Quantcast

ഗൂഗിൾ മീറ്റിൽ ഞാൻ പൊട്ടിക്കരഞ്ഞു; അപമാനിതനാക്കപ്പെട്ടതു കൊണ്ട് ജോലി ഉപേക്ഷിച്ച ബെംഗളൂരു ടെകിയുടെ ലിങ്ക്ഡിൻ പോസ്റ്റ്

ജോലിയിലെ പ്രകടനം മോശമായതു കൊണ്ടല്ല, വൈകാരികവും മാനസികവുമായുണ്ടായ തകർച്ചയാണ് ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നാണ് യുവാവിന്റെ ലിങ്ക്ഡിൻ പോസ്റ്റിലെ വെളിപ്പെടുത്തൽ.

MediaOne Logo

Web Desk

  • Published:

    3 Jun 2025 3:39 PM IST

ഗൂഗിൾ മീറ്റിൽ ഞാൻ പൊട്ടിക്കരഞ്ഞു; അപമാനിതനാക്കപ്പെട്ടതു കൊണ്ട് ജോലി ഉപേക്ഷിച്ച ബെംഗളൂരു ടെകിയുടെ ലിങ്ക്ഡിൻ പോസ്റ്റ്
X

ബെംഗളൂരു: അമിത ജോലി ഭാരവും നിരന്തരമായ അപമാനവും മൂലം ജോലി രാജി വെക്കേണ്ടി വന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് ലിങ്ക്ഡിനിൽ ചർച്ചാ വിഷയം. ജോലിയിലെ പ്രകടനം മോശമായതു കൊണ്ടല്ല, വൈകാരികവും മാനസികവുമായുണ്ടായ തകർച്ചയാണ് ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നാണ് യുവാവിന്റെ ലിങ്ക്ഡിൻ പോസ്റ്റിലെ വെളിപ്പെടുത്തൽ.

പ്രൊജക്ടിൽ വ്യക്തത ആവശ്യപ്പെട്ടുള്ള ലളിതമായൊരു ചോദ്യത്തോട് പോലും മോശമായ സമീപനമുണ്ടായതോടെ ഓൺലൈനായി നടന്ന കമ്പനി മീറ്റിങ്ങിൽ യുവാവ് പൊട്ടിക്കരയുകയായിരുന്നു. ജോലി സ്ഥലങ്ങളിലെ സമ്മർദവും, ഘടനയില്ലാത്ത ജോലി രീതിയും അമിതമായ ജോലി ഭാരവും കാരണം ജോലി ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തിയല്ല ഇത്. കമ്പനിയുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായതെന്തു സംഭവിച്ചാലും ആളുകൾക്കിടയിൽ ഇരുത്തി അപമാനിതനാക്കുന്നതാണ് രീതി.

'പ്രശംസ ആഗ്രഹിക്കുന്നത് പോലും അതിമോഹമായിപ്പോകും. ആളുകൾക്കിടയിലിരുത്തി അപമാനിക്കാതിരുന്നെങ്കിൽ എന്നതു പോലും അത്യാഗ്രഹമായി കരുതും' എന്ന് ടെക്കിയുടെ വൈകാരികമായ പോസ്റ്റിൽ പറയുന്നു. കമ്പനിയിലെ മാനേജർ അസമയത്ത് വിളിച്ച് ജോലിയെ സംബന്ധിച്ച പ്രശ്‌നങ്ങൾ പറയുകയും കൂടെ ജോലി ചെയ്യുന്നവരെ അടക്കം കുറ്റപ്പെടുത്തിയതായും ജീവനക്കാരൻ വെളിപ്പെടുത്തുന്നു. ഒടുവിൽ ജോലി രാജി വെച്ച് ഇറങ്ങുന്ന സമയം മാനേജർ പ്രതികരിച്ചതിങ്ങനെ:

'മറ്റൊരു ജോലി കണ്ടെത്തുന്നതിനായി ആശംസകൾ, എത്ര കാലം ആ ജോലിയിൽ തുടരുമെന്ന് നമുക്ക് കാണാം.'

പ്രൊഫഷണലുകൾക്കിടയിൽ വലിയ ചർച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ പോസ്റ്റ്. ആളുകൾ ജോലിയല്ല വേണ്ടെന്നു വെക്കുന്നത്. മറിച്ച്, തങ്ങളുടെ അന്തസും ആത്മാഭിമാനവും സുരക്ഷിതമല്ലാത്ത ചുറ്റുപാടാണെന്ന് വായനക്കാർ അഭിപ്രായപ്പെടുന്നു.

'മോശം മാനേജർക്ക്‌ സ്വപ്ന ജോലിയെപോലും നരക തുല്യമാക്കാൻ സാധിക്കും, നല്ല മാനേജരാണെങ്കിൽ എത്ര മോശം ജോലിയും അർഥവത്താക്കാനും. നല്ലൊരു മാനേജരാകാൻ ശ്രമിക്കുക, അങ്ങനെയൊരാൾ വളരെ അപൂർവമാണ്' എന്ന നേതൃ പാടവത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലോടു കൂടിയാണ് യുവാവിന്റെ കുറിപ്പ് അവസാനിക്കുന്നത്.

TAGS :

Next Story