Quantcast

75ാം സ്വാതന്ത്ര്യ വാർഷികാഘോഷ നിറവിൽ രാജ്യം

രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും

MediaOne Logo

Web Desk

  • Published:

    15 Aug 2022 12:47 AM GMT

75ാം സ്വാതന്ത്ര്യ വാർഷികാഘോഷ നിറവിൽ രാജ്യം
X

75ആമത് സ്വാതന്ത്ര്യ വാർഷികാഘോഷ നിറവിൽ രാജ്യം. രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തും. ചെങ്കോട്ടയും പരിസര പ്രദേശങ്ങളും അലങ്കരിച്ചിരിക്കുകയാണ്. ഭീകരാക്രമണ മുന്നറിയിപ്പുള്ളതിനാൽ അതീവ സുരക്ഷയിലാണ് രാജ്യം. 10,000ൽ അധികം പൊലീസുകാരെ ഡൽഹിയിൽ മാത്രം വിന്യസിച്ചിട്ടുണ്ട്.

അതോടൊപ്പം ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിനിലൂടെ വീടുകളിലും വജ്ര ജൂബിലി ആഘോഷത്തിന്റെ അന്തരീക്ഷം ഒരുക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി. കേന്ദ്രമന്ത്രിമാർ, എംപിമാർ, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി.

ഒഡീഷയിലെ ഭുനേശ്വറിൽ ഒരു കിലോമീറ്റർ നീളമുള്ള ദേശീയ പതാകയുമായി ആസാദി കാ അമൃത് മഹോത്സവ് റാലി നടന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ സംഘടിപ്പിച്ച തിരംഗ റാലി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഫ്ലാഗ് ഓഫ് ചെയ്തു. ശ്രീനഗറിലെ ദാൽ തടാകത്തിൽ തിരംഗ ശിക്കാര റാലി നടന്നു. ഉത്തരാഖണ്ഡിൽ 14,000 അടി ഉയരത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് പതാക ഉയർത്തി. ഛത്തീസ്ഗഡിലെ റായ്പൂരിൽ 1000 സിആർപിഎഫ് ജവാൻമാർ പങ്കെടുത്ത ത്രിവർണ ബൈക്ക് റാലി നടന്നു. അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷനില്‍ നിന്ന് നാസ ഉൾപ്പെടെയുള്ള ബഹിരാകാശ ഗവേഷണ ഏജൻസികൾ ആസാദി കാ അമൃത് മഹോത്സവത്തിന് ആശംസകൾ നേർന്നു.

ഇന്ന് സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടക്കും. ഒന്‍പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാജ്ഭവനിലും നിയമസഭാങ്കണത്തിൽ സ്പീക്കർ എം.ബി രാജേഷും പതാക ഉയർത്തും. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.

കെപിസിസി ആസ്ഥാനത്ത് മുതിർന്ന നേതാക്കളായ എ.കെ ആന്റണി , രമേശ് ചെന്നിത്തല, പ്രസിഡന്‍റ് കെ സുധാകരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പതാക ഉയർത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും 75 സേവാദൾ വളണ്ടിയർമാരുടെ നേതൃത്വത്തിൽ കെപിസിസിയിലേക്ക് പദയാത്ര നടത്തും. വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ശേഷം കെ സുധാകരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകും.

TAGS :

Next Story