അവർ ഭംഗിയായി നിറവേറ്റി എന്നാണ് ഭൂരിഭാഗം പേരും കുറിക്കുന്നത്.
Adjust Story Font
16
