അഫ്ഗാനില്‍ യുദ്ധം രൂക്ഷം: പ്രത്യേക വിമാനത്തില്‍ മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം
മസാറെ ശരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് നിർദേശം നൽകിയത്

അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലെ സംഘര്‍ഷം രൂക്ഷമാകവേ മസാറെ ശരീഫിൽ നിന്ന് എത്രയും വേഗം തിരിച്ചെത്താന്‍ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം. വടക്കൻ അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് ലക്ഷ്യമാക്കിയാണ് തങ്ങൾ നീങ്ങുന്നതെന്ന് താലിബാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രത്യേക വിമാനത്തില്‍ തിരികെവരാനാണ് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടത്. മസാറെ ശരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇന്ന് വൈകീട്ടാണ് ഡൽഹിയിലേക്ക് പ്രത്യേക വിമാനം പുറപ്പെടുക. മസാറെ ശരീഫിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരോട് തിരികെവരാനാണ് നിര്‍ദേശം നല്‍കിയത്. മസാറെ ശരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ഒഴിപ്പിക്കുകയും ചെയ്തു.
രേഖകള്‍ പ്രകാരം 1500 ഇന്ത്യക്കാരാണ് അഫ്ഗാനിസ്താനിലുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പേരും പാസ്പോര്‍ട് നമ്പറും അറിയിക്കാന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കാണ്ഡഹാറിലെ കോൺസുലേറ്റിൽ നിന്ന് 50ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ഇന്ത്യ പിൻവലിച്ചിരുന്നു. ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവും നൽകി.
കൂടുതൽ പ്രവിശ്യകൾ കീഴടക്കിയെന്ന് അഫ്ഗാന്‍ അവകാശപ്പെട്ടു. കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ച് പ്രവിശ്യകളാണ് താലിബാന്‍ പിടിച്ചെടുത്തത്. വടക്കൻ അഫ്ഗാനിലെ സമൻഗൻ പ്രവിശ്യ തലസ്ഥാനമായ ഐബക് നഗരമാണ് ഒടുവിൽ താലിബാൻ സേന കീഴടക്കിയത്.
Adjust Story Font
16

