നേരത്തെ ഓഫീസിലെത്തിയാൽ നേരത്തെ മടങ്ങാം; വനിത ജീവനക്കാർക്ക് വേണ്ടി പുതിയ പ്രഖ്യാപനം നടത്തി സുനേത്ര പവാർ
മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കുടുംബവും ഔദ്യോഗിക ജീവിതവും ഒരേപോലെ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അവർ പറഞ്ഞു

- Published:
10 March 2026 6:09 PM IST

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് വേണ്ടി പുത്തൻ പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി സുനേത്രപവാർ. ചൊവ്വാഴ്ച നടത്തിയ തന്റെ കന്നി പ്രസംഗത്തിലാണ് പുത്തൻ പദ്ധതി അവതരിപ്പിച്ചത്. ജോലിക്ക് നേരത്തെ വരികയും നേരത്തെ പോവുകയും ചെയ്യാവുന്ന (Come early and go early) പുതിയ പദ്ധതിയാണ് അവർ നിയമസഭയിൽ അവതരിപ്പിച്ചത്.
മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കുടുംബവും ഔദ്യോഗിക ജീവിതവും ഒരേപോലെ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അവർ പറഞ്ഞു. ഓഫീസിലെ സാധാരണ സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്. പുതിയ പദ്ധതി പ്രകാരം സ്ത്രീകൾ 9 മണിക്ക് വന്നാൽ അവർക്ക് അഞ്ച് മണിക്ക് പോവാം. ഇതിലൂടെ സ്ത്രീകൾക്ക് വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും തിരക്കുകളിൽ നിന്ന് ആശ്വാസം നേടാനും കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടി.
കന്നി പ്രസംഗത്തിനിടെ അവർ വികാരാധീനയായി. അടുത്തിടെ വിമാനാപകടത്തിൽ അന്തരിച്ച ഭർത്താവും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ കുറിച്ച് പറയുമ്പോഴാണ് വികാധീനയായത്. അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് എൻ.സി.പി അധ്യക്ഷയായും ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റ ശേഷം നിയമസഭയിൽ അവർ നടത്തുന്ന ആദ്യ പ്രസംഗമായിരുന്നു ഇത്.
'മഹാരാഷ്ട്രയിലെ സഹോദരിമാർക്കും മക്കൾക്കും ഈ പദ്ധതി വലിയ ആശ്വാസമായിരിക്കും.രാഷ്ട്രീയത്തിൽ താൻ പുതിയതാണെന്നും എന്നാൽ, കാര്യങ്ങൾ പഠിച്ചുവരികയാണെന്നും സുനേത്ര പവാർ കൂട്ടിച്ചേർത്തു. കർഷകരുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പോസിറ്റീവായ നിലപാട് സ്വീകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
Adjust Story Font
16
