Quantcast

'പക്ഷപാതപരമായി പെരുമാറുന്നു': രാജ്യസഭ ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തിന് 'ഇൻഡ്യ' ഒറ്റക്കെട്ട്

'ഇൻഡ്യ'ക്കുള്ളിൽ അസ്വസ്ഥതകളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധന്‍ഘഡിനെതിരെ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ സഖ്യം ഒറ്റക്കെട്ടായി പിന്തുണക്കാനൊരുങ്ങുന്നത്.

MediaOne Logo

Web Desk

  • Published:

    9 Dec 2024 2:21 PM GMT

പക്ഷപാതപരമായി പെരുമാറുന്നു: രാജ്യസഭ ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തിന് ഇൻഡ്യ ഒറ്റക്കെട്ട്
X

ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' ഒറ്റക്കെട്ടെന്ന് റിപ്പോർട്ട്. 'ഇൻഡ്യ'ക്കുള്ളിൽ അസ്വസ്ഥതകളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധന്‍ഘഡിനെതിരെ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ സഖ്യം ഒറ്റക്കെട്ടായി പിന്തുണക്കാനൊരുങ്ങുന്നത്.

ഉപരിസഭയിൽ പക്ഷപാതപരമായി ജഗദീപ് ധന്‍ഘഡ് പെരുമാറുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം.

കോണ്‍ഗ്രസുമായി അത്ര രസത്തിലല്ലാത്ത മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, അരവിന്ദ് കെജ്‌രിവാളിൻ്റെ ആം ആദ്മി പാർട്ടി, അഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാർട്ടി എന്നിവയുൾപ്പെടെ 'ഇന്‍ഡ്യ' സഖ്യത്തിലെ എല്ലാ പാർട്ടികളും പ്രമേയത്തിൽ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണഘടനയുടെ ആർട്ടിക്കിൾ 67 (ബി) പ്രകാരമാണ് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിക്കുന്നത്. ഉപരാഷ്ട്രപതിയെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ ഉള്‍പ്പെടുന്ന ഭരണഘടനാഭാഗമാണ് 67 (ബി) അനുച്ഛേദം.

രാജ്യസഭാ ചെയർമാനുമായി ഒന്നിലധികം വിഷയങ്ങളിൽ പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പുണ്ട്. പ്രതിപക്ഷത്തിന്റെ പ്രസംഗങ്ങള്‍ ഇടയ്ക്കിടെ തടസ്സപ്പെടുത്തുകയും നിര്‍ണായക വിഷയങ്ങളില്‍ മതിയായ സംവാദം അനുവദിക്കാതിരിക്കുകയും തര്‍ക്ക ചര്‍ച്ചകളില്‍ ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം.

രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് അമേരിക്കന്‍ കോടീശ്വരനായ ജോർജ്ജ് സോറോസുമായി ഉന്നത കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന ബിജെപിയുടെ ആരോപണവും അതില്‍ ദന്‍ഘഡ് എടുത്ത നിലപാടുമാണ് ഏറ്റവും ഒടുവിലത്തേത്. വിഷയത്തില്‍ ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധിച്ചപ്പോള്‍, അവര്‍ക്ക് അനുകൂലമായ നിലപാടാണ് ചെയര്‍ സ്വീകരിച്ചത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സഭയിൽ വിഷയം ചർച്ച ചെയ്യണമെന്നും ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസുകള്‍ തള്ളുകയും ഭരണകക്ഷി അംഗങ്ങൾക്ക് വിഷയം ഉന്നയിക്കാൻ അനുവാദം നല്‍കുകയും ചെയ്യുന്ന ചെയറിന്റെ നിലപാടിനെ ചോദ്യം ചെയത് മല്ലികാർജുൻ ഖാർഗെയും മറ്റ് കോൺഗ്രസ് നേതാക്കളായ ജയറാം രമേശും പ്രമോദ് തിവാരിയും രംഗത്ത് എത്തുകയും ചെയ്തിരുന്നു.

TAGS :

Next Story