Quantcast

'ഭർത്താവ് സ്വന്തം മാതാവിനെ പരിചരിക്കുന്നതും പണം നൽകുന്നതും ഗാർഹിക പീഡനമല്ല'; സ്ത്രീയുടെ ഹരജി തള്ളി കോടതി

മുംബൈയിലെ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

MediaOne Logo

Web Desk

  • Updated:

    2024-02-14 13:12:57.0

Published:

14 Feb 2024 1:08 PM GMT

Husband Giving Time, Money To Mother Is Not Domestic Violence: Court To Woman
X

മുംബൈ: ഭർത്താവ് സ്വന്തം മാതാവിനൊപ്പം സമയം ചെലവഴിക്കുന്നതും അവർക്ക് പണം നൽകുന്നതും ഭാര്യക്കെതിരായ ഗാർഹിക പീഡനമായി കാണാനാവില്ലെന്ന് കോടതി. മുംബൈയിലെ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആശിഷ് അയാചിത് ആണ് മജിസ്‌ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് ഒരു സ്ത്രീ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് നിർണായക നിരീക്ഷണം നടത്തിയത്. സ്ത്രീയുടെ ആരോപണം അവ്യക്തവും അടിസ്ഥാനരഹിതവുമാണെന്ന് കോടതി പറഞ്ഞു.

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ സ്ത്രീ ഭർത്താവ് തനിക്ക് ചെലവിന് തരുന്നില്ലെന്നും തനിക്കായി സമയം ചെലഴിക്കുന്നില്ലെന്നും ആരോപിച്ചാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. മാനസികരോഗിയായ ഭർത്താവ് അത് മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തത്. 1993 മുതൽ 2004 വരെ വിദേശത്തായിരുന്ന ഭർത്താവ് നാട്ടിൽ വരുമ്പോൾ അമ്മയെ സന്ദർശിക്കുകയും വർഷത്തിൽ അവർക്ക് 10,000 രൂപ നൽകുകയും ചെയ്തിരുന്നു. മാതാവിന്റെ കണ്ണ് ഓപ്പറേഷനും ഭർത്താവ് പണം നൽകിയെന്നും യുവതിയുടെ പരാതിയിൽ ആരോപിച്ചിരുന്നു.

എന്നാൽ സ്ത്രീ ഒരിക്കലും തന്നെ ഭർത്താവായി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു എതിർ സത്യവാങ്മൂലത്തിലെ വാദം. അവരുടെ ക്രൂരതകൾ മൂലം കുടുംബകോടതിയിൽ വിവാഹമോചന ഹരജി നൽകിയിട്ടുണ്ട്. തന്റെ എൻ.ആർ.ഐ എക്കൗണ്ടിൽനിന്ന് താൻ അറിയാതെ ഭാര്യ 21.68 ലക്ഷം രൂപ പിൻവലിച്ച് ഫ്‌ളാറ്റ് വാങ്ങിയെന്നും ഭർത്താവ് കോടതിയെ അറിയിച്ചു.

കേസിൽ വിചാരണ നടക്കുന്ന കാലയളവിൽ സ്ത്രീക്ക് ചെലവിനായി മാസത്തിൽ 3,000 രൂപ നൽകണമെന്ന് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. വിചാരണ പൂർത്തിയായതോടെ സ്ത്രീയുടെ ഹരജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി അവർക്ക് അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്താണ് സ്ത്രീ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ ഹരജിക്കാരിയുടെ വാദം അടിസ്ഥാനരഹിതവും അവ്യക്തവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. ഭർത്താവ് വിവാഹമോചന ഹരജി നൽകിയതിന് ശേഷമാണ് സ്ത്രീ കോടതിയെ സമീപിച്ചത്. ഇവർ ഉന്നയിച്ച ആരോപണങ്ങളൊന്നും ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും കോടതി പറഞ്ഞു.

TAGS :

Next Story