Quantcast

അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിൽ മുസ്‌ലിം സ്ഥാനാർഥിക്ക് ജയം

അയോധ്യയിലെ ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മികച്ച ഉദാഹരണമാണ് തന്റെ വിജയമെന്ന് സുൽത്താൻ അൻസാരി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 May 2023 9:59 AM GMT

Independent Muslim candidate wins Hindu-dominated ward in Ayodhya
X

അയോധ്യ: അയോധ്യയിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിൽ മുസ്‌ലിം സ്വതന്ത്ര സ്ഥാനാർഥിക്ക് അപ്രതീക്ഷിത ജയം. രാമജന്മഭൂമി ക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാന വ്യക്തിത്വത്തിന്റെ പേരിലുള്ള രാം അഭിറാം ദാസ് വാർഡിൽ പ്രാദേശിക നേതാവായ സുൽത്താൻ അൻസാരിയാണ് വിജയിച്ചത്. ആകെയുള്ള 60 വാർഡുകളിൽ 27 വാർഡുകളിലും വിജയിച്ച ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എസ്.പി 17 വാർഡിലും സ്വതന്ത്രർ 10 വാർഡിലും വിജയിച്ചു.

''അയോധ്യയിലെ ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന്റെയും ഇരു സമുദായങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മികച്ച ഉദാഹരണമാണിത്. ഞങ്ങളുടെ ഹിന്ദു സഹോദരങ്ങളിൽനിന്ന് ഒരു പക്ഷപാതവും ഉണ്ടായിരുന്നില്ല, മാത്രമല്ല അവർ എന്നെ മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളായി കണക്കാക്കിയിട്ടില്ല. അവർ എന്നെ പിന്തുണക്കുകയും എന്റെ വിജയം ഉറപ്പാക്കുകയും ചെയ്തു''-അൻസാരി പറഞ്ഞു.

രാമജന്മഭൂമിയുടെ മുറ്റത്ത് സ്ഥിതിചെയ്യുന്ന ഈ വാർഡിൽ 440 മുസ്‌ലിം വോട്ടർമാരാണുള്ളത്. ഇത് മൊത്തം വോട്ട് വിഹിതത്തിന്റെ 11 ശതമാനം മാത്രമാണ്. തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 2388 വോട്ടിൽ 42 ശതമാനം വോട്ടുകൾ നേടിയാണ് അൻസാരി വിജയിച്ചത്. മറ്റൊരു സ്വതന്ത്രസ്ഥാനാർഥിയായ നാഗേന്ദ്ര മാഞ്ചിയെ 442 വോട്ടുകൾക്കാണ് അൻസാരി പരാജയപ്പെടുത്തിയത്. ബി.ജെ.പിക്ക് മൂന്നാം സ്ഥാനമാണ് കിട്ടിയത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഹിന്ദു സഹോദരങ്ങൾ എല്ലാ പിന്തുണയും നൽകിയെന്ന് അൻസാരി പറഞ്ഞു. ഏറെക്കാലമായി രാം അഭിറാം ദാസ് വാർഡിൽ താമസിക്കുന്ന തനിക്ക് ഇവിടത്തെ ജനങ്ങളെ വ്യക്തമായി അറിയാം. തന്റെ പൂർവികർ 200 വർഷത്തോളമായി ഇവിടെ താമസിക്കുന്നവരാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ തന്റെ ഹിന്ദു സുഹൃത്തുക്കൾ പൂർണഹൃദയത്തോടെ പിന്തുണക്കുകയും മുന്നോട്ട് പോകാൻ ധൈര്യം നൽകുകയും ചെയ്‌തെന്നും അൻസാരി വ്യക്തമാക്കി.

രാമക്ഷേത്രത്തിന്റെ പേരിലാണ് അയോധ്യ ലോകത്ത് അറിയപ്പെടുന്നത്. എന്നാൽ ഈ മതപരമായ നഗരം ഹിന്ദുക്കൾക്ക് എന്നപോലെ മുസ്‌ലിംകൾക്കും പുണ്യമാണ്. ഇവിടെ നിങ്ങൾക്ക് ധാരാളം മസ്ജിദുകൾ കാണാം, കൂടാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്‌ലിം സൂഫികളുടെ ശവകുടീരങ്ങളും ഇവിടെയുണ്ട്-ബിസിനസുകാരനായ സൗരഭ് സിങ് പറഞ്ഞു.

TAGS :

Next Story