Quantcast

ഇലക്ടറൽ ബോണ്ട്: ‘മണിക്കൂറുകൾ ​കൊണ്ട് നൽകാവുന്ന വിവരങ്ങൾക്കാണ് എസ്.ബി.​​ഐ മാസങ്ങൾ ചോദിക്കുന്നത്’ വിമർശനവുമായി മുൻ ​സുപ്രിം കോടതി ജഡ്ജി

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-03-05 12:42:59.0

Published:

5 March 2024 12:39 PM GMT

Justice Deepak Gupta,SBI,Electoral Bond
X

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം നീട്ടി ചോദിച്ച എസ്.ബി.​​ഐയുടെ നടപടി വിശ്വസനീയമല്ലെന്ന് മുൻ സുപ്രിം കോടതി ജഡ്ജി. ഇലക്​ടറൽ ബോണ്ട് കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചിരുന്ന ബെഞ്ചിന്റെ ഭാഗമായിരുന്ന ദീപക് ഗുപ്തയാണ് എസ്.ബി.ഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദ വയറിന് വേണ്ടി കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ദീപക് ഗുപ്ത എസ്.ബി.ഐയെ വിമർശിക്കുന്നത്.

ഇലക്ടറൽ ബോണ്ട് സ്കീമുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ 2019 ൽ എസ്ബിഐയോട് തന്റെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. അതിനാൽ മൂന്നരമാസം നീട്ടിച്ചോദിച്ച നടപടി ദുരൂഹമാണ്. സുപ്രിം കോടതി പറഞ്ഞ മൂന്നര ആഴ്ചക്കുള്ളിൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തിരഞ്ഞെടുപ്പ് കമീഷന് കൈമാറാൻ ബാങ്കിനാകും. എന്നിട്ടും വിവരങ്ങൾ നൽകാതിരിക്കുന്നത് പരിഹാസ്യമാണ്.

2019 ഏപ്രിലിലെ താനുൾപ്പെടുന്ന ബെഞ്ച് നൽകിയ ഉത്തരവിനെ പരാമർശിച്ച് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ഇലക്ടറൽ ബോണ്ട​ുമായി ബന്ധ​പ്പെട്ട എല്ലാ വിവരങ്ങളും സൂക്ഷിക്കാൻ എസ്.ബി.ഐയോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. അത് സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യതയാണ്. സുപ്രിം കോടതി വെളിപ്പെടുത്താൻ ആവശ്യപ്പെട്ടാൽ എത്രയും​ വേഗം വെളിപ്പെടുത്തുകയാണ് വേണ്ടത്.

എല്ലാ വിശദാംശങ്ങളും ക്രോഡീകരിക്കാൻ കുറച്ച് മണിക്കൂറുകളോ അല്ലെങ്കിൽ ദിവസങ്ങളോ എടുക്കുമായിരിക്കും അതിന് എന്തായാലും മാസങ്ങൾ വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. 44,434 സെറ്റ് വിവരങ്ങളാണ് ഇലക്ടറൽ ബോണ്ടിനെ പറ്റി എസ്.ബി.ഐയിലുണ്ടെന്ന് അവർ തന്നെ വ്യക്തമാക്കിയത്. എന്നാൽ അവരുടെ എല്ലാ ശാഖകളിലുമായി പ്രതിദിനം 44 ദശലക്ഷത്തിലധികം ഫയലുകളാണ് കൈകാര്യം ചെയ്യുന്നതെന്നാണ് അറിവ്. അവരാണ് 44,434 സെറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിന് മാസങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നത്.

രാജ്യ​ത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് അഞ്ചോ ആറോ ദിവസം മുമ്പെങ്കിലും ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ഗുപ്ത പറഞ്ഞു. ഏപ്രിൽ പകുതിയോടെ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ അതിന് മുമ്പ തന്നെ മുഴുവൻ വിവരങ്ങൾ പുറത്തുവരണ്ടേതുണ്ടെന്ന​ും അദ്ദേഹം പറഞ്ഞു.

ഇലക്ടറൽ ബോണ്ടുകളുടെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ആവശ്യപ്പെട്ടിരുന്നു.മാർച്ച് ആറിന് മുമ്പ് വിവരങ്ങളെല്ലാം നൽകണമെന്നായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവ്.

ജൂൺ 30 വരെ തിയതി നീട്ടിത്തരണമെന്നാണ് എസ്.ബി.എ ആവശ്യപ്പെട്ടത്. ഈ മാസം അവസാനത്തോടെ ലോക്സഭ തെരഞ്ഞെട​ുപ്പ് പ്രഖ്യാപിക്കുമെന്ന് വാർത്തകൾ വരുന്നതിനിടയിലാണ് വിവാദമായ ഇലക്ടറൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ എസ്.ബി.എ നീട്ടിച്ചോദിച്ചത്.

