Quantcast

അവിഹിതബന്ധത്തെ എതിര്‍ത്തു; ഭാര്യയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    14 Dec 2023 11:14 AM IST

Karnataka Shocker
X

ശ്വേതയും ദര്‍ശനും

ചിക്കമംഗളൂരു: മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം.

ദർശൻ എന്നയാളാണ് പ്രതി. ഗോണിബീഡു പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവവൃന്ദ ഗ്രാമത്തിലെ വസതിയിൽ ഭാര്യ ശ്വേതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ജീവിതം അവസാനിപ്പിച്ചുവെന്ന് കാണിച്ച് ഇതൊരു ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ദര്‍ശന്‍ ശ്രമിച്ചിരുന്നു. പിന്നീട്, ശ്വേതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ശ്വേതയെ കൊന്നതാണെന്ന് യുവതിയുടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നിയിരുന്നു. തങ്ങള്‍ എത്തുന്നതിനുമുമ്പ് സംസ്കാരം നടത്താൻ ദര്‍ശന്‍ ശ്രമിച്ചതോടെയാണ് മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത്. ഹൃദയാഘാതമല്ല മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നത്.

പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ശ്വേതയും ദര്‍ശനും കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നുവെന്നും മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഈയിടെ ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്‍ശന്‍ അടുപ്പത്തിലായി. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ശ്വേത യുവതിയെ വിളിച്ച് ദര്‍ശനുമായി ഭർത്താവുമായുള്ള ബന്ധം തുടരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.ഇതില്‍ പ്രകോപിതനായ ദര്‍ശന്‍ ശ്വേതയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് റാഗി കൊണ്ടുള്ള വിഭവത്തില്‍ സയനൈഡ് ചേര്‍ന്ന് ഭാര്യക്ക് നല്‍കി. ഇതു കഴിച്ചാണ് ശ്വേത മരിച്ചത്.

TAGS :

Next Story