Quantcast

138 വർഷമായി പാർട്ടിക്ക് മാർഗനിർദേശം നൽകുന്ന സമിതിയാണ്; ഈ അംഗീകാരത്തിൽ അഭിമാനം-ശശി തരൂർ

ജി23 നേതാക്കളിണ്ടായിരുന്ന ശശി തരൂർ, രാജസ്ഥാനിൽ വിമതസ്വരം ഉയർത്തിയ സച്ചിൻ പൈലറ്റ് എന്നിവരെ ഉൾപ്പെടുത്തിയാണു പുതിയ എ.ഐ.സി.സി പ്രവർത്തക സമിതി പ്രഖ്യാപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-20 11:38:41.0

Published:

20 Aug 2023 10:49 AM GMT

Shashi Tharoor says he is honoured to be part of CWC, AICC working committee, CWC, Shashi Tharoor, Congress working committe
X

ശശി തരൂര്‍

ന്യൂഡൽഹി: എ.ഐ.സി.സി പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് ശശി തരൂർ എം.പി. ഈ അംഗീകാരത്തിൽ അഭിമാനിക്കുകയും വിനയാന്വിതനാകുകയും ചെയ്യുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇന്നു പുതിയ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്.

കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് എന്നെ നാമനിർദേശം ചെയ്യാൻ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പാർട്ടി കേന്ദ്ര നേതൃത്വവും തീരുമാനിച്ചതിലൂടെ ഞാൻ ആദരിക്കപ്പെട്ടിരിക്കുകയാണ്. 138 വർഷത്തിലധികമായി പാർട്ടിക്ക് മാർഗനിർദേശം നൽകുന്ന വർക്കിങ് കമ്മിറ്റിയുടെ ചരിത്രപരമായ പങ്കിനെക്കുറച്ച് ധാരണയുള്ള ഒരാളെന്ന നിലയ്ക്ക്, അതിൽ പങ്കാളിയാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു, വിനയാന്വിതനാകുന്നു-തരൂർ ട്വീറ്റ് ചെയ്തു.

സമർപ്പിതമനസ്‌ക്കരായ സഹപ്രവർത്തകർക്കൊപ്പം പാർട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. പാർട്ടിയുടെ ജീവദായകരായ ലക്ഷക്കണക്കിനു പ്രവർത്തകരില്ലാതെ ഞങ്ങളിൽ ആർക്കും ഒന്നും നേടാനാകില്ല. ഇന്നിപ്പോൾ എല്ലാത്തിലുപരി ആ പ്രവർത്തകരെ നമിക്കുകയാണു ഞാൻ. എല്ലാത്തിനെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യയെ ആഗ്രഹിക്കുന്ന എണ്ണമറ്റ ഇന്ത്യക്കാർ നമ്മളിൽനിന്ന് ഏറ്റവും മികച്ച കാര്യങ്ങളാണ് അർഹിക്കുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

മുൻ പ്രസിഡന്റുമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കം 39 പേരാണ് പ്രവർത്തക സമിതിയിലുള്ളത്. തരൂരിനു പുറമെ രാജസ്ഥാനിൽ വിമതസ്വരം ഉയർത്തിയ സച്ചിൻ പൈലറ്റും സമിതിയിൽ ഇടംപിടിച്ചതാണു പ്രധാന വാർത്ത. കേരളത്തിൽനിന്ന് എ.കെ ആന്റണിയും സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സമിതിയിലുണ്ട്. അതേസമയം, കേരളത്തിൽനിന്നുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, സംഘടനാ തെരഞ്ഞെടുപ്പിൽ പരസ്യമായി നേതൃമാറ്റം ആവശ്യപ്പെട്ട മനീഷ് തിവാരി എന്നിവർ സ്ഥിരംക്ഷണിതാക്കളുടെ പട്ടികയിലും ഇടംപിടിച്ചു.

അധിർ രഞ്ജൻ ചൗധരി, അംബിക സോണി, മീരാ കുമാർ, ദിഗ്വിജയ് സിങ്, പി. ചിദംബരം, മുകുൾ വാസ്നിക്, ആനന്ദ് ശർമ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, അഭിഷേക് മനു സിങ്വി, സൽമാൻ ഖുർഷിദ്, ജയ്റാം രമേശ്, രൺദീപ് സിങ് ഹൂഡ, ഗൗരവ് ഗൊഗോയ് തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖർ.

Summary: ''CWC is guiding the party over the last 138 years, I am humbled and grateful to be part of this institution'': Shashi Tharoor

TAGS :

Next Story