2018 മാർച്ചിൽ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് കഴിഞ്ഞ ഫെബ്രുവരി 15 നാണ് സുപ്രിം കോടതി റദ്ദാക്കുന്നത്.രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന അറിയാനുള്ളത് വോട്ടർമാരുടെ അവകാശമാണ്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറൽ ബോണ്ടുകൾ വിവരാവകാശ ലംഘനമാണ്. കള്ളപ്പണം ഇല്ലാതാക്കാനുള്ള വഴി ഇലക്ടറൽ ബോണ്ടുകൾ മാത്രമല്ല. വിവരങ്ങൾ മറച്ചുവെക്കുന്നത് വിവരാവകാശ നിയമത്തിനു എതിരാണെന്ന് വിലയിരുത്തിയാണ് സുപ്രിം കോടതിയുടെ ചരിത്ര വിധി.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായം ക്രമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നയിക്കും. രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായവും സംഭാവനയും ഒരുപോലെ ദോഷകരമാണ്. സ്വകാര്യത കാരണമാക്കി ചില ഇടപാടുകൾക്ക് സംരക്ഷണം നൽകുന്നത് അനുവദിക്കാൻ കഴിയില്ല. വിവരങ്ങളുടെ രഹസ്യാത്മകത രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾക്കും ബാധകമാണ്. പൊതുനയങ്ങളെ സ്വാധീനിക്കുന്ന സംഭാവനകൾക്ക് രാഷ്ട്രീയപാർട്ടികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം നൽകാൻ കഴിയി​ല്ലെന്നും വിധിയിലുണ്ടായിരുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രങ്ങളാണ് ലളിതമായി പറഞ്ഞാൽ ഇലക്ടറൽ ബോണ്ടുകൾ. 2018 ജനുവരി രണ്ടിന് സർക്കാർ വിജ്ഞാപനം ചെയ്ത ഈ പദ്ധതി രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവതരിപ്പിച്ചതാണ്. പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകക്കുള്ള ഇലക‌്ടറല്‍ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം.

ആരാണ് പണം നൽകേണ്ടത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. 2017ൽ അരുണ ജെയ്റ്റ്‍ലിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. പലിശ രഹിതമാണ് എന്നതിന് പുറമേ നിലവിലെ സാഹചര്യത്തിൽ ബോണ്ടുകൾ തിരിച്ചു നൽകി പണം വാങ്ങാനും സാധിക്കില്ല. 2018 മാർച്ച് 18 -നാണ് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്.

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ ബാങ്ക് വഴി നൽകുന്ന സംവിധാനം കള്ളപ്പണം തടയാൻ വേണ്ടിയാണെന്നും സംഭാവന ചെയ്യുന്നവരെ സംരക്ഷിക്കുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ആവശ്യകതയെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ വാദം. എന്നാൽ, ഈ വാദമാണ് സുപ്രീംകോടതി തള്ളിയത്.

ഇലക്ടറൽ ബോണ്ടിനെതിരെ നൽകിയ ഹരജിയിൽ വിധി വരാനെടുത്ത ഏഴ് വർഷത്തിനുള്ളിൽരാഷ്​ട്രിയ പാർട്ടികളുടെ അക്കൗണ്ടിലെത്തിയത് കോടികളാണ്. ശതകോടികളാണ് ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിയുടെ മാത്രം അക്കൗണ്ടിലേക്ക് വന്നതെന്ന് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കിയിരു​ന്നു.

ഏറ്റവും അവസാനത്തെക്കണക്കനുസരിച്ച് 16,518.11 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ വിറ്റഴിച്ചതെന്ന് അവർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതിൽ 2017-2018 നും 2022-2023 നും ഇടയിൽ വിറ്റ 12,008 കോടി രൂപയുടെ മൊത്തം ഇലക്ടറൽ ബോണ്ടുകളിൽ 55 ശതമാനമാണ് ബിജെപി ക്ക് ലഭിച്ചത്. അതായത് 6,564 കോടി രൂപ ബിജെപിക്ക് മാത്രം ലഭിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ അഞ്ച് വർഷത്തിനിടെ വിറ്റ ബോണ്ടുകളിൽ നിന്ന് 1,135 കോടി രൂപ മാത്രമാണ് ​കോൺഗ്രസ് അക്കൗണ്ടിലെത്തിയത്. അതായത് ആകെ തുകയുടെ 9.5% മാത്രം.ഇതേ കാലയളവിൽ തൃണമൂൽ കോൺഗ്രസിന് ലഭിച്ചതാ​കട്ടെ 1,096 കോടി രൂപയുടെ ഇലക്ട്രൽ ബോണ്ടുകളാണ്.

TAGS :

Next Story