Quantcast

ഇന്‍ഡ്യ മുന്നണി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ; ഉദയനിധിയുടെ സനാതന ധർമ പരാമർശത്തിൽ നേതാക്കൾ അതൃപ്തി അറിയിക്കും

ശരത് പവാറിന്‍റെ വസതിയിൽ വൈകിട്ട് നാല് മണിക്കാണ് യോഗം

MediaOne Logo

Web Desk

  • Published:

    13 Sep 2023 8:29 AM GMT

coordination committee
X

ഇന്‍ഡ്യ മുന്നണിയിലെ നേതാക്കള്‍

ഡല്‍ഹി: ഇന്‍ഡ്യ മുന്നണി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ഡൽഹിയിൽ . ശരത് പവാറിന്‍റെ വസതിയിൽ വൈകിട്ട് നാല് മണിക്കാണ് യോഗം. പൊതു സ്ഥാനാർഥിയെ നിർത്തുന്നത് , പ്രചാരണം അടക്കമുള്ള കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്യും.

അഞ്ച് നഗരങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലി നടത്താനാണ് ആലോചന. ചെന്നൈ, ഗുവാഹത്തി, ഡൽഹി, പറ്റ്ന, നാഗ്പൂർ എന്നിവിടങ്ങളിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയാകും റാലികൾ. ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ പരാമർശത്തിൽ നേതാക്കൾ അതൃപ്തി അറിയിക്കും.

ഇന്‍ഡ്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ആദ്യ റാലി സംഘടിപ്പിക്കുന്നതിനുള്ള സ്ഥലവും സമയവും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെയും ലോക്സഭയിലെയും സീറ്റ് വിഭജനം ചർച്ചയാകും. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാവശ്യമായ നിർദേശങ്ങൾ ഇന്‍ഡ്യ മുന്നണി നൽകുമെന്നു സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു.

28 പാർട്ടികളിൽ 14 പാർട്ടികളുടെ പ്രതിനിധികളാണ് ഇന്‍ഡ്യ ബ്ലോക് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്.ടി.എം.സി പ്രതിനിധി അഭിഷേക് ബാനർജി അധ്യാപക നിയമന അഴിമതി കേസിലെ ഇ ഡി ചോദ്യം ചെയ്യലിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കില്ല. കോഡിനേഷൻ കമ്മിറ്റി യോഗ ദിവസം തന്നെ ഇഡി വിളിപ്പിച്ചത് ഇന്‍ഡ്യ മുന്നണിയെ ദുർബലപ്പെടുത്താൻ ഉള്ള നീക്കം ആണെന്ന് ടി.എം.സി ആരോപിച്ചു. ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ ലലന്‍ സിംഗും യോഗത്തിൽ പങ്കെടുക്കില്ല.

ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മ പരാമർശം അനവസരത്തിലായെന്നും ബി.ജെ.പിക്ക് ആയുധം കൊടുത്തെന്നുമാണ് മുന്നണിയിലെ വിഷയത്തിലെ പൊതു വിലയിരുത്തൽ. പരാമർശത്തിനെതിരെ മഹാരാഷ്ട്രയിലെ മീരാ റോഡ് പൊലീസും ഉദയനിധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

TAGS :

Next Story